Sports (Page 143)

പ്രോവിഡന്‍സ്: കൗമാര ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ടീം ഇന്ത്യ സൂപ്പര്‍ ലീഗില്‍ കടന്നു. ബി ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 174 റണ്ണിനു തോല്‍പ്പിച്ചാണ് ഇന്ത്യ സൂപ്പര്‍ ലീഗിലെത്തിയത്.

നായകന്‍ യഷ് ധൂല്‍, ഉപനായകന്‍ എസ്.കെ. റാഷിദ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചിലധികം താരങ്ങള്‍ കൊവിഡ് മൂലം ഐസൊലേഷനിലായിരുന്നിട്ടും ഇന്ത്യയുടെ പോരാട്ട വീര്യം അണഞ്ഞില്ല. നിഷാന്ത് സിന്ധു ആണ് അയര്‍ലന്‍ഡിനെതിരേ ഇന്ത്യന്‍ ടീമിനെ നയിച്ചത്. ജനുവരി 26 നാണ് ഇന്ത്യയുടെ സൂപ്പര്‍ ലീഗ് മത്സരം. നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഉഗാണ്ടയെ നേരിടും.

അയര്‍ലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്ണെടുത്തു. 79 പന്തില്‍ രണ്ട് സിക്സറും 10 ഫോറുമടക്കം 79 റണ്ണെടുത്ത അങ്ക്രിഷ് രഘുവംശി, 101 പന്തില്‍ 88 റണ്ണെടുത്ത ഹര്‍നൂര്‍ സിങ് എന്നിവരുടെ ഓപ്പണിങ് ജോഡിയാണ് ഇന്ത്യയുടെ ജയത്തിനു തറക്കല്ലിട്ടത്. രാജ് ബാവ (64 പന്തില്‍ 42), നിഷാന്ത് സിന്ധു (34 പന്തില്‍ 36), രാജ്യവര്‍ധന്‍ ഹാംഗാര്‍ഗേകര്‍ (17 പന്തില്‍ അഞ്ച് സിക്സറും ഒരു ഫോറുമടക്കം പുറത്താകാതെ 39) എന്നിവരും കിട്ടിയ അവസരം മുതലാക്കി. അയര്‍ലന്‍ഡിനു വേണ്ടി മുസാമില്‍ ഷെര്‍സാദ് മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 39 ഓവറില്‍ 133 റണ്ണിന് ഓള്‍ഔട്ടായി. ഗര്‍വ് സാങ്വാന്‍, അനീശ്വര്‍ ഗൗതം, കൗശല്‍ താംബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു നിറഞ്ഞുനിന്നു.

ബംബോലിം: ഐഎസ്എല്ലില്‍ ഇന്ന് നടക്കേണ്ട ജംഷഡ്പൂര്‍ എഫ് സി-മുംബൈ സിറ്റി എഫ് സി മത്സരം മാറ്റിവെച്ചു. ബയോ ബബ്ബിളിനകത്തെ കൊവിഡ് ബാധയെത്തുടര്‍ന്ന് ഇന്ന് മുംബൈക്കെതിരായ മത്സരത്തില്‍ ഇറങ്ങാനാവില്ലെന്ന് ജംഷഡ്പൂര്‍ എഫ് സി വ്യക്തമാക്കിയതോടെ മത്സരം മാറ്റിവെക്കുകയായിരുന്നു.

ജംഷഡ്പൂര്‍ ടീമിന്റെ ബയോ ബബ്ബിളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം ഐസോലേഷനില്‍ കഴിയുന്ന കളിക്കാര്‍ ഇതുവരെ പരിശീലന പുനരാരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്നത്തെ മത്സരത്തില്‍ നിന്ന് ടീം പിന്‍മാറിയത്. കൊവിഡ് ഭീതിയെത്തുടര്‍ന്ന് ഐഎസ്എല്ലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ മത്സരവും നേരത്തെ മാറ്റിവെച്ചിരുന്നു.

കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ഇന്നത്തേത് അടക്കം ആറ് മത്സരങ്ങളാണ് ഇതുവരെ ഈ സീസണില്‍ മാറ്റിവെച്ചത്. വെള്ളിയാഴ്ചത്തെ മത്സരം മാറ്റിവെച്ചതോടെ പോയന്റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുമെന്നുറപ്പായി.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സ് നേടിയതോടെ ചരിത്രം കുറിച്ച് വിരാട് കോഹ്ലി. ഏകദിനങ്ങളില്‍ വിദേശത്ത് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് കോഹ്ലി തന്റെ പേരിലാക്കിക്കഴിഞ്ഞു. 108 മത്സരങ്ങളില്‍ നിന്ന് 5066 റണ്‍സ് നേടിക്കൊണ്ടാണ് ഏകദിന റണ്‍വേട്ടയില്‍ കോഹ്ലി വിദേശത്തും ഇന്ത്യയുടെ കിംഗ് കോഹ്ലി ആയി മാറിയത്.

