ഐപിഎല്‍; രാജസ്ഥാനെ നിഷ്പ്രഭമാക്കി പ്ലേ ഓഫ് സാധ്യത ഉറപ്പിച്ച് കൊല്‍ക്കത്ത

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 86 റണ്‍സിനു പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യത ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 44 പന്തുകള്‍ നേരിട്ട ഗില്‍ രണ്ടു സിക്‌സും നാല് ഫോറുമടക്കം 56 റണ്‍സെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഗില്ലും വെങ്കടേഷ് അയ്യരും ചേര്‍ന്ന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 79 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ടിന് അവസാനമായത്. 35 പന്തില്‍ രണ്ടു സിക്‌സും മൂന്ന് ഫോറുമടക്കം 38 റണ്‍സെടുത്ത വെങ്കടേഷിനെ പുറത്താക്കി രാഹുല്‍ തെവാട്ടിയ ഈ കൂട്ടുകെട്ട് പൊളിച്ചു. നിതീഷ് റാണ അഞ്ചു പന്തില്‍ നിന്ന് 12 റണ്‍സെടുത്തു. തുടര്‍ന്ന് 14 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും ഗില്ലും ചേര്‍ന്ന് കൊല്‍ക്കത്ത സ്‌കോര്‍ 133 വരെയെത്തിച്ചു.

എന്നാല്‍ 16-ാം ഓവറില്‍ ഗില്ലിനെ പുറത്താക്കി ക്രിസ് മോറിസ് കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കി. പിന്നാലെ രാഹുല്‍ ത്രിപാഠിയെ ചേതന്‍ സക്കറിയ മടക്കി. 11 പന്തില്‍ 14 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കും 11 പന്തില്‍ 13 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓയിന്‍ മേര്‍ഗനും ചേര്‍ന്ന് കൊല്‍ക്കത്ത സ്‌കോര്‍ 150 കടത്തി.

172 വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്തയ്ക്ക് മുന്നില്‍ അടിപതറുകയായിരുന്നു. 85 റണ്‍സ് മാത്രമേ രാജസ്ഥാന് നേടാന്‍ കഴിഞ്ഞുള്ളൂ. ജയ്‌സ്വാളിന് പിന്നാലെ ലിയാം ലിംവിംഗ്സ്റ്റണെ(6)യും അനുജ് റാവത്തിനെയും(0) ലോക്കി ഫെര്‍ഗൂസനും ക്യാപ്റ്റന്‍ സഞ്ജു സാംസണെയും(1) ശിവം ദുബെയയും(18), ഗ്ലെന്‍ ഫിലിപ്സിനെയും(8) ശിവം മാവിയും മടക്കിയതോടെ 13-4ലേക്കും 35-7ലേക്കും കൂപ്പുകുത്തി. രാഹുല്‍ തിവാട്ടിയ(36 പന്തില്‍ 44) നേടി.