ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകന്‍ ഗാരി കേര്‍സ്റ്റണ്‍ പാകിസ്താന്‍ പരിശീലക സ്ഥാനത്തേക്കെന്ന് സൂചന

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനായിരുന്ന ഗാരി കേര്‍സ്റ്റണ്‍ പാകിസ്താന്‍ ടീമിന്റെ പരിശീലകനാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍.പിസിബി ഗാരി കേര്‍സ്റ്റണെ മുഴുവന്‍ സമയ പരിശീലകനാക്കാന്‍ ശ്രമിക്കുകയാണ്‌. ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കേര്‍സ്റ്റണ്‍ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്കയെയും കേര്‍സ്റ്റണ്‍ പരിശീലിപ്പിച്ചിട്ടുണ്ട്. നേരത്തെ പാക് പരിശീലകനായിരുന്നത് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് ആയിരുന്നു. എന്നാല്‍, ഇദ്ദേഹത്തെ ടി-20 ലോകകപ്പിനു മുന്നോടിയായി മാറ്റുകയും പകരം മുന്‍ ഇതിഹാസ താരം സഖ്‌ലൈന്‍ മുഷ്താഖ് ടീമിന്റെ ഇടക്കാല പരിശീലകന്റെ ചുമതല നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഗാരി കേര്‍സ്റ്റണിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തുമെന്ന് സൂചനകള്‍ കേള്‍ക്കുന്നത്.

കേര്‍സ്റ്റണ്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് 2008 മുതല്‍ 2011 കാലയളിവില്‍ ആണ്. ഇന്ത്യ 2011ല്‍ കേര്‍സ്റ്റണിന്റെ പരിശീലനത്തിനു കീഴിലാണ് ഏകദിന ലോകകപ്പ് സ്വന്തമാക്കിയത്.