Sports (Page 158)

മുംബൈ: ടി20ക്ക് പിന്നാലെ ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റന്‍സി നഷ്ടപ്പെടാന്‍ സാധ്യത. രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിയുടെ പ്രകടനത്തെ ബാധിക്കുന്നതിനാല്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റി രോഹിതിനെ ക്യാപ്റ്റനാക്കാന്‍ ബിസിസിഐ ശ്രമിക്കുന്നുണ്ടെന്നുമാണ് വിവരം.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ രോഹിതാവും ഇന്ത്യന്‍ ടീമിനെ നയിക്കുക. ജനുവരി 11നാണ് പരമ്പര ആരംഭിക്കുക. 2023ന് ഇന്ത്യയില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ മികച്ച പ്രകടനം നടത്താനായി രോഹിതിനും ദ്രാവിഡിനും സമയം നല്‍കേണ്ടതുണ്ട്. അതിനാല്‍, മികച്ച ടീമിനെ തിരഞ്ഞെടുക്കുന്നതിന് സമയം നല്‍കാനായാണ് ഉടന്‍ രോഹിതിനെ ക്യാപ്റ്റനാക്കാന്‍ ബിസിസിഐ ശ്രമിക്കുന്നത്.

ക്യാപ്റ്റന്‍ സ്ഥാനം മൂലം കോഹ്ലിയുടെ ബാറ്റിംഗ് പഴയതുപോലെ കരുത്തുറ്റതല്ല എന്നാണ് ബിസിസിഐയുടെ അഭിപ്രായം. ക്യാപ്റ്റന്‍ ചുമതലകള്‍ കോഹ്ലിയില്‍ നിന്ന് മാറ്റിയാല്‍ താരം തിരികെ ഫോമിലെത്തിയേക്കും. രോഹിതിനെ ക്യാപ്റ്റനാക്കി ലോകേഷ് രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാനാണ് ബിസിസിഐയുടെ ആലോചന.

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 25 മുതല്‍ കാണ്‍പൂരില്‍ വെച്ച് ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയാകും ഇന്ത്യന്‍ ടീമിനെ നയിക്കുക. ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. ജോലിഭാരം പരിഗണിച്ച് ട്വന്റി20 നായകന്‍ രോഹിത്ത് ശര്‍മ, വിരാട് കോലി, ടെസ്റ്റിലെ സ്ഥിരം താരങ്ങളായ ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഋഷഭ് പന്ത് എന്നിവര്‍ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

ഡിസംബര്‍ മൂന്നിന് മുംബൈയില്‍ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ നായകന്‍ വിരാട് കോലി ടീമിനൊപ്പം ചേരും. എന്നാല്‍, കോലി മടങ്ങിയെത്തുമ്പോള്‍ പുജാരയാകുമോ രഹാനെയാകുമോ വൈസ് ക്യാപ്റ്റന്‍ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല. മധ്യനിര ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരിയെയും ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെയും ഒഴിവാക്കി. വിഹാരി ഇന്ത്യ എ ടീമിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലേക്ക് പോകും. വൃദ്ധിമാന്‍ സാഹയും കെ.എസ്. ഭരതുമാകും വിക്കറ്റ് കീപ്പര്‍മാര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ സ്‌ക്വാഡില്‍ ഉള്‍പെടുത്തിയ പ്രസിദ്ധ് കൃഷ്ണയെ ടീമിലെടുത്തു.

ഇന്ത്യന്‍ ടീം:

അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര ( വൈസ് ക്യാപ്റ്റന്‍ ), കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഇസ്ലാമാബാദ്: ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം വിരാട് കോലി കഴിഞ്ഞ ദിവസം ഒഴിഞ്ഞതോടെ രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി പ്രഖ്യാപിച്ചു കഴിഞ്ഞു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്ക് പിന്നാലെ പുതിയ നായകനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. രോഹിത്തിനെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനാക്കണമെന്നാണ് അഫ്രീദി പറയുന്നത്.

