ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് ഒഡീഷ എഫ്‌സി

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അടിയറവ് പറഞ്ഞ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ പകുതിയിലായിരുന്നു രണ്ടു ഗോളുകളും. ഡാനിയേല്‍ ലാലിംപൂയിയയും അരിദായ് കാബ്രറയുമാണ് ഒഡീഷയുടെ ഗോളുകള്‍ നേടിയത്. ജയത്തോടെ 16 പോയന്റുമായി ഒഡീഷ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഇപ്പോഴും പത്താം സ്ഥാനത്ത് തുടരുന്നു.

തുടക്കം മുതല്‍ ഒഡീഷക്ക് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. ഒഡീഷയുടെ ആക്രമണങ്ങള്‍ക്ക് പലപ്പോഴും അപ്രതീക്ഷിത മിന്നാലാക്രമണങ്ങളിലൂടെയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ മറുപടി. എന്നാല്‍, ആദ്യ പകുതിയുടെ 17 മിനിറ്റില്‍ അരിദായ് സുവാരസിന്റെ പാസില്‍ നിന്ന് ലാലിംപൂയിയ ഒഡീഷയെ മുന്നിലെത്തിച്ചു. നാലു മിനിറ്റിനകം ഒഡീഷ രണ്ടാം ഗോളും നോര്‍ത്ത് ഈസ്റ്റ് വലയില്‍ എത്തിച്ചു. ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് അരിദായ് സുവാരസിന്റെ വകയായിരുന്നു ഇത്തവണ ഗോള്‍.

രണ്ടാം പകുതിയുടെ തുടക്കത്തിലെ ഗോള്‍ മടക്കാനുള്ള നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമത്തിന് മുന്നില്‍ ക്രോസ് ബാര്‍ വില്ലനായി. 58-ാം മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദിന്റെ ഗോള്‍ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 67-ാം മിനിറ്റില്‍ ലീഡുര്‍ത്താന്‍ ലഭിച്ച സുവര്‍ണാവസരം ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഒഡീഷയുടെ നന്ദകുമാര്‍ ശേഖര്‍ നഷ്ടമാക്കി.