ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തില്‍ തോല്‍വി രുചിച്ച് ഇന്ത്യ

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 31 റണ്‍സിന്റെ തോല്‍വി ഏറ്റ് വാങ്ങി ഇന്ത്യ. ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 84 പന്തില്‍ 79 റണ്‍സ് നേടിയ ശിഖാര്‍ ധവാനും 63 പന്തില്‍ 51 റണ്‍സ് നേടിയ വിരാട് കോഹ്ലിയും മാത്രമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ തിളങ്ങിയത്. 43 പന്തില്‍ 5 ഫോറും ഒരു സിക്‌സുമടക്കം 50 റണ്‍സ് നേടിയ ഷാര്‍ദുല്‍ താക്കൂര്‍ അവസാന ഓവറുകളില്‍ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച കെ എല്‍ രാഹുലിന് 17 പന്തില്‍ 12 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എങ്കിഡി, ഷംസി, പെഹ്ലുക്വായോ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ഐയ്ഡന്‍ മാര്‍ക്ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. നേരത്തേ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാവുമയുടെയും വാന്‍ഡര്‍ ഡസന്റെയും മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. ഇരുവരും നാലാം വിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 204 റണ്‍സ് കൂട്ടിചേര്‍ത്തു. ബാവുമ 143 പന്തില്‍ 110 റണ്‍സ് നേടി പുറത്തായപ്പോള്‍ വാന്‍ഡര്‍ ഡസന്‍ 96 പന്തില്‍ 9 ഫോറും നാല് സിക്‌സുമടക്കം 129 റണ്‍സ് നേടി പുറത്താകാതെ നിന്നു.