Sports (Page 163)

ദുബായ്: ഐപിഎല്ലില്‍ ചെന്നൈക്കെതിരെ 3 വിക്കറ്റ് വിജയം നേടി ഡല്‍ഹി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. 43 പന്തില്‍ 55 റണ്‍സെടുത്ത അമ്പാട്ടി റായ്ഡുവാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.

137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയത്തിലെത്തിയത്. 39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഷിമ്രോണ്‍ ഹെറ്റ്മെയര്‍(18 പന്തില്‍ 28) നടത്തിയ പോരാട്ടം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ജയത്തോടെ 20 പോയിന്റുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തെത്തി.

സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 136-6, ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 139-7.

ഷാര്‍ജ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെ ആറുറണ്‍സിന് കീഴടക്കി പ്ലേ ഓഫ് പ്രവേശം നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

42 പന്തില്‍ 57 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളും 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും മാത്രമാണ് പഞ്ചാബ് നിരയില്‍ തിളങ്ങിയത്. ബാംഗ്ലൂരിന് വേണ്ടി ചാഹല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോര്‍ജ് ഗാര്‍ട്ടണ്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മികച്ച തുടക്കത്തിന് ശേഷം ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ടില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. 40 റണ്‍സെടുത്ത ഓപ്പണര്‍ ദേവ്ദത്ത് പടിക്കലും ബാംഗ്ലൂരിനായി തിളങ്ങി. ഈ സീസണില്‍ ഒരു ഐ.പി.എല്‍ ടീം ഷാര്‍ജയില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. പഞ്ചാബിനായി മോയ്സസ് ഹെന്റിക്കസ് നാലോവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി.

ദുബായ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആറ് വിക്കറ്റ് ജയം. ജയത്തോടെ നാലാം സ്ഥാനക്കാരായി കൊല്‍ക്കത്ത പ്ലേ ഓഫിലെത്താനുള്ള സാധ്യത സജീവമാക്കി.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത കൊല്‍ക്കത്ത അവസാന ഓവറിലാണു ജയിച്ചത്. സണ്‍റൈസേഴ്സ് സീസണില്‍ നേരിടുന്ന പത്താമത്തെ തോല്‍വിയാണിത്.

ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (51 പന്തില്‍ 57), നിതീഷ് റാണ (33 പന്തില്‍ 25), ദിനേഷ് കാര്‍ത്തിക്ക് (12 പന്തില്‍ പുറത്താകാതെ 18) എന്നിവരാണു കൊല്‍ക്കത്തയെ ജയത്തിലേക്കു നയിച്ചത്. ടോസ് നേടിയ സണ്‍റൈസേഴ്സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.

ഇന്നിങ്സിലെ രണ്ടാം പന്തില്‍ വൃദ്ധിമാന്‍ സാഹ പൂജ്യത്തിനു പുറത്തായി. സഹ ഓപ്പണര്‍ ജാസന്‍ റോയ്ക്കും (13 പന്തില്‍ 10) പിടിച്ചു നില്‍ക്കാനായില്ല. നായകന്‍ കെയ്ന്‍ വില്യംസണ്‍ (21 പന്തില്‍ 26), പ്രിയം ഗാര്‍ഗ് (31 പന്തില്‍ 21) എന്നിവര്‍ ഒത്തു ചേര്‍ന്നതോടെ ചെറിയ പ്രതീക്ഷയുണ്ടായി. ഷാക്കിബ് അല്‍ ഹസന്റെ നേരിട്ടുള്ള ഏറില്‍ വില്യംസണ്‍ റണ്ണൗട്ടായതോടെ അതും മങ്ങി. വരുണ്‍ ചക്രവര്‍ത്തി ഗാര്‍ഗിനെ രാഹുല്‍ ത്രിപാഠിയുടെ കൈയിലെത്തിച്ചു.

കൊല്‍ക്കത്തയ്ക്കു വേണ്ടി സൗത്തി, വരുണ്‍ ചക്രവര്‍ത്തി, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഷാക്കിബ് ഒരു വിക്കറ്റുമെടുത്തു.

ഷാര്‍ജ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ക്യാപിറ്റല്‍ അഞ്ച് പന്ത് ബാക്കി നില്‍ക്കേ ലക്ഷ്യം കണ്ടു. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫ് ബര്‍ത്ത് ഉറപ്പിച്ചു.

