ക്രിക്കറ്റില്‍ നിരാശ; ഫുട്‌ബോളില്‍ വിജയം സ്വന്തമാക്കി ഇന്ത്യന്‍ ടീം

ഫുജയ്റ: ക്രിക്കറ്റ് പ്രേമികളെ നിരാശയിലാക്കി രാത്രിയായിരുന്നു ഇന്നലെ. ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാനോട് തോല്‍വി സമ്മതിക്കുകയായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീം. എന്നാല്‍ അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ഒമാനെതിരേ ഇന്ത്യന്‍ ടീം അഭിമാന ജയം കരസ്ഥമാക്കി.

ഞായറാഴ്ചയാണ് മത്സരം നടന്നത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജയം.ഫുജയ്റ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന്റെ ആറാം മിനിറ്റില്‍ തന്നെ റഹീം അലിയിലൂടെ ഇന്ത്യ ലീഡെടുത്തു.തുടര്‍ന്ന് വിക്രം പ്രതാപ് 38-ാം മിനിറ്റില്‍ ഇന്ത്യയുടെ ലീഡുയര്‍ത്തി.

ഒമാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത് വാലീദ് അല്‍ മുസല്‍മിയാണ്. ഒമാനെതിരേ ജയം കരസ്ഥമാക്കിയതോടെ ഗ്രൂപ്പ് ഇയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.