കോഹ്ലിയെക്കാള്‍ 39 മത്സരങ്ങള്‍ അധികം കളിച്ച സച്ചിന്‍ 147 വിദേശ മത്സരങ്ങളില്‍ നിന്ന് 5065 റണ്‍സാണ് നേടിയത്. 145 മത്സരങ്ങളില്‍ 4520 റണ്‍സെടുത്ത എം എസ് ധോണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 117 മത്സരങ്ങളില്‍ 3998 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ് നാലാമതും 110 മത്സരങ്ങളില്‍ 3468 റണ്‍സെടുത്ത സൗരവ് ഗാംഗുലി അഞ്ചാം സ്ഥാനത്തുമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 132 മത്സരങ്ങളില്‍ 5090 റണ്‍സെടുത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയും കോഹ്ലി ഇപ്പോള്‍ പിന്നിലാക്കി.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. ഈ സീസണിലെ മത്സരങ്ങള്‍ക്ക് ശേഷം വിരമിക്കും എന്ന് സാനിയ മിര്‍സ അറിയിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണിലെ വനിതാ ഡബിള്‍സില്‍ ആദ്യ റൗണ്ട് തോല്‍വിക്ക് പിന്നാലെയാണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയത്. തമറ സിദാന്‍സെക്- കാജ ജുവന്‍ സഖ്യത്തോടാണ് സാനിയ മിര്‍സയും 35 കാരിയായ നാദിയ കിചെനോക്കും പരാജയപ്പെട്ടത്.

‘ചില കാര്യങ്ങള്‍ ഈ തീരുമാനത്തിനു പിന്നിലുണ്ട്. ഇന്നത്തെ മത്സരത്തിനിടയില്‍ എന്റെ കാല്‍ മുട്ടില്‍ അസഹനീയമായ വേദന ഉണ്ടായിരുന്നു. അതാണ് തോല്‍വിക്ക് കാരണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ എനിക്ക് പ്രായമായി. മുന്‍പത്തെ പോലെ നന്നായി കളിക്കാന്‍ കഴിയുന്നില്ല. മത്സരങ്ങള്‍ക്കായി ഞാന്‍ എന്റെ മൂന്നുവയസുകാരനായ മകനുമായി കൂടുതല്‍ ദൂരം യാത്ര ചെയ്യുന്നത് അവന്റെ ജീവന്‍ പോലും അപകടത്തിലാക്കുന്നു’-സാനിയ മിര്‍സ പറഞ്ഞു.

വനിതാ ഡബിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ് മുപ്പത്തഞ്ച്കാരിയായ സാനിയ.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 31 റണ്‍സിന്റെ തോല്‍വി ഏറ്റ് വാങ്ങി ഇന്ത്യ. ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 84 പന്തില്‍ 79 റണ്‍സ് നേടിയ ശിഖാര്‍ ധവാനും 63 പന്തില്‍ 51 റണ്‍സ് നേടിയ വിരാട് കോഹ്ലിയും മാത്രമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ തിളങ്ങിയത്. 43 പന്തില്‍ 5 ഫോറും ഒരു സിക്‌സുമടക്കം 50 റണ്‍സ് നേടിയ ഷാര്‍ദുല്‍ താക്കൂര്‍ അവസാന ഓവറുകളില്‍ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച കെ എല്‍ രാഹുലിന് 17 പന്തില്‍ 12 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി, ഷംസി, പെഹ്ലുക്വായോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഐയ്ഡന്‍ മാര്‍ക്ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നേരത്തേ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാവുമയുടെയും വാന്‍ഡര്‍ ഡസന്റെയും മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. ഇരുവരും നാലാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 204 റണ്‍സ് കൂട്ടിചേര്‍ത്തു. ബാവുമ 143 പന്തില്‍ 110 റണ്‍സ് നേടി പുറത്തായപ്പോള്‍ വാന്‍ഡര്‍ ഡസന്‍ 96 പന്തില്‍ 9 ഫോറും നാല് സിക്‌സുമടക്കം 129 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ജൊഹന്നാസ്ബര്‍ഗ്: സെഞ്ചുറിയോടെയാണ് ഇന്ത്യയുടെ താല്‍കാലിക ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തുടക്കമിട്ടത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ ഒന്നാമനായിരുന്നു രാഹുല്‍. പിന്നാലെ ഏകദിന ടീമിനെ നയിക്കേണ്ട ചുമതല രാഹുലിനായി. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായതു കൊണ്ട് മൂന്ന് മത്സരങ്ങളിലും ഇനി രാഹുലാണ് ഇന്ത്യയെ നയിക്കുക.

