പ്രോവിഡന്‍സ്: കൗമാര ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ടീം ഇന്ത്യ സൂപ്പര്‍ ലീഗില്‍ കടന്നു. ബി ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ അയര്‍ലന്‍ഡിനെ 174 റണ്ണിനു തോല്‍പ്പിച്ചാണ് ഇന്ത്യ സൂപ്പര്‍ ലീഗിലെത്തിയത്.
നായകന്‍ യഷ് ധൂല്‍, ഉപനായകന്‍ എസ്.കെ. റാഷിദ് എന്നിവര്‍ ഉള്‍പ്പെടെ അഞ്ചിലധികം താരങ്ങള്‍ കൊവിഡ് മൂലം ഐസൊലേഷനിലായിരുന്നിട്ടും ഇന്ത്യയുടെ പോരാട്ട വീര്യം അണഞ്ഞില്ല. നിഷാന്ത് സിന്ധു ആണ് അയര്‍ലന്‍ഡിനെതിരേ ഇന്ത്യന്‍ ടീമിനെ നയിച്ചത്. ജനുവരി 26 നാണ് ഇന്ത്യയുടെ സൂപ്പര്‍ ലീഗ് മത്സരം. നാളെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഉഗാണ്ടയെ നേരിടും.
അയര്‍ലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്ണെടുത്തു. 79 പന്തില്‍ രണ്ട് സിക്സറും 10 ഫോറുമടക്കം 79 റണ്ണെടുത്ത അങ്ക്രിഷ് രഘുവംശി, 101 പന്തില്‍ 88 റണ്ണെടുത്ത ഹര്‍നൂര്‍ സിങ് എന്നിവരുടെ ഓപ്പണിങ് ജോഡിയാണ് ഇന്ത്യയുടെ ജയത്തിനു തറക്കല്ലിട്ടത്. രാജ് ബാവ (64 പന്തില്‍ 42), നിഷാന്ത് സിന്ധു (34 പന്തില്‍ 36), രാജ്യവര്‍ധന്‍ ഹാംഗാര്‍ഗേകര്‍ (17 പന്തില്‍ അഞ്ച് സിക്സറും ഒരു ഫോറുമടക്കം പുറത്താകാതെ 39) എന്നിവരും കിട്ടിയ അവസരം മുതലാക്കി. അയര്‍ലന്‍ഡിനു വേണ്ടി മുസാമില്‍ ഷെര്‍സാദ് മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 39 ഓവറില്‍ 133 റണ്ണിന് ഓള്‍ഔട്ടായി. ഗര്‍വ് സാങ്വാന്‍, അനീശ്വര്‍ ഗൗതം, കൗശല്‍ താംബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു നിറഞ്ഞുനിന്നു.

