ഐപിഎല്‍; ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

അബൂദാബി: ഐപിഎല്ലില്‍ ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയിട്ടും പ്ലേ ഓഫില്‍ ഇടംപിടിക്കാതെ മുംബൈ പുറത്ത്. ആദ്യം ബാറ്റ് ചെയ്ത് 235 റണ്‍സാണ് മുംബൈ നേടിയത്.

എന്നാല്‍, സണ്‍റൈസേഴ്‌സിനെതിരെ 171 റണ്‍സിന്റെയെങ്കിലും ജയം വേണ്ടിയിരുന്ന മുംബൈക്ക് അത് നേടാനായില്ല. ഇഷാന്‍ കിഷനും (32 പന്തില്‍ 84), സൂര്യകുമാര്‍ യാദവും (40 പന്തില്‍ 82) കത്തിക്കയറിയപ്പോള്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 235 റണ്‍സടിച്ചു. മുംബൈയുടെ ഐ.പി.എല്ലിലെ ഏറ്റവുമുയര്‍ന്ന ടോട്ടലാണിത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18), ഹര്‍ദിക് പാണ്ഡ്യ (10), കീറണ്‍ പൊള്ളാര്‍ഡ് (13), ജെയിംസ് നീഷം (0), ക്രുനാല്‍ പാണ്ഡ്യ (9), നതാന്‍ കോര്‍ട്ടര്‍ നൈല്‍ (3), പിയൂഷ് ചൗള (0) എന്നിങ്ങനെയാണ് മറ്റു ബാറ്റര്‍മാരുടെ സ്‌കോര്‍.വമ്ബന്‍ സ്‌കോര്‍ അനിവാര്യമായതിനാല്‍ തുടക്കം മുതല്‍ അടിച്ചുകളിക്കുകയായിരുന്നു മുംബൈ. 7.1 ഓവറില്‍ 100 കടന്ന മുംബൈ ഇന്നിങ്‌സിന് ഇടക്ക് ഹൈദരാബാദ് ബൗളര്‍മാര്‍ ബ്രേക്കിട്ടെങ്കിലും അവസാനഘട്ടത്തില്‍ തകര്‍ത്തടിച്ച സൂര്യകുമാര്‍ ടോട്ടല്‍ 235ലെത്തിച്ചു.

കിഷന്‍ നാലു സിക്‌സും 11 ഫോറും സൂര്യകുമാര്‍ മൂന്നു സിക്‌സും 13 ബൗണ്ടറിയും പായിച്ചു. ഹൈദരാബാദിനായി ജാസണ്‍ ഹോള്‍ഡര്‍ നാലും റാഷിദ് ഖാന്‍, അഭിഷേക് ശര്‍മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ഉംറാന്‍ മാലിക് ഒരു വിക്കറ്റുമെടുത്തു.