എന്നാല്‍, ഡല്‍ഹിയോട് തോല്‍വി വഴങ്ങിയതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. 33 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചത്. 21 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ആര്‍ അശ്വിന്‍ ശ്രേയസിന് മികച്ച പിന്തുണ നല്‍കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 26 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍.

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്തയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സ്. ജയത്തോടെ 10 പോയിന്റുമായി പഞ്ചാബ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. 10 പോയിന്റ് തന്നെയുള്ള കൊല്‍ക്കത്ത നാലാം സ്ഥാനത്ത് തുടരുന്നു.

കൊല്‍ക്കത്ത മുന്‍പില്‍ വെച്ച 166 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച് പഞ്ചാബ് മറികടന്നു. 67 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ആണ് കളിയിലെ താരം. 70 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്തി രാഹുലും മായങ്കും പഞ്ചാബിന് മികച്ച തുടക്കം നല്‍കി.

27 പന്തില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്സും പറത്തി 40 റണ്‍സ് നേടിയാണ് മായങ്ക് മടങ്ങിയത്. ഫോം കണ്ടെത്താനാവാതെ നില്‍ക്കുന്ന നിക്കോളാസ് പൂരനെ വരുണ്‍ ചക്രവര്‍ത്തി മടക്കിയപ്പോള്‍ മര്‍ക്രമിനും ദീപക് ഹൂഡയ്ക്കും അധിക നേരം ക്രീസില്‍ നില്‍ക്കാനായില്ല. എന്നാല്‍ 9 പന്തില്‍ നിന്ന് 22 റണ്‍സ് അടിച്ചെടുത്ത് ഷാരൂഖ് ഖാന്‍ കെഎല്‍ രാഹുലിനൊപ്പം പഞ്ചാബിനെ ജയത്തിലേക്ക് എത്തിച്ചു.

ദുബായ്: പഞ്ചാബ് കിങ്‌സ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ ഐ.പി.എല്ലില്‍ നിന്ന് മടങ്ങി. ബയോ ബബിളില്‍ നിയന്ത്രണങ്ങള്‍ മടുപ്പിച്ചതോടെയാണ് സൂപ്പര്‍ താരം ക്രിസ് ഗെയില്‍ ഐപിഎല്ലിനോട് താത്കാലികമായ വിട പറഞ്ഞിരിക്കുകയാണ്.

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ (സിപിഎല്‍) ബബിളില്‍ നിന്ന് നേരിട്ടാണ് ഗെയില്‍ ഐപിഎല്ലിലേക്ക് എത്തിയത്. ഇതിനിടയില്‍ താരം ഇടവേള കണ്ടെത്തിയിരുന്നില്ല. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഉണര്‍വ് കണ്ടെത്തുകയാണ് പിന്മാറ്റത്തിലൂടെ താരത്തിന്റെ ലക്ഷ്യം.

ഐ.പി.എല്ലിലെ ബയോ ബബിള്‍ ജീവിതം ദുഷ്‌കരമായതിനാല്‍ ക്രിസ് ഗെയ്ല്‍ ലീഗില്‍ നിന്ന് മടങ്ങുകയാണ്. ആദ്യം കരീബിയന്‍ പ്രീമിര്‍ ലീഗിലെ ബയോ ബബിളിലും പിന്നീട് ഐ.പി.എല്‍ ബബിളിലും ഭാഗമായിരുന്നതിനാല്‍ ടി-20 ലോകകപ്പിനു മുന്‍പ് മാനസികമായി ഉന്മേഷം വീണ്ടെടുക്കണമെന്ന് അദ്ദേഹം അറിയിച്ചിരുന്നെന്ന് പഞ്ചാബ് കിങ്‌സ് മാനേജ്‌മെന്‍് അറിയിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വെസ്റ്റ് ഇന്‍ഡീസ്, സിപിഎല്‍, ഐപിഎല്‍ എന്നിവയുടെ ബയോ ബബിളിന്റെ ഭാഗമായിരുന്നെന്നും, ഇതില്‍ നിന്ന് ഒരു മാറ്റം ആഗ്രഹിക്കുന്നു. മാനസികാവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ട്. ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇടവേള അനുവദിച്ച പഞ്ചാബ് കിങ്‌സിന് നന്ദിയെന്ന് പ്രസ്താവനയില്‍ ഗെയില്‍ പറഞ്ഞു.

