Sports (Page 169)

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് റദ്ദാക്കിയതിനെത്തുടര്‍ന്നുണ്ടായ ഇംഗ്ലീഷ് ക്രിക്കറ്റിന്റെ നഷ്ടം നികത്താന്‍ പരിഹാര മാര്‍ഗ്ഗവുമായി ബി.സി.സി.ഐ. ഒരു ടെസ്റ്റിന് പകരം രണ്ട് ട്വന്റി20 മത്സരങ്ങള്‍ കളിക്കാമെന്ന് ബി.സി.സി.ഐ. ഇംഗ്ലണ്ടിനെ അറിയിച്ചു.

ഓള്‍ഡ് ട്രാഫോര്‍ഡ് ടെസ്റ്റ് റദ്ദാക്കിയതിലൂടെ ഉണ്ടായ നഷ്ടം ഈ രണ്ട് ട്വന്റി20 മത്സരങ്ങള്‍ കൊണ്ട് മറികടക്കാമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇതുസംബന്ധ ചര്‍ച്ച നടക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അടുത്ത ജൂലൈയില്‍ ഞങ്ങള്‍ ഇംഗ്ലണ്ട് സന്ദര്‍ശിക്കുമ്പോള്‍ രണ്ട് അധിക ടി20 കളിക്കാന്‍ തയാറാണ്, പരമ്പരയില്‍ നേരത്തെ നിശ്ചയിച്ച മൂന്നു ട്വന്റി20ക്ക് പകരം അഞ്ചു ട്വന്റി20 കളിക്കും, ഇനി തീരുമാനിക്കേണ്ടത് അവരാണെന്ന് ഷാ വ്യക്തമാക്കി. അടുത്തവര്‍ഷം ഇന്ത്യന്‍ ടീം ഏകദിന, ട്വന്റി20 ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ട്.

കോട്ടയം: സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നു വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി. സിപിഐ എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെ പെരുമാറുന്നുവെന്നും ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നുമില്ലെന്നാണ് ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല, മുന്നണിയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്ന് സി പി ഐയ്ക്ക് പേടിയുണ്ടെന്നും, അനാവശ്യ വിവാദമുണ്ടാക്കാന്‍ വേണ്ടിയാണ് സിപിഐയുടെ അവലോകന റിപ്പോര്‍ട്ട് എന്നും ജോസ് കുറ്റപ്പെടുത്തി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ലെന്നും ജോസ് വിഭാഗം ആരോപിക്കുന്നു. ഇതു സംബന്ധിച്ച് കേരള കോണ്‍ഗ്രസ് (എം) എല്‍ ഡി എഫിന് പരാതി നല്‍കും.

നേരത്തെ, ജോസ് കെ മാണി ജനകീയനല്ലെന്നും, കേരള കോണ്‍ഗ്രസ് (എം)ന്റെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്നും സിപിഐയുടെ അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചു. 2011ല്‍ ടെസ്റ്റില്‍നിന്നും 2019ല്‍ ഏകദിനത്തില്‍നിന്നും മലിംഗ വിരമിച്ചിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു. അടുത്ത സീസണില്‍ താരം കളത്തിലുണ്ടാകില്ല.

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ്. ആക്ഷന്‍ കൊണ്ടും ശ്രദ്ധേയമായ മലിംഗയുടെ യോര്‍ക്കറുകള്‍ ബാറ്റ്സ്മാന്മാരെ വിറപ്പിച്ചിരുന്നു. ട്വന്റി20 ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് മുപ്പത്തെട്ടുകാരന്‍. 295 മത്സരങ്ങളില്‍ 390 വിക്കറ്റെടുത്തു. 19.68 ആയിരുന്നു ബൗളിങ് ശരാശരി.

രാജ്യാന്തര ട്വന്റി20യില്‍ 83 മത്സരങ്ങളില്‍ 107 വിക്കറ്റ് നേടിയിട്ടുണ്ട്. 2014ലെ ട്വന്റി20 ലോകകപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ചു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം അഞ്ചു കിരീടങ്ങളില്‍ പങ്കാളിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു അവസാന രാജ്യാന്തര മത്സരം. സോഷ്യല്‍ മീഡിയയിലൂടെയാണ് മലിംഗ വിരമിക്കല്‍ പ്രഖ്യാപിച്ചത്

അബുദാബി: താലിബാന്റെ പിടിയിലായ അഫ്ഗാനില്‍ നിന്നും ക്രിക്കറ്റ് താരങ്ങള്‍ യുഎഇയിലെത്തി. ഐ.പി.എല്‍ മത്സരങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാവാനാണ് അഫ്ഗാന്‍ താരങ്ങള്‍ യുഎഇയിലെത്തിയത്.

