എന്‍സിസി വിദഗ്ദ്ധ സമിതിയില്‍ ധോണിയും; പ്രതിരോധ മന്ത്രാലയത്തിന്റെ പട്ടികയില്‍ മുന്‍ ക്യാപ്റ്റനും

ന്യൂഡല്‍ഹി: നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ (എന്‍സിസി) സമഗ്രമായ അവലോകനത്തിനായി പ്രതിരോധ മന്ത്രാലയം രൂപീകരിച്ച ഉന്നതതല വിദഗ്ദ്ധ സമിതിയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും. മുന്‍ എംപി ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സമിതിയില്‍ എംഎസ് ധോണിയെ കൂടാതെ ഐസിസിആര്‍ പ്രസിഡന്റ് ആനന്ദ് മഹീന്ദ്ര, എംപി വിനയ് സഹസ്രബുദ്ധെ എന്നിവരും ഉള്‍പ്പെടുന്നു.

മാറുന്ന കാലഘട്ടത്തില്‍ എന്‍സിസി കൂടുതല്‍ പ്രസക്തമാക്കുന്നതിന് നാഷണല്‍ കേഡറ്റ് കോര്‍പ്‌സിന്റെ സമഗ്രമായ അവലോകനത്തിനായി മുന്‍ പാര്‍ലമെന്റ് അംഗം ശ്രീ ബൈജയന്ത് പാണ്ഡയുടെ അധ്യക്ഷതയില്‍ പ്രതിരോധ മന്ത്രാലയം ഒരു ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചതായി പ്രതിരോധ മന്ത്രാലയം വാര്‍ത്താ കുറിപ്പിലൂടെയാണ് അറിയിച്ചത്.

എന്‍സിസി കേഡറ്റുകള്‍ വിവിധ മേഖലകളില്‍ രാഷ്ട്രനിര്‍മ്മാണത്തിനും ദേശീയ വികസന ശ്രമങ്ങള്‍ക്കും കൂടുതല്‍ ഫലപ്രദമായി സംഭാവന നല്‍കാനും ഓര്‍ഗനൈസേഷന്റെ മൊത്തത്തിലുള്ള പുരോഗതിക്കും അന്താരാഷ്ട്ര യുവജന സംഘടനകളുടെ മികച്ച രീതികള്‍ പഠിക്കാനുമാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ധോണിയെ കൂടാതെ ജാമിയ മിലിയ ഇസ്ലാമിയ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ നജ്മ അക്തര്‍, എസ്എന്‍ഡിടി വനിതാ യൂണിവേഴ്‌സിറ്റി മുന്‍ വിസി പ്രൊഫസര്‍ വസുധ കാമത്ത്, ഡിഐസിസിഐ ചെയര്‍മാന്‍ മിലിന്ദ് കാംബ്ലെ, എംപി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി മുകുള്‍ കനിത്കര്‍ എന്നിവരാണ് മറ്റ് പ്രമുഖരായ അംഗങ്ങള്‍.