റാവല്‍പിണ്ടി: സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്‍മാറിയതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് താരങ്ങള്‍. അഫ്രീദിയും ഷോയിബ് അക്തറുമാണ് പ്രധാനമായും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്.
ന്യൂസിലന്‍ഡ് പാക്കിസ്ഥാനെ കൊലക്ക് കൊടുത്തുവെന്നായിരുന്നു മുന്‍ പാക് താരം ഷുഹൈബ് അക്തറുടെ പ്രതികരണം, അവസാന നിമിഷം പരമ്പരയില്‍ നിന്ന് പിന്‍മാറാനുള്ള ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ തീരുമാനം നിരാശാജനകമാണെന്നും പാക് നായകന്‍ ബാബര്‍ അസം പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച സുരക്ഷാ ഏജന്‍സികളുള്ള രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാനെന്നും അവസാന നിമിഷം പരമ്പരയില്‍ നിന്ന് പിന്‍മാറാനുള്ള ന്യൂസിലന്‍ഡിന്റെ തീരുമാനം നിരാശാജനകമാണെന്നും മുന്‍താരം ഉമര്‍ ഗുലും അറിയിച്ചു.
അതേസമയം, ന്യൂസിലന്‍ഡിന്റെ നടപടിയെ ശക്തമായ ഭാഷയിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ ട്വിറ്ററിലൂടെ അപലപിച്ചത്. ഒരു ഭ്രാന്തന്‍ ദിനമായിരുന്നു ഇന്ന്, പാക് താരങ്ങളോടും ആരാധകരോടും ക്ഷമ ചോദിക്കുന്നു. ന്യൂസിലന്‍ഡിന്റെ ഏകപക്ഷീയമായ പിന്മാറ്റ തീരുമാനം വളരെ മോശമായി. ഏത് ലോകത്താണ് ന്യൂസിന്‍ഡ് ജീവിക്കുന്നത്. ഐ.സി.സിയില്‍ അവര്‍ ഇതിന് മുറുപടി പറയേണ്ടി വരുമെന്നായിരുന്നു റമീസിന്റെ ട്വീറ്റ്.

