കണക്ക് തീര്‍ക്കാനൊരുങ്ങി ടീം ഇന്ത്യ: ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പര നാളെ തുടങ്ങും

ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് കണക്ക് തീര്‍ക്കാനൊരുങ്ങി ടീം ഇന്ത്യ. ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് നാളെ തുടങ്ങും. പേളിലെ ബോളണ്ട് പാര്‍ക്കിലാണ് ആദ്യ മത്സരം. കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരമ്പര കൂടിയാണിത്. മുന്‍ നായകന്‍ വിരാട് കോഹ്ലിയെ വര്‍ഷങ്ങള്‍ക്ക് ശേഷം വെറുമൊരു ബാറ്ററായി ടീമില്‍ കാണാം. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയില്‍ 2 – 1 നാണ് ഡീന്‍ എല്‍ഗര്‍ ക്യാപ്ടനായ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോല്‍പിച്ചത്.

ടെംപ ബാവുമയാണ് ആതിഥേയ ടീമിന്റെ നായകന്‍. ടെസ്റ്റ് പരമ്പരയിലെ ആധിപത്യം ഏകദിന പരമ്പരയിലും ആവര്‍ത്തിക്കാന്‍ ഉറച്ചാണ് ബാവുമയുടെ ടീമിന്റെ ഒരുക്കം. ബൗളിംഗ് സെന്‍സേഷന്‍ ജാന്‍സന്‍ ഏകദിന ടീമില്‍ അരങ്ങേറും.

ടെസ്റ്റില്‍ നിന്ന് വിരമിച്ച ക്വിന്റണ്‍ ഡിക്കോക്കും വെറ്ററന്‍ താരം വെയ്ന്‍ പാര്‍ണലും, ബാറ്റര്‍ ഡേവിഡ് മില്ലറും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഉണ്ട്. കേശവ് മഹാരാജാണ് ഉപനായകന്‍. റബാദ – എന്‍ഗീഡി – ജാന്‍സന്‍ പേസ് ത്രയം ഏകദിന പരമ്പരയിലും എത്തുന്നുണ്ട്. ആദ്യ രണ്ട് ഏകദിനങ്ങള്‍ പേളിലെ ബോളണ്ട് പാര്‍ക്കില്‍ നടക്കും. അവസാന ഏകദിനം കേപ്പ് ടൌണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വെങ്കിടേഷ് അയ്യരുടെ അരങ്ങേറ്റത്തിനും പരമ്പര വേദിയാകും. ജസ്പ്രീത് ബൂമ്രയാണ് ടീമിന്റെ ഉപനായകന്‍.