അഫ്ഗാന്‍ താരങ്ങളായ റഷീദ് ഖാനും മുഹമ്മദ് നബിയുമാണ് യു.എ.ഇയില്‍ എത്തിയത്. യു.എ.ഇയില്‍ എത്തിയ താരങ്ങള്‍ ക്വാറന്റീനില്‍ ആണെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് വൃത്തങ്ങള്‍ അറിയിച്ചു.

കൂടാതെ അഫ്ഗാനിസ്ഥാനില്‍ നിലവിലെ സാഹചര്യത്തില്‍ ഇരു താരങ്ങളുടെയും കുടുംബങ്ങളെയും സണ്‍റൈസേഴ്സ് ഹൈദരാബാദ് മാനേജ്മന്റ് പരിപാലിക്കുമെന്നും ടീമിനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

സെപ്റ്റംബര്‍ 19ന് ദുബായില്‍ വെച്ച് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തോടെയാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടം ആരംഭിക്കുക.

ദുബായ്: ഐപിഎല്‍ മത്സരങ്ങള്‍ക്കായി മുംബൈ ഇന്ത്യന്‍സ് ഉപദേഷ്ടാവ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ യുഎഇയിലെത്തി. പതിനാലാം സീസണിന്റെ രണ്ടാംഘട്ടത്തിനായി സച്ചിന്‍ യുഎഇയില്‍ വിമാനമിറങ്ങിയെന്ന് മുംബൈ ഇന്ത്യന്‍സ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ജസ്പ്രീത് ബുമ്ര, ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ കുടുംബത്തോടൊപ്പം ഇന്നലെ യുഎഇയിലെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിനു ശേഷമാണ് മൂവരും യുഎഇയില്‍ എത്തിയത്. മുംബൈക്കൊപ്പം ചേരും മുമ്പ് ആറ് ദിവസത്തെ ക്വാറന്റീനിലാണ് താരങ്ങള്‍. അബുദാബിയില്‍ എത്തിയ ശേഷം നടത്തിയ കൊവിഡ് പരിശോധനയില്‍ മൂവരുടേയും ഫലം നെഗറ്റീവാണ്.

ദുബായില്‍ സെപ്റ്റംബര്‍ 19ന് ഐപിഎല്‍ 14-ാം സീസണിന്റെ രണ്ടാംഘട്ടത്തിന് തുടക്കമാകും. മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തോടെയാണ് രണ്ടാംഘട്ട മത്സരങ്ങള്‍ ആരംഭിക്കുക.

എട്ട് മത്സരങ്ങളില്‍ 12 പോയിന്റുമായി ഡല്‍ഹി കാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 10 പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എട്ട് പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ആറ് പോയിന്റ് വീതമുള്ള രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്സുമാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴാമതും രണ്ട് പോയിന്റുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് എട്ടാമതുമാണ്.

ലണ്ടന്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഉപേക്ഷിച്ച ഇന്ത്യ-ഇംഗ്ലണ്ട് തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ജേതാക്കളെ നിര്‍ണയിക്കണമെന്ന് ആവശ്യപ്പെട്ട് ഇംഗ്ലണ്ട് ആന്‍ഡ് വേയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിച്ചു. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും ബോര്‍ഡുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇ.സി.ബി അധികൃതര്‍ ഐ.സി.സിയെ സമീപിച്ചിരിക്കുന്നത്.

നാലു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. എന്നാല്‍ അഞ്ചാം ടെസ്റ്റ് അടിയറവ് വച്ച് പരമ്പര 2-2ന് സമനിലയിലായതായി സമ്മതിച്ച് മത്സരത്തില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിക്കാനായിരുന്നു ഇ.സി.ബി ആവശ്യപ്പെട്ടത്. ഇതിനോട് ബി.സി.സി.ഐക്ക് സമ്മതമായിരുന്നില്ല.

കൊവിഡിന്റെ കാരണം പറഞ്ഞ് മത്സരം റദ്ദാക്കിയാല്‍ ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ കളിക്കാരുടെ നിസഹകരണം ഔദ്യോഗികമായി പറഞ്ഞ് പിന്മാറണമെന്ന ഇ.സി.ബിയുടെ ആവശ്യവും ഇന്ത്യ തള്ളി. ഏറ്റവും അടുത്ത സമയത്തുതന്നെ ഇംഗ്ലണ്ടുമായി പകരം ഒരു ടെസ്റ്റ് കളിക്കാമെന്ന് ബി.സി.സി.ഐ അറിയിച്ചെങ്കിലും അതിലും സമവായമായിരുന്നില്ല.

