കാബൂള്‍: അഫ്ഗാന്‍ ഭരണം കീഴടക്കി വനിതാ സ്‌പോര്‍ട്‌സിനു വിലക്ക് ഏര്‍പ്പെടുത്തിയ താലിബാന്റെ തീരുമാനത്തിനെതിരെ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വനിത ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കുമെന്ന് നിലപാട് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് പുതുതായി ചുമതലയേറ്റ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അസീസുള്ള ഫസ്ലി. ടെസ്റ്റ് മത്സരം മാറ്റിവച്ചതില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചര്‍ച്ച നടത്തിയെന്നും ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാക്കുമെന്നും എസിബി ചെയര്‍മാന്‍ അറിയിച്ചു
ഞങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചര്‍ച്ച നടത്തി, ടെസ്റ്റ് മത്സരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. രാജ്യത്തെ പുതിയ ഭരണകൂടം മുന്‍ഗണനാ ക്രമമനുസരിച്ചുള്ള കാര്യങ്ങളിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. വനിതാ ക്രിക്കറ്റുമായി ബന്ധപ്പെട്ട് അവര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. പക്ഷേ, വനിതാ ക്രിക്കറ്റിനെ തുടര്‍ന്നും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അസീസുള്ള ഫസ്ലി വ്യക്തമാക്കി.

