‘ഞങ്ങള്‍ നിനക്ക് ഒപ്പമുണ്ട്’; വിദ്വേഷ പ്രചാരണം നേരിടുന്ന മുഹമ്മദ് ഷമിക്ക് പിന്‍തുണയുമായി രാഹുല്‍ ഗാന്ധി

ടി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഉള്ള ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയ മുഹമ്മദ് ഷമിക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാകുകയാണ്‌. ഈ സാഹചര്യത്തില്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് എത്തി. ഞങ്ങള്‍ എല്ലാവരും മുഹമ്മദ് ഷമിക്കൊപ്പം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഷമിക്ക് പിന്തുണ നല്‍കിയത്. ‘മുഹമ്മദ് ഷമി ഞങ്ങള്‍ നിനക്ക് ഒപ്പമുണ്ട്. വിമര്‍ശിക്കുന്നവരുടെ ഉള്ള് നിറയെ വെറുപ്പാണ്. കാരണം, അത്തരക്കാര്‍ക്ക് ആരും സ്‌നേഹം നല്‍കുന്നില്ല. അവരോട് ക്ഷമിക്കുക’.- എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ടീമിന്റെ പേസര്‍ മുഹമ്മദ് ഷമിയുടെ മുസ്ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചരണം നടത്തുകയായിരുന്നു. ഇതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഷമി കളിച്ചത് പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് എന്നാണ് ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത്.’ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു’, ‘എത്ര പണം കിട്ടി’ തുടങ്ങിയ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലുടനീളം.

മത്സരത്തില്‍ മുഹമ്മദ് ഷമി 3.5 ഓവര്‍ എറിഞ്ഞു. 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. പാകിസ്ഥാന്‍ ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയ്ക്കെതിരെ ആദ്യ ജയമാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ഇന്ത്യയെ പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ പരാജയപ്പെടുത്തിയത്. 26 മാത്രമാണ് ആദ്യ മൂന്ന് ഓവറില്‍ ഷമി വിട്ടു നല്‍കിയിരുന്നത്. എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി. രാഹുല്‍ ഗാന്ധിക്ക് പുറമെ ക്രിക്കറ്റ് താരങ്ങളായ വിരേന്ദര്‍ സേവാഗ്, ഇര്‍ഫാന്‍ പഠാന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി ഒട്ടേറെ മുന്‍ താരങ്ങള്‍ മുഹമ്മദ് ഷമിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.