ഐപിഎല്‍; ബെംഗളൂരുവിനെ നാലു റണ്‍സിന് തോല്‍പ്പിച്ച് ആശ്വാസ വിജയം നേടി ഹൈദരാബാദ്

അബുദാബി: ഐപിഎല്ലില്‍ അവസാന ബോള്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാലു റണ്‍സിന് തോല്‍പ്പിച്ച് സണ്‍റൈസേഴ്സ് ഹൈദരാബാദ് ആശ്വാസ വിജയം നേടി. ഹൈദരാബാദ് മുന്നോട്ടുവച്ച 142 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. 41 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലാണ് ആര്‍സിബിയുടെ ടോപ്പ് സ്‌കോറര്‍. ഗ്ലെന്‍ മാക്സ്വല്‍ 40 റണ്‍സെടുത്തു. ഹൈദരാബാദിനു വേണ്ടി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എടുത്തു. ഓപ്പണര്‍ ജേസണ്‍ റോയ് 44 ആണ് ഹൈദരാബാദ് ടീമിന്റെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 31 റണ്‍സെടുത്തു. മറ്റ് താരങ്ങള്‍ക്ക് കാര്യമായി സംഭാവന ചെയ്യാനായില്ല. ബെംഗളൂരുവിന് വേണ്ടി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂവിന് താരതമ്യേന ചെറിയ സ്‌കോര്‍ ആയ 141 മറികടക്കാനായില്ല. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് സമ്പാദ്യം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ബെംഗളൂരുവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍വെറും എട്ട് റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്.

ബെംഗളൂരുവിന് വേണ്ടി ദേവ്ദത്ത് പടിക്കല്‍ 41, ഗ്ലെന്‍ മാക്സേവെല്‍ 40 എന്നിവര്‍ നന്നായി കളിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. വിജയിക്കാന്‍ ആയില്ലെങ്കിലും പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുളള ബെംഗളൂരു പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. ഹൈദരാബാദ് വെറും ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ്.