Sports (Page 159)

ബാഴ്‌സലോണ ക്ലബ്ബിന്റെ പരിശീലകനായി ഇനി സാവി ഹെര്‍ണാണ്ടസ്. 1998 മുതല്‍ നീണ്ട 17 വര്‍ഷക്കാലം ബാഴ്‌സ ജഴ്‌സിയില്‍ കളിച്ച ഇതിഹാസ താരം സാവി തന്റെ സ്വന്തം ക്ലബ്ബിലേക്ക് മടങ്ങിയെത്തുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് പരിശീലകനായി തികഞ്ഞ പ്രതീക്ഷയോടെ ബാഴ്‌സ സാവിയെ കൊണ്ടുവരുന്നത്.

മെസിയുടെ അഭാവത്തില്‍ മാനസികമായി തകര്‍ന്നു നില്‍ക്കുന്ന ഒരു ടീമിനെ വിജയ വഴിയിലേക്ക് തിരികെയെത്തിക്കുകയെന്നതാണ് സാവി നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. ഖത്തര്‍ ക്ലബ്ബായ അല്‍സാദില്‍ നിന്നാണ് പഴയ ക്ലബ്ബിലേക്കുള്ള സാവിയുടെ വരവ്. പരിശീലക റോളില്‍ ആരാധകര്‍ക്ക് മുമ്പാകെ സാവിയെ ക്ലബ്ബ് ഔദ്യോഗികമായി അവതരിപ്പിക്കും. ഹോം ഗ്രൗണ്ടായ നൂകാംപിലായിരിക്കും സാവിയുടെ റിലീസ്. നവംബര്‍ 20 ന് എസ്പാന്യോളിനെതിരെയുള്ള സിറ്റി ഡെര്‍ബിയിലായിരിക്കും ബാഴ്‌സ പരിശീലകനായി സാവി അരങ്ങേറ്റം കുറിക്കുകയെന്നാണ് പുറത്തു വരുന്ന സൂചന .

ചാമ്പ്യന്‍സ് ലീഗിലും ലാലീഗയിലും സ്പാനിഷ് സൂപ്പര്‍ കോപ്പയിലും അതി നിര്‍ണായക മത്സരങ്ങള്‍ കറ്റാലന്‍ ക്ലബ്ബിനെ കാത്തിരിക്കുന്നുണ്ട്. എല്ലാ വെല്ലുവിളികളും തരണം ചെയ്ത് ക്ലബ്ബിന്റെ രക്ഷകനാകാന്‍ സാവിയെന്ന പരിശീലകന് സാധിക്കുമെന്ന് തന്നെ ആരാധകരും ഉറച്ച് വിശ്വസിക്കുന്നു.

സൂപ്പര്‍ 12ലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോറ്റതാണ് ഇന്ത്യയുടെ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചത്. എന്നാല്‍, ഇന്ത്യ ഫൈനലിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ‘വ്യക്തിപരമായി ഇന്ത്യ ഫൈനലിലെത്തണമെന്നാണ് എന്റെ ആഗ്രഹം. കാരണം, അങ്ങനെ സംഭവിച്ചാലെ പാക്കിസ്ഥാന്‌ വീണ്ടും ഇന്ത്യയെ തോല്‍പ്പിക്കാനാവൂ എന്നും അക്തര്‍ പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനലുണ്ടായാല്‍ അത് ക്രിക്കറ്റിനും ലോകകപ്പിനും തന്നെ വലിയ കാര്യമാണെന്നും’ അക്തര്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

‘പിന്നെ എനിക്ക് പറയാനുള്ളത് എന്തുകൊണ്ടാണ് പാക്കിസ്ഥാന്‍ ഇന്ത്യയുമായി ഒറ്റത്തവണ മത്സരിക്കുന്നത്. എന്തുകൊണ്ട് അവര്‍ക്ക് ഫൈനലില്‍ വീണ്ടും ഏറ്റുമുട്ടിക്കൂടാ. അതിനിയും സംഭംവിക്കാം. ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയോടെ ഇന്ത്യ പതറിയെങ്കിലും അവരുടെ സാധ്യതകള്‍ പൂര്‍ണമായും അവശേഷിച്ചിട്ടില്ലെന്ന് അവരിപ്പോള്‍ തിരിച്ചറിയുന്നുണ്ട്.’- അക്തര്‍ പറഞ്ഞു.