ഇന്ത്യയുടെ 26-ാമത്തെ ഏകദിന ക്യാപ്റ്റനും ദക്ഷിണാഫ്രിക്കയില്‍ ക്യാപ്റ്റനായി അരങ്ങേറുന്ന ആദ്യ താരവും രാഹുല്‍ തന്നെയാണ്. മറ്റ് ഇന്ത്യന്‍ താരങ്ങളാരും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തിയിട്ടില്ല. അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവരാണ് അവസാനം എവേ ഗ്രൗണ്ടില്‍ ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തിയത്.

ഇന്ത്യയെ നയിക്കാനായതില്‍ അഭിമാനമുണ്ടെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്. ടീമിന് മികച്ച ഫലം നല്‍കാന്‍ ശ്രമിക്കുമെന്നും രാഹുല്‍ ക്യാപ്റ്റന്‍സിയെ കുറിച്ച് ചോദിച്ചപ്പോല്‍ കൂട്ടിച്ചേര്‍ത്തു.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അടിയറവ് പറഞ്ഞ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. ഡാനിയേല്‍ ലാലിംപൂയിയയും അരിദായ് കാബ്രറയുമാണ് ഒഡീഷയുടെ ഗോളുകള്‍ നേടിയത്. ജയത്തോടെ 16 പോയന്റുമായി ഒഡീഷ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഇപ്പോഴും പത്താം സ്ഥാനത്ത് തുടരുന്നു.

തുടക്കം മുതല്‍ ഒഡീഷക്ക് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ഒഡീഷയുടെ ആക്രമണങ്ങള്‍ക്ക് പലപ്പോഴും അപ്രതീക്ഷിത മിന്നാലാക്രമണങ്ങളിലൂടെയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ മറുപടി. എന്നാല്‍, ആദ്യ പകുതിയുടെ 17 മിനിറ്റില്‍ അരിദായ് സുവാരസിന്റെ പാസില്‍ നിന്ന് ലാലിംപൂയിയ ഒഡീഷയെ മുന്നിലെത്തിച്ചു. നാലു മിനിറ്റിനകം ഒഡീഷ രണ്ടാം ഗോളും നോര്‍ത്ത് ഈസ്റ്റ് വലയില്‍ എത്തിച്ചു. ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് അരിദായ് സുവാരസിന്റെ വകയായിരുന്നു ഇത്തവണ ഗോള്‍.

രണ്ടാം പകുതിയുടെ തുടക്കത്തിലെ ഗോള്‍ മടക്കാനുള്ള നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമത്തിന് മുന്നില്‍ ക്രോസ് ബാര്‍ വില്ലനായി. 58-ാം മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദിന്റെ ഗോള്‍ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 67-ാം മിനിറ്റില്‍ ലീഡുര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഒഡീഷയുടെ നന്ദകുമാര്‍ ശേഖര്‍ നഷ്ടമാക്കി.

ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാനൊരുങ്ങി ടീം ഇന്ത്യ. ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് നാളെ തുടങ്ങും. പേളിലെ ബോളണ്ട് പാര്‍ക്കിലാണ് ആദ്യ മത്സരം. കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരമ്പര കൂടിയാണിത്. മുന്‍ നായകന്‍ വിരാട് കോഹ്ലിയെ വര്‍ഷങ്ങള്‍ക്ക് ശേഷം വെറുമൊരു ബാറ്ററായി ടീമില്‍ കാണാം. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ 2 – 1 നാണ് ഡീന്‍ എല്‍ഗര്‍ ക്യാപ്ടനായ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പിച്ചത്.

ടെംപ ബാവുമയാണ് ആതിഥേയ ടീമിന്റെ നായകന്‍. ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിന പരമ്പരയിലും ആവര്‍ത്തിക്കാന്‍ ഉറച്ചാണ് ബാവുമയുടെ ടീമിന്റെ ഒരുക്കം. ബൗളിംഗ് സെന്‍സേഷന്‍ ജാന്‍സന്‍ ഏകദിന ടീമില്‍ അരങ്ങേറും.

ടെസ്റ്റില്‍ നിന്ന് വിരമിച്ച ക്വിന്റണ്‍ ഡിക്കോക്കും വെറ്ററന്‍ താരം വെയ്ന്‍ പാര്‍ണലും, ബാറ്റര്‍ ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉണ്ട്. കേശവ് മഹാരാജാണ് ഉപനായകന്‍. റബാദ – എന്‍ഗീഡി – ജാന്‍സന്‍ പേസ് ത്രയം ഏകദിന പരമ്പരയിലും എത്തുന്നുണ്ട്. ആദ്യ രണ്ട് ഏകദിനങ്ങള്‍ പേളിലെ ബോളണ്ട് പാര്‍ക്കില്‍ നടക്കും. അവസാന ഏകദിനം കേപ്പ് ടൌണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വെങ്കിടേഷ് അയ്യരുടെ അരങ്ങേറ്റത്തിനും പരമ്പര വേദിയാകും. ജസ്പ്രീത് ബൂമ്രയാണ് ടീമിന്റെ ഉപനായകന്‍.

ന്യൂഡല്‍ഹി: വിരാട് കോഹ്ലിക്ക് ശേഷം രോഹിത് ശര്‍മയോ, കെ എല്‍ രാഹുലോ റിഷഭ് പന്തോ ആരാകും ഇനി ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുക എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് തുറന്നു പറയുകയാണ് ജസ്പ്രിത് ബുംറ. ‘ഉത്തരവാദിത്വം ഏല്‍പ്പിച്ചാല്‍ അത് തീര്‍ച്ചയായും നിര്‍വഹിക്കും,
അവസരം ലഭിച്ചാല്‍ അതൊരു ബഹുമതിയാണ്, ഒരു കളിക്കാരനും വേണ്ടെന്ന് പറയുമെന്ന് ഞാന്‍ കരുതുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബുംറ പറഞ്ഞു.

വിരാട് കോഹ്ലിയുടെ വിരമിക്കലിനെ കുറിച്ച്, ‘അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. തന്റെ ശരീരത്തിനെക്കുറിച്ചും മാനസികാവസ്ഥയെക്കുറിച്ചും അദ്ദേഹത്തിന് ബോധ്യമുണ്ട്. അതിനെ ഞങ്ങള്‍ ബഹുമാനിക്കുന്നു. കോഹ്ലിയുടെ കീഴില്‍ കളിക്കാന്‍ സാധിച്ചത് സന്തോഷകരമായ ഒന്നാണ്. ഞാന്‍ അരങ്ങേറ്റം കുറിച്ചത് കോഹ്ലി നായകനായിരുന്നപ്പോഴാണ്, എന്ന് ബുംറ വ്യക്തമാക്കി.

‘കോഹ്ലി ടീമിന് ഊര്‍ജം നല്‍കി. ശാരീരിക ക്ഷമത വേണമെന്ന ഒരു സംസ്‌കാരം തന്നെ സൃഷ്ടിച്ചു. കോഹ്ലിയുടെ കീഴില്‍ എല്ലാവരും ഒരു ദിശയിലായിരുന്നു. അദ്ദേഹം ഇനിയും ടീമിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പുണ്ട്,’ താരം കൂട്ടിച്ചേര്‍ത്തു.

മുംബൈ: വിരാട് കോലി രാജിവച്ചെ ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അടു്തത ക്യാപ്റ്റന്‍ ആരായിരിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മറ്റു രണ്ട് ഫോര്‍മാറ്റിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആയതുകൊണ്ടു തന്നെ രോഹിത് തന്നെയാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാന്‍ സാധ്യത.

മറ്റ് താരങ്ങളായ കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പേരുകളും നായകസ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും മുന്‍ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെ നിര്‍ദേശത്തില്‍ രാഹുല്‍ ക്യാപ്റ്റനാവണമെന്നാണ്. ”ദീര്‍ഘനാളത്തേക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് ടീമിന്റെ ക്യാപ്റ്റനാവേണ്ടത്. അതുകൊണ്ടുതന്നെ ഞാന്‍ നിര്‍ദേശിക്കുന്നത് രാഹുലിന്റെ പേരാണ്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരമായി കളിക്കുന്ന താരമാണ് രാഹുല്‍. നായകസ്ഥാനം ഏറ്റെടുക്കാന്‍ യോഗ്യനായ താരം രാഹുല്‍ തന്നെയാണ്.” ജഗ്ദലെ അഭിപ്രായപ്പെടുന്നു.

അതേസമയം, കോലി ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവന ഒരാള്‍ക്കും വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.