അതേസമയം, ഗെയിലിന്റെ പിന്മാറ്റത്തില്‍ പരിശീലകന്‍ അനില്‍ കുംബ്ലെ പിന്തുണ അറിയിച്ചു. ക്രിസിനെതിരെ ഞാന്‍ കളിച്ചിട്ടുണ്ട്. അദ്ദേഹത്തെ പരിശീലിപ്പിക്കാനും സാധിച്ചു. വളരെ പ്രൊഫഷണലായുള്ള സമീപനമാണ് ഗെയിലിന്റേത്. ലോകകപ്പിന് തയാറെടുക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ പുതിയ തീരുമാനത്തെ ടീം ഒന്നടങ്കം ബഹുമാനിക്കുന്നെന്ന് കുംബ്ലെ വ്യക്തമാക്കി.

ദുബായ്: ഹൈദരാബാദിനെ കീഴടക്കിയതോടെ ഐപിഎല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഹൈദരാബാദ് മുന്നില്‍വെച്ച 134 എന്ന സ്‌കോര്‍ ചെന്നൈ പൊരുതി മറികടന്നു. ഹൈദരാബാദിനെതിരെ ആറു വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ജയിച്ചത്.

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദ്(45) ഡ്യൂപ്ലെസി(41) എന്നിവര്‍ ബാറ്റിംഗില്‍ അടിത്തറ പാകി. ചെന്നൈ നിരയില്‍ മൊയീന്‍ അലി(17) സുരേഷ് റയ്ന(2) എന്നിവര്‍ പെട്ടന്ന് പുറത്തായെങ്കിലും നിര്‍ണ്ണായക സമയത്ത് ഉറച്ചുനിന്ന അമ്പാട്ടി റായിഡുവും ധോണിയും ടീമിന് 9-ാം ജയം സമ്മാനിച്ചു. ജയിക്കാന്‍ രണ്ടു പന്തില്‍ രണ്ടു റണ്‍സ് എന്ന നിലയിലെത്തി നില്‍ക്കേയാണ് നായകന്‍ ധോണി സിക്‌സര്‍ പറത്തി വിജയ റണ്‍ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ(44)ക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാനായത്. ലോകോത്തര താരവും നായകനുമായ കെയിന്‍ വില്യംസണിനെയടക്കം ചെന്നൈ ബൗളര്‍മാര്‍ വീഴ്ത്തി.

ജാസണ്‍ റോയ്(2), പ്രിയം ഗാര്‍ഗ്(7), അഭിശേക് ശര്‍മ്മ(18) എന്നിവര്‍ വീണതോടെ ഹൈദരാബാദ് 7ന് 134 എന്ന നിലയിലേക്ക് ഒതുങ്ങി. ഹേസല്‍വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ബ്രാവോ രണ്ടു വിക്കറ്റുകളും ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മനില: ഫിലിപ്പീന്‍സ് ബോക്സിങ് ഇതിഹാസം മാനി പാക്വിയാവോ ബോക്സിങ്ങില്‍നിന്നു വിരമിച്ചു. 2022 മേയില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു മാനി പാക്വിയാവോ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കുന്നത്.

2016 മുതല്‍ സെനറ്ററാണ് അദ്ദേഹം. 42 വയസുകാരനായ മാനി ജനപ്രതിനിധി സഭയില്‍ രണ്ടുവട്ടം അംഗമായി. ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം പുറത്തുവിട്ടത്.

നാലു വ്യത്യസ്ത വിഭാഗങ്ങളില്‍ ലോക ചാമ്പ്യനായ ഏകതാരമാണ് പാക്വിയാവോ. യു.എസിലെ ലാസ് വേഗാസില്‍ ക്യൂബയുടെ യോര്‍ഡെനിസ് ഉഗാസിനെതിരേ കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ തോറ്റിരുന്നു. പാക്വിയാവോയെ തോല്‍പ്പിച്ച് ഉഗാസ് ഡബ്ല്യു.ടി.എ. വെല്‍ട്ടര്‍വെയ്റ്റ് കിരീടം നിലനിര്‍ത്തിയിരുന്നു.

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാനെതിരെ ബാംഗ്ലൂരിനു തകര്‍പ്പന്‍ ജയം. രാജസ്ഥാന്‍ മുന്‍പില്‍ വെച്ച 149 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 17 പന്തുകള്‍ ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു. ജയത്തോടെ ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യതയ്ക്ക് തിളക്കം കൂടി.

