ജി വി രാജ സ്പോര്‍ട്‌സ് സ്‌കൂളില്‍ സിന്തറ്റിക് ട്രാക്കും, ഫുട്‌ബോള്‍ അക്കാദമിയും

തിരുവനന്തപുരം: ജി വി രാജ സ്പോര്‍ട്‌സ് സ്‌കൂളിലെ സിന്തറ്റിക് ട്രാക്കിന്റെയും ആധുനിക ക്ലാസ് മുറികളുടെയും ഉദ്ഘാടനം ഇന്ന്. മന്ത്രി വി.അബ്ദുറഹിമാന്‍ രാവിലെ 11.30ന് ഉദ്ഘാടനം നിര്‍വഹിക്കും. 2017ല്‍ കായിക വകുപ്പ് ഏറ്റെടുത്ത ജി വി രാജ സ്പോര്‍ട്‌സ് സ്‌കൂളിന്റെ ഒന്നാംഘട്ട നവീകരണ പ്രവൃത്തികളുടെ പൂര്‍ത്തീകരണം നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു.

രണ്ടാംഘട്ടത്തില്‍ 8 സ്ട്രെയിറ്റ് ലൈനുമായി 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും, സിന്തറ്റിക് ലോംഗ് ജമ്ബ് പിറ്റുമാണ് ഒരുക്കിയത്. ഇന്‍ട്രാക്ടീവ് ക്ലാസ് റൂമുകള്‍, ആധുനിക ലാബ് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍, കോണ്‍ഫറന്‍സ് ഹാള്‍ എന്നീ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഹോസ്റ്റലുകളിലേക്ക് ആവശ്യമായ കട്ടില്‍, അലമാര, സ്റ്റഡി ടേബിള്‍ എന്നിവ സ്ഥാപിക്കുന്ന പ്രവൃത്തി റബ്കോ വഴി പൂര്‍ത്തീകരിച്ചു. കയര്‍ഫെഡ് മുഖേന കിടക്കകളും തയ്യാറാക്കിയിട്ടുണ്ട്.

സ്‌കൂളില്‍ സ്‌പോര്‍ട്‌സ് കേരള എലൈറ്റ് റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം നാളെ മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുന്നത്.