Sports (Page 142)

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയോട് അടിയറവ് പറഞ്ഞ് ഈസ്റ്റ് ബംഗാള്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് വിജയം. ഒഗ്‌ബെച്ചെ മൂന്ന് ഗോളുകള്‍ നേടിയപ്പോള്‍ അനികേത് ജാദവ് ആണ് ഒരു ഗോള്‍ നേടിയത്.

ഒഗ്‌ബെച്ചെയുടെ ട്രിപ്പിള്‍ സ്ട്രൈക്ക് (21, 44, 74 മിനിറ്റ്) ഗോള്‍ സ്‌കോറിംഗ് ചാര്‍ട്ടില്‍ തന്റെ ലീഡ് വര്‍ധിപ്പിച്ചു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിനെ പിന്നിലേക്ക് തള്ളി 20 പോയിന്റുമായി പട്ടികയില്‍ ഹൈദരാബാദ് ഒന്നാം സ്ഥാനത്തെത്തി.

ആദ്യപകുതി അവസാനിക്കുമ്പോള്‍ തന്നെ അവര്‍ മൂന്ന് ഗോളുകള്‍ നേടിയിരുന്നു. ഹൈദരാബാദ് എഫ്സിയുടെ അവരുടെ അടുത്ത മത്സരം ഒഡീഷയുമായിട്ടാണ്.

ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാനയെ ഐസിസിയുടെ 2021ലെ മികച്ച വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുത്തു. ഐസിസിയുടെ വനിതാ ടി-20 ടീമില്‍ ഇടം നേടിയ ശേഷം, ഐസിസി വനിതാ ക്രിക്കറ്റര്‍ക്കുള്ള റേച്ചല്‍ ഹെയ്‌ഹോ-ഫ്‌ലിന്റ് ട്രോഫി സ്മൃതി സ്വന്തമാക്കി.

2021-ല്‍ 22 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 38.86 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 855 റണ്‍സ് നേടിയതാണ് മന്ഥാനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

2018ന് ശേഷം രണ്ടാം തവണയാണ് താരം ഇത് സ്വന്തമാക്കുന്നത്. ഇടം കൈയ്യന്‍ ഓപ്പണര്‍ ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമോണ്ട്, ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീ, അയര്‍ലന്‍ഡിന്റെ ഗാബി ലൂയിസ് എന്നിവരെ പരാജയപ്പെടുത്തിയാണ് ബഹുമതി കരസ്ഥമാക്കുന്നത്.

.

ബാംബോലിം: ഐഎസ്എല്‍ മത്സരത്തില്‍ എഫ്‌സി ഗോവയ്‌ക്കെതിരെ ബംഗളൂരു എഫ്‌സിക്കു സമനില (1-1). 41-ാം മിനിറ്റില്‍ ഡൈലന്‍ ഫോക്‌സിന്റെ ഗോളില്‍ ഗോവ മുന്നിലെത്തിയെങ്കിലും 61-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ ബംഗളൂരു സമനില നേടുകയായിരുന്നു.

48 ഗോളുകളോടെ ഛേത്രി ഫെറാന്‍ കൊറോമിനാസിനൊപ്പം ഒന്നാമതെത്തി. ഇന്നലത്തെ 2-ാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും ഒഡീഷ എഫ്‌സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു

അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന – ടി20 പരമ്പരക്ക് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ എത്തുന്നു. പുതിയ അറിയിപ്പ് പ്രകാരം ഏകദിന മത്സരങ്ങള്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ടി20 മത്സരങ്ങള്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലുമാണ് നടക്കുക.

6 വേദികളിലായി മത്സരം നടത്താനായിരുന്നു ബിസിസിഐ നേരത്തെ നിശ്ചയിച്ചിരുന്നത്. പരമ്പരയില്‍ ഫെബ്രുവരി 20ന് നടക്കുന്ന അവസാനത്തെ മല്‍സരത്തിനായിരുന്നു കേരളം വേദിയാവേണ്ടിയിരുന്നത്. എന്നാല്‍ പുതിയ കോവിഡ് സാഹചര്യത്തില്‍ താരങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷ കണക്കിലെടുത്താണ് വേദി രണ്ടാക്കി കുറച്ചത്.

നേരത്തെ 3 തവണയാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ളത്. ന്യൂസിലന്റിനെതിരെ 2017 ല്‍ ടി20 മത്സരമാണ് ആദ്യമായി കളിച്ച മത്സരം. പന്നീട് 2018 ലും 2019 ലും വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 യും കളിച്ചിരുന്നു.

2022-ലെ സയിദ് മോദി രാജ്യാന്തര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്നു നടന്ന ഫൈനലില്‍ മഹാരാഷ്ട്ര സ്വദേശിയായ മാള്‍വിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തോല്‍പിച്ച് വിജയം കരസ്ഥമാക്കി ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി. വി സിന്ധു. രണ്ടു തവണ ഒളിമ്ബിക് മെഡല്‍ ജേതാവായ സിന്ധുവിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഒരു ഘട്ടത്തില്‍പ്പോലും മാള്‍വികയ്ക്കായില്ല.