30 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ മാക്സ് വെല്ലിന്റെ പ്രകടനവും, കെഎസ് ഭരത്തിന്റെ 35 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ഇന്നിങ്സുമാണ് ബാംഗ്ലൂരിനെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. 25 റണ്‍സ് എടുത്ത കോഹ് ലിയേയും 22 റണ്‍സ് എടുത്ത പടിക്കലിനേയും നഷ്ടപ്പെട്ട ശേഷം ബാംഗ്ലൂരിന്റെ റണ്‍ഒഴുക്ക് പിടിച്ചുനിര്‍ത്താന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നു.

മികച്ച തുടക്കം ലഭിച്ച രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതാണ് അവരെ തുണച്ചത്. 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയില്‍ നിന്നാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 149ലേക്ക് രാജസ്ഥാന്‍ ഇന്നിങ്സ് എത്തിയത്. 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് എടുത്ത ചഹലാണ് കളിയിലെ താരം.

തിരുവനന്തപുരം: ടോക്കിയോ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.ആര്‍ ശ്രീജേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ശ്രീജേഷിനെ മുഖ്യമന്ത്രി ഊഷ്മളമായി സ്വീകരിച്ചു. ഒളിംപിക്‌സ് മെഡല്‍ നേടിയശേഷം വിദ്യാഭ്യാസ വകുപ്പിന്റെ ആദരവ് ഏറ്റുവാങ്ങാന്‍ തിരുവനന്തപുരത്തെത്തിയതായിരുന്നു ശ്രീജേഷ്.

ഒളിംപിക്‌സ് മെഡല്‍ ശ്രീജേഷ് മുഖ്യമന്ത്രിയെ കാണിച്ചു. മുഖ്യമന്ത്രി അത് കയ്യിലേന്തി ശ്രീജേഷിനെ അഭിനന്ദിച്ചു. ആ ചിത്രം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിലും പങ്കുവച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഹോക്കി ടീമിന്റെ അവിഭാജ്യ ഘടകമാണ് ശ്രീജേഷെന്നും ഇന്ത്യന്‍ ഹോക്കിയെ അന്താരാഷ്ട്ര മികവിലേയ്ക്കുയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്നും മുഖ്യമന്ത്രി കുറിച്ചു. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങള്‍ പങ്കു വയ്ക്കാനും സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ശ്രീജേഷിനു കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

അതേസമയം, ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പും ഗംഭീര സ്വീകരണം നല്‍കി ആദരിച്ചു. സെക്രട്ടേറിയറ്റില്‍ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ആസ്ഥാനത്തേക്ക് അദ്ദേഹത്തെ ആനയിച്ചു. വഴിയോരത്ത് കാത്ത് നിന്നവര്‍ റോസാപ്പൂക്കള്‍ പ്രിയ താരത്തിന് നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ഡെപ്യൂട്ടി സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ തസ്തികയിലായിരുന്നു ശ്രീജേഷ് ജോലിചെയ്തിരുന്നത്. ഒളിംപിക്‌സ് മെഡല്‍ നേട്ടത്തിന് ശേഷം സര്‍ക്കാര്‍ നല്‍കിയ സ്ഥാനക്കയറ്റമായ വിദ്യാഭ്യാസ വകുപ്പ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്പോര്‍ട്സ് ജോയിന്റ് ഡയറക്ടറായി ശ്രീജേഷ് ഇന്നലെ ചുമതലയേറ്റു.

പുതിയ പദവി കൂടുതല്‍ ഉത്തരവാദിത്വം നിറഞ്ഞതാണെന്നും മികച്ച നേട്ടത്തിനായി പരിശ്രമിക്കുമെന്നും ചുമതലയേറ്റ ശേഷം ശ്രീജേഷ് പറഞ്ഞു. കൂടുതല്‍ താരങ്ങളെ കേരളത്തില്‍ നിന്നും ഒളിംപിക്സ് ലെവലില്‍ എത്തിക്കാന്‍ ശ്രമിക്കും. ഹോക്കി പരിശീലനത്തിനായി സ്‌കൂളുകളില്‍ ടര്‍ഫുകള്‍ ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ജീവന്‍ബാബു.കെ എന്നിവര്‍ക്കൊപ്പം വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.