കളിക്കാര്‍ക്ക് ബയോ ബബിള്‍ സംവിധാനം ഒരുക്കുന്നതില്‍ ഉള്‍പ്പടെ ഇ.സി.ബി പരാജയപ്പെട്ടതായി ബി.സി.സി.ഐ ആരോപിച്ചിരുന്നു. ഗാലറിയില്‍ നിന്ന് തുടര്‍ച്ചയായി പിച്ചിലേക്ക് ആള്‍ പ്രവേശിക്കുന്നത് തടയാന്‍ പോലും ഇ.സി.ബിക്ക് കഴിയാത്ത സാഹചര്യത്തിലാണ് താരങ്ങള്‍ ഭയപ്പാടോടെ പിന്മാറാന്‍ തീരുമാനിച്ചതെന്നായിരുന്നു ബി.സി.സി.ഐ മേധാവികള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയത്.

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി റഷ്യയുടെ ഡാനില്‍ മെദ്വദേവിന് കിരീടം. തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ഡാനില്‍ മെദ്വദേവ് സ്വന്തമാക്കിയിരിക്കുന്നത്.

മത്സരത്തില്‍ പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച മെദ് വദേവ് ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നല്‍കിയില്ല. സ്‌കോര്‍ 6 – 4, 6 – 4, 6 – 4. കിരീടം നേടിയാല്‍ 21 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന ടെന്നീസിലെ ചരിത്ര നേട്ടം ജോക്കോവിച്ചിനെ തേടി എത്തുമായിരുന്നു. തോല്‍വിക്ക് ശേഷം കണ്ണീരോടെയാണ് സെര്‍ബിയന്‍ താരം കളം വിട്ടത്.

എന്നാല്‍, 2019 യുഎസ് ഓപ്പണ്‍ ഫൈനലില്‍ റഫാല്‍ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവില്‍ കൈവിട്ട കിരീടം മെദ്‌വദേവ് ഇത്തവണ അനായാസം സ്വന്തമാക്കുകയായിരുന്നു.

ന്യൂഡല്‍ഹി: ഒരു ഉപദേശകന്‍ വേണമെന്ന ചിന്ത ഒറ്റ രാത്രി കൊണ്ട് എങ്ങനെ ഉണ്ടായതാണെന്ന് ധോണിയുടെ നിയമനത്തിനെതിരെ ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. ധോണിയെ ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ഉപദേശകനായി നിയമിക്കാനുള്ള തീരുമാനം ചോദ്യം ചെയ്താണ് അജയ് ജഡേജയുടെ പ്രതികരണം.

ധോണിയെ ഉപദേശകനാക്കിയ തീരുമാനം ഇതുവരെ മനസിലായിട്ടില്ല. ഇതിന് പിന്നിലെ അവരുടെ ചിന്ത എന്താണ് എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഞാന്‍ ധോണിയെ കുറിച്ചല്ല പറയുന്നത്. ധോണിയുടെ അറിവ് എത്ര മാത്രമെന്നോ, എത്രത്തോളം ധോണിയെ ഉപയോഗിക്കാന്‍ സാധിക്കുമെന്നോ ഒന്നുമല്ല ഞാന്‍ പറയുന്നത്. എന്തിന് ഇത് ചെയ്തു എന്ന ചോദ്യമാണ് ഉയരുന്നതെന്ന് അജയ് ജഡേജ പറഞ്ഞു.

തന്നേക്കാള്‍ വലിയ ആരാധകന്‍ ധോണിക്കില്ലെന്നും, വിരമിക്കുന്നതിന് മുമ്പ് തന്നെ അടുത്ത നായകനെ തീരുമാനിച്ച താരമാണ് ധോണി, എന്നാല്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതേക്ക് ഇന്ത്യയെ എത്തിച്ച പരിശീലകനാണ് ഇപ്പോഴുള്ളത്. പിന്നെ ഒരൊറ്റ രാത്രിയില്‍ എങ്ങനെയാണ് മെന്റര്‍ വേണമെന്ന ചിന്ത ഉദിച്ചത്. ഈ ചിന്ത എന്നെ അത്ഭുതപ്പെടുത്തുന്നതായും അജയ് ജഡേജ വ്യക്തമാക്കി.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടീമിന്റെ ഉപദേശകനായി ധോണിയേയും പ്രഖ്യാപിച്ചത്. ആരാധകര്‍ വലിയ ആവേശത്തോടെയായിരുന്നു തീരുമാനത്തെ സ്വീകരിച്ചത്.

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിത വിഭാഗം സിംഗിള്‍സ് കിരീടം എമ്മ റാഡുകാനുവിന്. 73-ാം റാങ്കുകാരിയായ കാനഡയുടെ ലൈല ഫെര്‍ണാണ്ടസിനെയാണ് 150-ാം റാങ്കുകാരിയായ എമ്മ കീഴടക്കിയത്. ലൈലയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് എമ്മ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 6-3.