‘ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയോടെ ഇന്ത്യയുടെ ലോകകപ്പ് അവസാനിച്ചുവെന്ന് പറയുന്നത് തെറ്റാണ്. ഇന്ത്യയെ എഴുതിത്തള്ളരുതെന്ന് ഞാന്‍ ആദ്യം മുതലെ എല്ലാവരോടും പറയുന്നതാണ്. ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിയോടെ അവരുടെ ലോകകപ്പ് പോരാട്ടങ്ങള്‍ അവസാനിച്ചിട്ടില്ല. പാക്കിസ്ഥാന്‍ ടീമിനോട് എനിക്ക് പറയാനുള്ളത്, ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കരുത്. അവസാന മത്സരത്തില്‍ സ്‌കോട്ലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പില്‍ ഒന്നാമതായി സെമിയിലെത്താനാണ് അവര്‍ ശ്രമിക്കേണ്ടത്.’-അക്തര്‍ അഭിപ്രായപ്പെട്ടു.

ടി-20 ലോകകപ്പില്‍ സ്‌കോട്ട്ലാന്‍ഡിനെ അക്ഷരാര്‍ഥത്തില്‍ എടുത്തറിഞ്ഞ് ഇന്ത്യ സെമി ഫൈനല്‍ പ്രതീക്ഷകള്‍ കാത്തു. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിനെ നാലാമങ്കത്തില്‍ അസോസിയേറ്റ് ടീമായ സ്‌കോട്ട്ലാന്‍ഡിന് ഇന്ത്യയുടെ സമഗ്രാധിപത്യത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു. എട്ടു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്‌കോട്ട്ലാന്റ് പിടിച്ചു നില്‍ക്കാനാവാതെ തകര്‍ന്നു.

രണ്ടാമത് ബാറ്റേന്തിയ ഇന്ത്യ വെറും 6.3 ഓവറില്‍ സ്‌കോട്‌ലന്റിന്റെ കഥ കഴിച്ചു. എതിരാളികളെ ഒരു നിലക്കും മുന്നോട്ട് പോകാന്‍ അനുവദിക്കാതെ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഓപ്പണര്‍മാരായ കെ എന്‍ രാഹുലും രോഹിത് ശര്‍മയും തകര്‍ത്തടിച്ച കളിയില്‍ ഇന്ത്യ മികച്ച തുടക്കം നേടി. 19 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ രാഹുല്‍ ആണ് വിജയം എളുപ്പമാക്കിയത്. രോഹിത് ശര്‍മ്മ 16 പന്തില്‍ 30 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലി രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു. നേരിട്ട രണ്ടാമത്തെ പന്ത് സിക്സര്‍ പറത്തിയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്.

81 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് കോലിയും സംഘവും വിജയം ആഘോഷിച്ചത്. ടോസ് കിട്ടിയ ഇന്ത്യ സ്‌കോട്ട്ലാന്റിനെ ബാറ്റിങിനയച്ചു. ബാറ്റിങിനിറങ്ങിയ സ്‌കോട്ട്ലാന്റ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി. സ്‌കോര്‍ 13 റണ്‍സില്‍ എത്തി നില്‍ക്കെ അവരുടെ ആദ്യ വിക്കറ്റ് വീണു. കൈല്‍ കോറ്റ്സറെ ജസ്പ്രീത് ബൂംറ ബൗള്‍ഡാക്കി. തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ മാത്യു ക്രോസ് രണ്ട് റണ്‍സിന് പുറത്തായി. ഇന്ത്യക്ക് വേണ്ടി മുഹമദ് ഷമി,രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി. ജസ്പ്രീത് ബൂംറ രണ്ടും രവിചന്ദ്ര അശ്വിന്‍ ഒരു വിക്കറ്റും നേടി. ജഡേജയാണ് കളിയിലെ താരം. ഇതോടെ ഇന്ത്യ ഗ്രൂപ്പ് രണ്ടില്‍ മൂന്നാമത്തെത്തി. നെറ്റ് റണ്‍റേറ്റില്‍ രണ്ടാം സ്ഥാനത്തുളള ന്യൂസിലാന്റിനെ മറികടന്നു.

ബെല്‍ഗ്രേഡില്‍ നടന്ന എഐബിഎ ലോക പുരുഷ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആകാശ് കുമാര്‍ (54 കിലോ) വെങ്കല മെഡല്‍ നേടി. വ്യാഴാഴ്ച നടന്ന സെമിഫൈനലില്‍ കസാഖ് കൗമാരതാരം മഖ്മൂദ് സാബിര്‍ഖാനോട് തോറ്റതിന് ശേഷമാണ് അരങ്ങേറ്റക്കാരന്‍ ആകാശ് കുമാര്‍ മെഡല്‍ നേടുന്നത്.

20-കാരനായ ആകാശ്, തന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പിലും തന്റെ ആദ്യത്തെ പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റിലും ആണ് കളിക്കുന്നത്‌. സെമിഫൈനല്‍ മത്സരത്തില്‍ 0-5 ന് പരാജയപ്പെട്ടു, ഈ തോല്‍വിയോടെ ടൂര്‍ണമെന്റിന്റെ 21-ാം പതിപ്പില്‍ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു.

ആദ്യ റൗണ്ടില്‍ തന്നെ ഇന്ത്യന്‍ താരം മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ സാബിര്‍ഖാന്‍ തന്റെ ആധിപത്യം നേടി. തന്റെ രാജ്യത്തിന്റെ നിലവിലെ ദേശീയ ചാമ്പ്യനായ 19 കാരനായ കസാഖ്, മികച്ച പ്രകടനം ആണ് നടത്തിയത്.

ബംഗളൂരു: വിരാട് കോലിക്ക് ശേഷം ആരായിരിക്കും ഇന്ത്യന്‍ ടീമിന്റെ അടുത്ത ക്യാപ്റ്റനെന്നുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോലി സ്ഥാനമൊഴിയും. രോഹിത് ശര്‍മ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ പേരുകള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല.

ഇതിനിടെ രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പുതിയ പരിശീലകനായി നിയമിതനായി. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ലോകകപ്പിന് ശേഷം രവി ശാസ്ത്രി സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആരായിരിക്കണം ഇന്ത്യയുടെ ക്യാപ്റ്റനെന്നുള്ള കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്ന് ദ്രാവിഡ് ഇന്നലെ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. രോഹിത് ശര്‍മ ക്യാപ്റ്റനാവണമെന്നാണ് ദ്രാവിഡിന്റെ അഭിപ്രായം. രോഹിത്തിന് ശേഷം മാത്രമേ രാഹുലിന്റെ പേര് പരിഗണിക്കാവൂ എന്നും ദ്രാവിഡ് വ്യക്തമാക്കി.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രോഹിത്. നിദാഹസ് ട്രോഫിയും ഏഷ്യാ കപ്പും രോഹിത്തിന് കീഴിലാണ് ഇന്ത്യ ഉയര്‍ത്തിയത്. സെപ്റ്റംബറില്‍ ഇന്ത്യന്‍ ടീം ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ ദ്രാവിഡായിരുന്നു ടീമിന്റെ പരിശീലകന്‍. പരമ്പരക്ക് ശേഷം ദ്രാവിഡ് ഇന്ത്യയുടെ സ്ഥിരം കോച്ചവണമെന്ന് പലരും അന്നേ അഭിപ്രായപ്പെട്ടിരുന്നു.

തിരുവനന്തപുരം: കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐ.പി.എസ് ചെയര്‍മാനും, അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, ടി. ദേവപ്രസാദ് എന്നിവരടങ്ങുന്ന കമ്മിറ്റി ആണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത് .

2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി, 2014ലെ തോമസ് & യൂബര്‍ കപ്പില്‍ വെങ്കലം, ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണം, 3 വെള്ളി, കൂടാതെ 2007നും 2018-നും ഇടയില്‍ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, സ്പാനിഷ് ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍, ന്യൂസിലാന്‍ഡ് ഓപ്പണ്‍, റഷ്യന്‍ ഓപ്പണ്‍, ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ടാറ്റ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ ചലഞ്ച്, ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ ചലഞ്ച് തുടങ്ങിയവയില്‍ നിരവധി മെഡലുകള്‍ അപര്‍ണ നേടിയിട്ടുണ്ട്.

ഡിസംബര്‍ ആദ്യവാരം ജിമ്മി ജോര്‍ജ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമര്‍പ്പിക്കും. ഇന്ത്യയുടെ ഇതിഹാസ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ സ്മരണയ്ക്കായി 1989-ല്‍ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുന്‍ ഇതിഹാസ നായകനും ബാറ്റിങ് വിസ്മയവുമായ രാഹുല്‍ ദ്രാവിഡിനെ നിയമിച്ചു. ബിസിസിഐ ഇക്കാര്യം ഇപ്പോള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുലക്ഷണ നായിക്, ആര്‍പി സിംഗ് എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി ബുധനാഴ്ച ഏകകണ്ഠമായാണ് ദ്രാവിഡിനെ നിയമിച്ചത്. ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയാണ് ദ്രാവിഡിന് കീഴില്‍ ഇന്ത്യന്‍ ടീമിന്റെ ആദ്യ ദൗത്യം.

ഐസിസിയുടെ ടി-20 ലോകകപ്പോടെ കരാര്‍ അവസാനിക്കുന്ന രവി ശാസ്ത്രിക്കു പകരമാണ് പുതിയ കോച്ചിനു വേണ്ടിയുള്ള നീക്കമാരംഭിച്ചത്. രവി ശാസ്ത്രി, ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍, ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ എന്നിവരെ വിജയകരമായ പ്രവര്‍ത്തനത്തിനു ബോര്‍ഡ് അഭിനന്ദിച്ചു. ശാസ്ത്രിക്കു കീഴില്‍ ഇന്ത്യന്‍ ടീം ധീരവും നിര്‍ഭയവുമായ സമീപനം സ്വീകരിക്കുകയും നാട്ടിലും പുറത്തുമുള്ള സാഹചര്യങ്ങളില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തു. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒന്നാമതെത്തിയ ഇന്ത്യ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുകയും ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ഹെഡ് കോച്ചായി നിയമിക്കപ്പെട്ടത് ബഹുമതിയായി കാണുന്നുവെന്ന് ദ്രാവിഡ് പ്രതികരിച്ചു.

അഫ്ഗാനിസ്ഥാനെതിരെ 66 റണ്‍സിന്റെ തിളക്കമാര്‍ന്ന ജയവുമായി ടി20 ലോകകപ്പില്‍ തിരിച്ചുവരവിനൊരുങ്ങി ടീം ഇന്ത്യ. ടൂര്‍ണമെന്റില്‍ സെമിയിലെത്തിയ ആദ്യ ടീമായ പാകിസ്ഥാനെ വിറപ്പിച്ചെത്തിയ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് പൂരം കാഴ്ചവെക്കുകയായിരുന്നു ഇന്ത്യ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 210 റണ്‍സെന്ന സ്‌കോര്‍ കെട്ടിപ്പൊക്കി. രോഹിത് ശര്‍മ്മ(47 പന്തില്‍ 74), കെ എല്‍ രാഹുല്‍(48 പന്തില്‍ 69), ഹര്‍ദിക് പാണ്ഡ്യ(13 പന്തില്‍ 35), റിഷഭ് പന്ത്(13 പന്തില്‍ 27) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്റെ ഇന്നിങ്‌സ് 144 റണ്‍സിന് അവസാനിച്ചു. സ്‌കോര്‍ ഇന്ത്യ: 210 (2 wkts, 20 Ov), അഫ്ഗാന്‍: 144 (7 wkts, 20 Ov)

അഫ്ഗാനിസ്ഥാന് വേണ്ടി നായകന്‍ മുഹമ്മദ് നബിയും (35) കരിം ജനത്തും (35) മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി നാല് ഓവറുകളില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. രവിചന്ദ്ര അശ്വിന്‍ നാല് ഓവറുകളില്‍ 14 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകളും വീഴ്ത്തി. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റുകളും വീഴ്ത്തി.

രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി ഹോക്കി താരം പിഎസ് ശ്രീജേഷും സ്വര്‍ണമെഡല്‍ ജേതാവായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയും അടക്കം 12 കായിക താരങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാരം.

കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ഗുസ്തി താരം രവി ദാഹിയ, ഒളിമ്പിക്സ് വെങ്കല ജേതാവ് ലോവ്ലിന ബോര്‍ഗോഹൈന്‍, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരും പുരസ്‌കാരത്തിനര്‍ഹരായി. പാരാലിമ്പിക് ഷൂട്ടര്‍ അവനി ലേഖാ അടക്കം അഞ്ച് പാരാ അത്ലറ്റുകളും ഖേല്‍രത്നപുരസ്‌കാരം നേടി.

കേന്ദ്രസര്‍ക്കാരിന്റെ ഖേല്‍രത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. കെ.എം ബീനോമോളും അഞ്ജു ബോബി ജോര്‍ജുമാണ് മുമ്പ് പുരസ്‌കാരത്തിനര്‍ഹരായ താരങ്ങള്‍.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ അടക്കം 35 കായികതാരങ്ങള്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹരായി. ധ്യാന്‍ ചന്ദ് പുരസ്‌കാരവും പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്‌കാരവും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

ടി-20 ലോകകപ്പില്‍ ഗംഭീര വിജയത്തോടെ ദക്ഷിണാഫ്രിക്ക സെമി ഫൈനലിനടുത്തെത്തി. ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ആധികാരിക വിജയം കരസ്ഥമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 84 റണ്‍സിലൊതുക്കിയ ദക്ഷിണാഫ്രിക്ക 13.3 ഓവറില്‍ അനായാസ ജയത്തിലേക്കെത്തിച്ചേരുകയായിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ തരിപ്പണമായി.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി കാസിഗോ റബാദയും ആന്റിച്ച് നോര്‍ജെയും മൂന്ന് വിക്കറ്റ് നേടി. തബ്രീസം ഷംസി രണ്ട് വിക്കറ്റും ഡ്വെയ്ന്‍ പ്രിട്ടോറിയസ് ഒരു വിക്കറ്റുമെടുത്തു. കളിച്ച നാല് കളികളില്‍ മൂന്നെണ്ണത്തിലും ദക്ഷിണാഫ്രിക്ക വിജയിച്ചു. ദക്ഷിണാഫ്രിക്കയുടെ സെമി പ്രവേശന സാധ്യത ഈ മത്സരത്തോടെ വര്‍ദ്ധിക്കുകയും ചെയ്തു. മറുവശത്ത്, ബംഗ്ലാദേശിന് ഇതുവരെ കളിച്ച മൂന്ന് സൂപ്പര്‍ 12 ഗെയിമുകളില്‍ ഒന്ന് പോലും വിജയിക്കാനായില്ല.