‘രോഹിത് ക്യാപ്റ്റനാവുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഐപിഎല്ലില്‍ ഡക്കാണ്‍ ചാര്‍ജേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഞാന്‍ ആദ്യ സീസണില്‍ രോഹിത്തിനൊപ്പം ഉണ്ടായിരുന്നു. മികച്ച ഷോട്ട് സെലക്ഷനുള്ള ഗംഭീര താരമാണ് രോഹിത്. പൊതുവെ ശാന്തനായിരിക്കുന്ന രോഹിത് ആവശ്യമുള്ള സമയങ്ങളിലെല്ലാം ആക്രമണോത്സുകത കാണിച്ചിട്ടുണ്ട്. രണ്ട് ഭാഗങ്ങളും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയിലുണ്ട്. തീര്‍ച്ചയായും അദ്ദേഹം നായകസ്ഥാനം അര്‍ഹിച്ചിരുന്നു.

വിരാട് കോലി എല്ലാ ഫോര്‍മാറ്റില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ ഒരുപാട് സമ്മര്‍ദ്ദം കുറയും. അദ്ദേഹം താരമെന്ന നിലയില്‍ കളിക്കട്ടെ. ഒരുപാട് കാലം അദ്ദേഹം കളിച്ചു. ഇനി അദ്ദേഹം ക്രിക്കറ്റ് ആസ്വദിക്കട്ടെ. ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ആ ടീമിന്റെ ക്യാപ്റ്റനായിരിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. നന്നായി നയിക്കുമ്പോള്‍ മാത്രമേ കാര്യങ്ങള്‍ ശരിയായ ദിശയില്‍ മുന്നോട്ട് പോവൂ.” അഫ്രീദി വ്യക്തമാക്കി.

ദുബായ്: ഐസിസിയുടെ ടി-20 ലോകകപ്പില്‍ മുന്‍ ജേതാക്കളായ പാകിസ്ഥാന്റെ പടയോട്ടം സെമി ഫൈനലില്‍ അവസാനിച്ചു. കിരീട ഫേവറിറ്റുകളായി സെമി കളിച്ച പാക് പടയെ ഓസീസ് അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കുകയായിരുന്നു. ഒരോവര്‍ അവശേഷിക്കെയാണ് പാക്കിസ്ഥാനെതിരെ 176 റണ്‍സ് ചേസ് ചെയ്ത ഓസ്‌ട്രേലിയ 5 വിക്കറ്റ് വിജയം നേടിയത്. ഞായറാഴ്ച നടക്കാനിരിക്കുന്ന കലാശപ്പോരില്‍ ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും. ഇരുടീമുകളും ഇതുവരെ കിരീടം നേടിയിട്ടില്ലാത്തവരാണ്.

ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും നേടിക്കൊടുത്തത്. എന്നാല്‍, പവര്‍പ്ലേയ്ക്ക് ശേഷമുള്ള രണ്ടാമത്തെ പന്തില്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി ഷദബ് ഖാന്‍ പാക്കിസ്ഥാന് ബ്രേക്ക്ത്രൂ നല്‍കി. തന്റെ അടുത്തടുത്ത ഓവറുകളില്‍ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും പുറത്താക്കി ഷദബ് ഖാന്‍ ഓസ്‌ട്രേലിയയെ പ്രതിരോധത്തിലാക്കി. മാര്‍ഷ് 28 റണ്‍സ് നേടിയപ്പോള്‍ അപകടകാരിയായ ഡേവിഡ് വാര്‍ണര്‍ 30 പന്തില്‍ 49 റണ്‍സാണ് നേടിയത്.