44 വര്‍ഷത്തിനിടെ ഗ്രാന്‍ഡ്സ്ലാം നേടുന്ന ആദ്യ ബ്രിട്ടീഷ് വനിതയാണ് എമ്മ. 1977ല്‍ വിംബിള്‍ഡനില്‍ ജേതാവായ വിര്‍ജീനിയ വെയ്ഡിന് ശേഷം ഒരു ബ്രിട്ടീഷ് വനിത പോലും ഗ്രാന്‍ഡ്സ്ലാം ജേതാവായിട്ടില്ല. വെയ്ഡിന് (1968) ശേഷം യു.എസ് ഓപണില്‍ മുത്തമിടുന്ന ആദ്യ ബ്രിട്ടീഷ് താരവുമാണ് എമ്മ.

1999 യു.എസ് ഓപണില്‍ കണ്ട സെറീന വില്യംസ് (17)-മാര്‍ട്ടിന ഹിംഗിസ് (18) കൗമാര ഫൈനലിന് ശേഷം ഇതാദ്യമായായിരുന്നു കൗമാര ഫൈനലിന് ടെന്നീസ് കോര്‍ട്ട് സാക്ഷ്യം വഹിച്ചത്.

സെറീനക്ക് ശേഷം യു.എസ് ഓപ്പണില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് എമ്മ. സെറീനക്ക് (2014) ശേഷം ഒരുസെറ്റ് പോലും നഷ്ടപ്പെടാതെ യു.എസ് ഓപ്പണില്‍ ജേതാവാകുന്ന താരം കൂടിയാണ് എമ്മ.

എമ്മയുടെ തിളക്കമാര്‍ന്ന വിജയത്തെ അഭിനന്ദിച്ച് എലിസബത്ത് രാജ്ഞി രംഗത്തെത്തിയിരുന്നു. എമ്മയെ അഭിനന്ദിച്ചുകൊണ്ട് ഒരു തുറന്ന കത്താണ് രാജ്ഞി എഴുതിയത്. നിന്റെ അര്‍പ്പണബോധത്തിനും കഠിനാദ്ധ്വാനത്തിനും കിട്ടിയ പ്രതിഫലമാണ് ഈ വിജയം എന്നെഴുതിയ രാജ്ഞി, ലെയ്‌ലാ ഫെര്‍ണാണ്ടസിനെതിരെ എമ്മ നടത്തിയ പോരാട്ടം വരും തലമുറകള്‍ക്ക് പ്രചോദനമാകും എന്നും പറഞ്ഞു. നിനക്കും, നിന്റെ ആയിരക്കണക്കിന് ആരാധകര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് രാജ്ഞി കത്ത് അവസാനിപ്പിക്കുന്നത്.

രാജ്ഞിയുടെ കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ വില്യമും കെയ്റ്റും എമ്മയെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്ററിലെത്തി. നിന്നെയോര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു എന്ന് പറഞ്ഞ രാജകുമാരന്‍ അവസാന നിമിഷം വരെ പോരാടി തോറ്റ ലെയ്‌ല ഫെര്‍ണാണ്ടസിനെയും അഭിനന്ദിച്ചു. ചാള്‍സ് രാജകുമാരന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയായിരുന്നു എമ്മയ്ക്ക് അഭിനന്ദനം അര്‍പ്പിച്ചത്. തീര്‍ത്തും അതിശയകരമായ നേട്ടം എന്നായിരുന്നു ചാള്‍സ് ഈ വിജയത്തെ വിശേഷിപ്പിച്ചത്.

മാത്രമല്ല, പ്രധാനമന്ത്രി ബോറിസ്ജോണ്‍സണ്‍, ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍ എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമും എമ്മയ്ക്ക് അഭിനന്ദനമറിയിച്ചു.

തിരിച്ചുവരവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജഴ്‌സിയില്‍ വന്‍ അരങ്ങേറ്റം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോയുടെ ഇരട്ട ഗോളില്‍ യുണൈറ്റഡ് 4-1ന് ന്യൂകാസില്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തി.

ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം പഴയ തട്ടകത്തില്‍ തിരിച്ചെത്തിയ റൊണാള്‍ഡോ ആദ്യ പകുതിയില്‍ തന്നെ അരങ്ങേറി. അധികം വൈകാതെ ഓള്‍ഡ് ട്രാഫോര്‍ഡിനെ ആവേശത്തിലാക്കി റോണോയുടെ ഗോളുമെത്തി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മക്വിലോയുടെ ഗോളില്‍ ന്യൂകാസില്‍ ഒപ്പമെത്തിയെങ്കിലും 62-ാം മിനുട്ടില്‍ അടുത്ത ഗോളിലൂടെ റോണോ യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു.

എണ്‍പതാം മിനുട്ടില്‍ ലോങ്ങ് റേഞ്ചറിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസും, ഇഞ്ചുറി ടൈമില്‍ ലിങ്കാര്‍ഡും സ്‌കോര്‍ ചെയ്തപ്പോള്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെ 4-1ന്റെ തകര്‍പ്പന്‍ വിജയം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം.