ദുബായ്: ട്വന്റി 20 ലോകകപ്പില്‍ വീണ്ടും വിജയം കൊയ്ത് പാകിസ്ഥാന്‍. ഗ്രൂപ്പ് രണ്ടിലെ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ അഞ്ചു വിക്കറ്റിന്റെ ജയമാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. അഫ്ഗാന്‍ 148 റണ്‍സ് നേടിയപ്പോള്‍ ആറു പന്തുകള്‍ ബാക്കിനില്‍ക്കേ പാകിസ്താന്‍ ഈ റണ്‍സ് മറികടന്നു. ഗ്രൂപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ പാകിസ്താന്‍ സെമി ഉറപ്പാക്കുകയും ചെയ്തു.
പാകിസ്താന്റെ ടോപ് സ്‌കോറര്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് 47 പന്തില്‍ നിന്ന് നാലു ഫോറടക്കം 51 റണ്‍സെടുത്തു അദ്ദേഹം. കരീം ജന്നത്തിന്റെ 19ാം ഓവറില്‍ നാലു സിക്സറുകള്‍ പറത്തിയ ആസിഫ് അലിയാണ് പാക് ടീമിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ആസിഫ് വെറും ഏഴു പന്തില്‍ നിന്ന് 25 റണ്‍സോടെ പുറത്താകാതെ നിന്നു.
എന്നാല്‍ പാകിസ്താന് തുടക്കത്തില്‍ തന്നെ ഫോമിലുള്ള മുഹമ്മദ് റിസ്വാനെ നഷ്ടമായിരുന്നു. മൂന്നാം ഓവറില്‍ മുജീബുര്‍ റഹ്മാനാണ് എട്ടു റണ്‍സെടുത്ത താരത്തെ മടക്കിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ബാബര്‍ അസമിനൊപ്പം ഫഖര്‍ സമാന്‍ ഒന്നിക്കുകയും ഇരുവരും ചേര്‍ന്ന് 63 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങുകയും ഒപ്പം ഒരു വിക്കറ്റെടുത്ത മുജീബുര്‍ റഹ്മാനും ഇതിന് പുറമെ നാല് ഓവറില്‍ 26 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത റാഷിദ് ഖാനും അഫ്ഗാന്‍ ബൗളര്‍മാരില്‍ തിളങ്ങി.