തന്റെ സ്‌പെല്ലിലെ അവസാന ഓവറില്‍ ഷദബ് ഖാന്‍ മാക്‌സ്വെല്ലിനെയും പുറത്താക്കിയതോടെ മത്സരം പാക്കിസ്ഥാന്റെ കൈപ്പിടിയിലായി. എന്നാല്‍, പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസും മാത്യു വെയിഡും ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കുന്ന കാഴ്ചയാണ് കണ്ടത്. ഇരുവരും ചേര്‍ന്ന് സ്‌കോറിംഗ് മെച്ചപ്പെടുത്തിയപ്പോള്‍ അവസാന രണ്ടോവറില്‍ ഓസ്‌ട്രേലിയയ്ക്ക് ജയിക്കുവാന്‍ 22 റണ്‍സ് വേണ്ട സ്ഥിതിയിലേക്ക് മത്സരം മാറി. എന്നാല്‍, ഷഹീന്‍ അഫ്രീദി എറിഞ്ഞ 19ാം ഓവറില്‍ മാത്യു വെയിഡിന്റഎ ക്യാച്ച് ഹസന്‍ അലി കൈവിടുകയും തൊട്ടടുത്ത പന്തുകളില്‍ താരം രണ്ട് സിക്‌സുകള്‍ നേടുകയും ചെയ്തതോടെ പാക് പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങുകയായിരുന്നു.

അബുദാബി : ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ അഞ്ചുവിക്കറ്റിന് തകര്‍പ്പന്‍ ജയത്തോടെ ട്വന്റി-20 ലോകകപ്പിന്റെ കലാശക്കളിക്ക് ബര്‍ത്ത് നേടി ന്യൂസിലാന്‍ഡ്. ഒപ്പം ഏകദിന ലോകകപ്പില്‍ സാങ്കേതികത്വം പറഞ്ഞ് കപ്പ് തട്ടിയെടുത്ത ഇംഗ്ലണ്ടിനോടുള്ള മധുരപ്രതികാരവും കിവീസ് തീര്‍ത്തു.

അവസാന നാല് ഓവറില്‍ ജയിക്കാന്‍ വേണ്ട 57 റണ്‍സാണ് കിവികള്‍ ഒരു ഓവര്‍ ബാക്കി നില്‍ക്കേ ബാറ്റിംഗ് വെടിക്കെട്ടിലൂടെ നേടിയെടുത്തത്. 16 ഓവറില്‍ 110ന് 4 എന്ന നിലയില്‍ നിന്നാണ് കിവികള്‍ കളി മാറ്റിമറിച്ചത്. ഇംഗ്ലണ്ടിന്റെ 166 വിജയലക്ഷ്യത്തില്‍ നിന്ന് ഏറെ അകലെയായിട്ടും കിവികള്‍ ജയം സ്വന്തമാക്കി. തുടക്കത്തില്‍ തന്നെ മികച്ച ഫോമിലുള്ള ഗുപ്റ്റില്‍ (4),നായകന്‍ വില്യംസണ്‍(5) എന്നിവരെ വോക്സ് മടക്കിയെങ്കിലും കോണ്‍വേയുടെ 46 റണ്‍സാണ് കിവികളെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. മൂന്നാം വിക്കറ്റില്‍ മിച്ചലുമൊത്ത് കോണ്‍വേ നിര്‍ണ്ണായകമായി 82 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സോധി, നീഷാം, ടിം സൗത്തി എന്നിവര്‍ വിക്കറ്റുകള്‍ വീഴ്ത്തി.

47 പന്തില്‍ 72 റണ്‍സ് അടിച്ചുകൂട്ടിയ മിച്ചലും 11 പന്തില്‍ 27 റണ്‍സ് എടുത്ത ജിമ്മി നിഷാമു മാണ് ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തത്. ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയീന്‍ അലിയുടെ 51 റണ്‍സിന്റെ മികവിലാണ് മോശമല്ലാത്ത 166 റണ്‍സിലേക്ക് എത്തിയത്. ഡേവിഡ് മലാന്‍ 41, ബട്ലര്‍ 29, ലിവിംഗ്സ്റ്റണ്‍ 17 എന്നിവരാണ് ഇംഗ്ലണ്ടിനായി തിളങ്ങിയത്. പാകിസ്ഥാനും ആസ്‌ട്രേലിയയും തമ്മില്‍ ഇന്ന് നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളെയാണ് ഞായറാഴ്ചത്തെ ഫൈനലില്‍ കിവീസ് നേരിടേണ്ടത്. ഇതാദ്യമായാണ് ന്യൂസിലാന്‍ഡ് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലി ഒഴിഞ്ഞതോടെ ശേഷം ഇനി ‘ഹിറ്റ് മാന്‍’ രോഹിത് ശര്‍മയാണ് നായകന്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈക്ക് വേണ്ടി 5 തവണ കപ്പ് നേടി കൊടുത്ത രോഹിത് ശര്‍മ്മ ക്യാപ്റ്റനായതോടെ വന്‍ ആവേശത്തിലാണ് ആരാധകര്‍.2022ല്‍ ടി20 ലോകക്കപ്പും ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുകയാണ്.