21-13, 21-16 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. ഉത്തര്‍പ്രദേശിലെ ബാബു ബന്‍സാരി ദാസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വെറും 28 മിനിറ്റുകള്‍ കൊണ്ടു സിന്ധു മത്സരം അവസാനിപ്പിച്ചു കിരീടം ചൂടി. 2021-ല്‍ മികച്ച ജയങ്ങള്‍ നേടാനാവാതെ പോയ സിന്ധുവിന് 2022-ല്‍ കിരീട നേട്ടത്തോടെ തുടങ്ങാനായി.

ഐപിഎല്‍ -2022 മാര്‍ച്ച് 27ന് ആരംഭിച്ച് മുതല്‍ മെയ് അവസാന വാരം വരെ ആയിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ടീം ഉടമകളുടെ ആഗ്രഹപ്രകാരമാണ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഐപിഎല്ലിന്റെ 15-ാം സീസണ്‍ മാര്‍ച്ച് അവസാന വാരത്തില്‍ ആരംഭിക്കുമെന്നും മെയ് അവസാനം വരെ നടക്കുമെന്നും സ്ഥിരീകരിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഭൂരിഭാഗം ടീം ഉടമകളും ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു, ബിസിസിഐ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ ഷാ വ്യക്തമാക്കി.

‘അഹമ്മദാബാദ് ലഖ്നൗ എന്നീ രണ്ട് പുതിയ ടീമുകളോടെ ഇന്ത്യയില്‍ 2022 എഡിഷന്‍ നടത്താന്‍ ബിസിസിഐ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഐപിഎല്‍ ഇന്ത്യയില്‍ തുടരുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ഒരു കല്ലും ഉപേക്ഷിക്കില്ലെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും, ‘ഷാ പറഞ്ഞു. കളിക്കാരും മാച്ച് ഒഫീഷ്യലുകളും ഉള്‍പ്പെടെ എല്ലാ പങ്കാളികളുടെയും ആരോഗ്യ സുരക്ഷയാണ് ബോര്‍ഡിന് പരമപ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അണ്ടര്‍-19 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ഉഗാണ്ടയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍. ആദ്യം ബാറ്റ് ചെയ്ത മുന്‍ ചാമ്പ്യന്മാര്‍ അങ്ക്രിഷ് രഘുവന്‍ഷി (144), രാജ് ബാവ (162) എന്നിവരുടെ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 405 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ട നേടിയത് 79 റണ്‍സാണ്.

തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുക എന്ന നയമായിരുന്നു ഇന്ത്യക്ക്. ക്രീസിലെത്തിയ ഏഴ് ബാറ്റര്‍മാരില്‍ ആറ് പേരുടേയും പ്രഹരശേഷി 100 ന് മുകളിലായിരുന്നു. രഘുവന്‍ഷി, രാജ് ബാവ എന്നിവരൊഴിച്ച് ആരും വലിയ സ്‌കോറിലേക്ക് എത്തിയില്ല. 120 പന്തില്‍ നിന്നായിരുന്നു രഘുവന്‍ഷി 144 റണ്‍സ് നേടിയത്. 22 ഫോറും നാല് സിക്‌സറുകളും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. രാജ് ബാവയാകട്ടെ കേവലം 108 പന്തില്‍ നിന്നാണ് 162 റണ്‍സ് എടുത്തത്. 14 ഫോറുകളും എട്ട് സിക്‌സറുകളും ഉള്‍പ്പെട്ട തകര്‍പ്പന്‍ ബാറ്റിങ്. ഉഗാണ്ടക്കായി പാസ്‌കല്‍ മുരുങ്കി മൂന്ന് വിക്കറ്റെടുത്തു.

കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഉഗാണ്ട പോരാട്ടം പോലും കാഴ്ച വെക്കാതെയായിരുന്നു കീഴടങ്ങിയത്. ബാറ്റിങ് നിരയില്‍ മുരുങ്കിയും (34) റൊണാള്‍ഡ് ഒപ്പിയോയും (11) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കായി നിഷാന്ത് സിന്ധും നാല് വിക്കറ്റ് നേടി. അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ തവണയാണ് വലിയ വിജയം ഇന്ത്യ സ്വന്തമാക്കുന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുഭാഷ് ഭൗമിക് കൊല്‍ക്കത്തയില്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. 1970ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു അദ്ദേഹം.

1950 ഒക്ടോബര്‍ 2 ന് ജനിച്ച ഭൗമിക് 1970 ജൂലൈ 30 ന് ഫാര്‍മോസയ്ക്കെതിരായ മെര്‍ദേക്ക കപ്പില്‍ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു.24 അന്താരാഷ്ട്ര മത്സരങ്ങളില്‍ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു, ഈ പ്രക്രിയയില്‍ ഒമ്ബത് ഗോളുകള്‍ നേടി. 1971 ലെ മെര്‍ദേക്ക കപ്പില്‍ ഫിലിപ്പീന്‍സിനെതിരായ ഹാട്രിക്ക് ഉള്‍പ്പെടെ ആ മത്സരം ഇന്ത്യ 5-1 ന് വിജയിച്ചു. നിരവധി മികച്ച ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി കളിച്ച അദ്ദേഹം ദേശീയ ടീമിനെ പരിശീലിപ്പിക്കുക എന്ന നേട്ടവും അദ്ദേഹം നേടി.

ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയതിന് പുറമേ, സിംഗപ്പൂരില്‍ നടന്ന പെസ്റ്റ സുകാന്‍ കപ്പില്‍ ദക്ഷിണ വിയറ്റ്‌നാമിനെതിരെ (1971) സംയുക്ത ജേതാക്കളായ ഇന്ത്യന്‍ ടീമിലെ വിജയിയായിരുന്നു ഭൗമിക്. 1970 ലെ മെര്‍ദേക്ക കപ്പില്‍ വെങ്കല മെഡലും നേടി 1971-ല്‍ സോവിയറ്റ് യൂണിയനില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു.

2022 ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകളായ അഹമ്മദാബാദും ലക്‌നൗവും അവരുടെ 3 താരങ്ങളെ പ്രഖ്യാപിച്ചു. അഹമ്മദാബാദ് ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി ഹാര്‍ദ്ദിക്ക് പാണ്ട്യ (15 കോടി) റാഷീദ് ഖാന്‍ (15 കോടി) ശുഭ്മാന്‍ ഗില്‍ (8 കോടി) എന്നിവരെയാണ് ടീമില്‍ എത്തിച്ചത്. ലക്‌നൗ ടീം കെല്‍ രാഹുല്‍ (17 കോടി) മാര്‍ക്കസ് സ്റ്റോണിസ് (9.2 കോടി) രവി ബിഷ്‌ണോയി (4 കോടി ) എന്നിവരുമായാണ് കരാറിലെത്തിയത്.

അഹമ്മദാബാദിന്റെ ഡയറക്ടറായി വിക്രം സോളങ്കിയും ഓള്‍റൗണ്ടര്‍ ടീമിനെ നയിക്കുക ഹാര്‍ദ്ദിക്ക് പാണ്ട്യയുമാണ്. ആശീഷ് നെഹ്‌റ ഹെഡ് കോച്ചായി എത്തുമ്പോള്‍ ബാറ്റിംഗ് കോച്ചായി എത്തുന്നത് ഗാരി കിര്‍സ്റ്റ്യെനാണ്. മുന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുലാണ് ലക്‌നൗ ടീമിനെ നയിക്കുക. ആന്‍ഡി ഫ്‌ളവര്‍ കോച്ചും മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെ മെന്ററുമായും ലക്‌നൗ ഫ്രാഞ്ചൈസി നിയമിച്ചട്ടുണ്ട്. ഫെബ്രുവരി 12 നും 13 നുമാണ് മെഗാ ലേലം നടക്കുക.

പാള്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ആദ്യ രണ്ട് ഏകദിനവും ജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

ജന്നെമാന്‍ മലാന്‍ (91), ക്വിന്റണ്‍ ഡി കോക്ക് (78) എന്നിവര്‍ ഒന്നാം വിക്കറ്റില്‍ 132 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഡി കോക്കിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഷാര്‍ദുല്‍ ഠാക്കൂര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും സമയം വൈകിയിരുന്നു. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ തെംബ ബവൂമയും (35) വിജയത്തില്‍ മോശമല്ലാത്ത പങ്കുവഹിച്ചു. മലാനൊപ്പം 80 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. മലാനെ ബുമ്ര ബൗള്‍ഡാക്കി. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ബവൂമയെ യൂസ്വേന്ദ്ര ചാഹല്‍ സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കി. എന്നാല്‍, എയ്ഡന്‍ മാര്‍ക്രം (37)- റാസി വന്‍ ഡര്‍ ഡസ്സന്‍ (37) കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

63 റണ്‍സുള്ളപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 29 റണ്‍സെടുത്ത ശിഖര്‍ ധവാനെ എയ്ഡന്‍ മാര്‍ക്രം പുറത്താക്കി. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോലിക്ക് (0) റണ്‍സൊന്നും സാധിച്ചില്ല. കേശവ് മഹാരാജിന്റെ പന്തില്‍ കവറില്‍ തെംബ ബവൂമക്ക് ക്യാച്ച്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന രാഹുല്‍- പന്ത് സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രാഹുലിനെ പുറത്താക്കി സിസാന്‍ഡ മഗാല ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. ക്യാപ്റ്റന്‍ പോയതോടെ പന്തിനും അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. ഷംസിയുടെ പന്തില്‍ മാര്‍ക്രത്തിന് ക്യാച്ച് നല്‍കി മടങ്ങി. രണ്ട് സിക്സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യര്‍ (11) തുടര്‍ച്ചയായ രണ്ടാം തവണയും പരാജയപ്പെട്ടു. ഷംസിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഠാക്കൂര്‍- ആര്‍ അശ്വിന്‍ (24 പന്തില്‍ പുറത്താവാതെ 25) സഖ്യം ഇന്ത്യയെ സുരക്ഷിതമായ തീരങ്ങളിലെത്തിച്ചു. തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റ് നേടി.