കൊവിഡ്: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍-മൂംബൈ സിറ്റി എഫ്‌സി മത്സരം മാറ്റി

ബംബോലിം: ഐഎസ്എല്ലില്‍ ഇന്ന് നടക്കേണ്ട ജംഷഡ്പൂര്‍ എഫ് സി-മുംബൈ സിറ്റി എഫ് സി മത്സരം മാറ്റിവെച്ചു. ബയോ ബബ്ബിളിനകത്തെ കൊവിഡ് ബാധയെത്തുടര്‍ന്ന് ഇന്ന് മുംബൈക്കെതിരായ മത്സരത്തില്‍ ഇറങ്ങാനാവില്ലെന്ന് ജംഷഡ്പൂര്‍ എഫ് സി വ്യക്തമാക്കിയതോടെ മത്സരം മാറ്റിവെക്കുകയായിരുന്നു.

ജംഷഡ്പൂര്‍ ടീമിന്റെ ബയോ ബബ്ബിളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം ഐസോലേഷനില്‍ കഴിയുന്ന കളിക്കാര്‍ ഇതുവരെ പരിശീലന പുനരാരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്നത്തെ മത്സരത്തില്‍ നിന്ന് ടീം പിന്‍മാറിയത്. കൊവിഡ് ഭീതിയെത്തുടര്‍ന്ന് ഐഎസ്എല്ലില്‍ ഇന്ന് നടക്കേണ്ടിയിരുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ മത്സരവും നേരത്തെ മാറ്റിവെച്ചിരുന്നു.

കൊവിഡ് രോഗബാധയെത്തുടര്‍ന്ന് ഇന്നത്തേത് അടക്കം ആറ് മത്സരങ്ങളാണ് ഇതുവരെ ഈ സീസണില്‍ മാറ്റിവെച്ചത്. വെള്ളിയാഴ്ചത്തെ മത്സരം മാറ്റിവെച്ചതോടെ പോയന്റ് പട്ടികയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്ത് തുടരുമെന്നുറപ്പായി.