എന്നാല്‍, ‘ഒരു നല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാരന്‍ ഒരു മികച്ച അന്താരാഷ്ട്ര ക്രിക്കറ്ററായി മാറണമെന്നില്ല. അത് ക്യാപ്റ്റന്മാരുടെ കാര്യത്തിലും അങ്ങനെയാണ്, നിങ്ങളുടെ സംസ്ഥാന ടീമിനോ ഫ്രാഞ്ചൈസിക്കോ വേണ്ടി നിങ്ങള്‍ എത്ര കിരീടങ്ങള്‍ നേടിയാലും, അത് അന്താരാഷ്ട്ര തലത്തില്‍ വിജയം ഉറപ്പ് നല്‍കുന്നില്ല’- മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ‘ഇന്ത്യന്‍ ടീമിനെ മുന്നോട്ട് കൊണ്ടു പോകാന്‍ രോഹിത് ശര്‍മ തയ്യാറാണ്. രോഹിതിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടി20 ക്രിക്കറ്റിന് ഇതൊരു പുതിയ തുടക്കമാണ്. രോഹിത് തന്റെ ക്യാപ്റ്റന്‍സിയില്‍ അഞ്ച് ഐപിഎല്‍ ട്രോഫികള്‍ നേടിയിട്ടുണ്ടെന്ന് എനിക്കറിയാം, എന്നാല്‍ ഒരു ദേശീയ ടീമിനെ നയിക്കുന്നത് നിങ്ങളുടെ സ്റ്റേറ്റ് ടീമോ ഫ്രാഞ്ചൈസിയെയോ നയിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്’ – ഗവാസ്‌കര്‍ വ്യക്തമാക്കി.

നവംബര്‍ 17നാണ് ക്യാപ്റ്റനായുള്ള രോഹിതിന്റെ ആദ്യമത്സരം. ശക്തരായ ന്യൂസിലാന്‍ഡിനെതിരെയാണ് 3 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ നയിക്കുക. അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ രോഹിത് ലീഗിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ്. കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ചപ്പോഴും രോഹിത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2018ലെ നിദാഹാസ് ട്രോഫി, ഏഷ്യാ കപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്.

പതിനാലാം സീസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച പ്രകടനം കാഴ്ച വെച്ച, നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുന്ന സഞ്ജു സാംസണെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് സെലക്ടര്‍മാര്‍ തഴഞ്ഞത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നീ രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാര്‍ സ്‌ക്വാഡിലുള്ളത് കൊണ്ടാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതെന്നായിരുന്നു ടീം സെലക്ഷന് പിന്നാലെ ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ സഞ്ജു ഒരു മികച്ച ഫീല്‍ഡറാണെന്നും, വിക്കറ്റ് കീപ്പറുടെ റോളിലല്ലാതെയും ടീമിന് വേണ്ടി തിളങ്ങാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. സഞ്ജുവിനെ തഴഞ്ഞ സെലക്ഷന്‍ കമ്മറ്റിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയത്.

അതേസമയം, തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ക്യാപ്ഷനില്ലാതെ സഞ്ജു പങ്കു വെച്ച ചിത്രങ്ങള്‍ നിരാശയുടെ സൂചനയാണ്. ഇന്ത്യന്‍ ടീമിനായും, ഐപിഎല്‍ ടീമായ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായും കളിക്കുമ്പോള്‍ പുറത്തെടുത്ത ചില അക്രോബാറ്റിംഗ് ഫീല്‍ഡിംഗിന്റെ ചിത്രങ്ങളായിരുന്നു ക്യാപ്ഷനില്ലാതെ സഞ്ജു ട്വിറ്ററില്‍ പങ്കു വെച്ചത്. വിക്കറ്റ് കീപ്പര്‍ മാത്രമല്ല, താനൊരു മികച്ച ഫീല്‍ഡര്‍ കൂടിയാണെന്നും, വിക്കറ്റ് കീപ്പറായി മാത്രമേ തന്നെ ടീമിലേക്ക് പരിഗണിക്കാവൂ എന്നില്ലെന്നുമാണ് ഈ ചിത്രങ്ങളിലൂടെ സഞ്ജു ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മധ്യപ്രദേശിനെ 8 വിക്കറ്റിന് തകര്‍ത്ത് കേരളം. 172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുണയായത്‌ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (56), സച്ചിന്‍ ബേബി (51) എന്നിവരുടെ ഇന്നിംഗ്സാണ്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ കേരളം 18 ഓവറില്‍ ലക്ഷ്യം മറികടന്നു പ്രീക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

മറുപടിക്കായിറങ്ങിയ ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ (29), മുഹമ്മദ് അസറുദ്ദീന്‍ (21) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് കേരളത്തിന് നഷ്ടമായത്. ഇരുവരും 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാല് റണ്‍സിനിടെ രണ്ട് പേരേയും കേരളത്തിന് നഷ്ടമായി. എന്നാല്‍, സഞ്ജു- സച്ചിന്‍ സഖ്യം കേരളത്തെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കുമാര്‍ സിംഗ്, മിഹിര്‍ ഹിര്‍വാണി എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശിന് രജത് പടിദാറിന്റ (49 പന്തില്‍ 77) ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാര്‍ത്ഥ് സഹാനി (32), കുല്‍ദീപ് ഗേഹി (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീഴ്ത്തിയ എം എസ് അഖിലാണ് തിളങ്ങിയത്. ഐപിഎല്ലിലെ ഹീറോ വെങ്കടേഷ് അയ്യര്‍ (1), ഗേഹി എന്നിവരെയാണ് അവര്‍ക്ക് തുടക്കത്തില്‍ നഷ്ടമായത്. മൂന്നാമനായി ക്രീസിലെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം രജത് പടിദാറിന്റെ ഇന്നിംഗ്സ് മധ്യപ്രദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു.

മുംബൈ: വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ടി-20 ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചുകൊണ്ടാകും ക്യാപ്റ്റനായി രോഹിത്തിന്റെ അരങ്ങേറ്റം. കെ എല്‍ രാഹുലാണ് പുതിയ വൈസ് ക്യാപ്റ്റന്‍.

കോലിയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലും രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കുക. മൂന്ന് ടി-20യും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് ന്യൂസിലന്‍ഡിനെതിരായ പരമ്പര. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യാ രഹാനെ തുടരും. ഈ മാസം 25 മുതല്‍ കാണ്‍പൂരിലാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഡിസംബര്‍ മൂന്ന് മുതല്‍ മുംബൈയില്‍ രണ്ടാം ടെസ്റ്റ് നടക്കും.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സീനിയര്‍ താരങ്ങളായ ജസ്പ്രീ ബുമ്ര, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. ടി-20 ലോകകപ്പിനുശേഷം ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്തായതോടെ ഐസിസി കിരീടങ്ങളൊന്നും നേടാനാവാതെയാണ് ടി-20 ടീമിന്റെ നായക സ്ഥാനത്തുനിന്ന് കോലി പടിയിറങ്ങുന്നത്.

india

ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡ് അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് കീഴടക്കിയതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ചു. അഫ്ഗാനിസ്ഥാനോട് ന്യൂസിലൻറ് തോറ്റാൽ മാത്രമേ ഇന്ത്യക്ക് സാധ്യതയുണ്ടായിരുന്നുള്ളൂ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ വെറും 124 റൺസ് മാത്രമാണ് നേടിയത്.2012 ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ട് ഘട്ടത്തിൽ എത്താതെ പുറത്താകുന്നത്.