Sports (Page 141)

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ ഇക്വഡോറിന് സമനില. മത്സരം തുടങ്ങി അഞ്ച് മിനിറ്റുകള്‍ക്കകം ക്ലോസ് റേഞ്ചില്‍ നിന്ന് ഷോട്ടുതിര്‍ത്ത കാസിമെറോയിലൂടെ ബ്രസീലായിരുന്നു ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 75-ആം മിനിറ്റില്‍ ഇക്വഡോറിന് വേണ്ടി ടോറസ് ഗോള്‍ മടക്കി.

ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ രണ്ടുതവണ റെഡ് കാര്‍ഡ് കണ്ടെങ്കിലും വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) അത് റദ്ദാക്കുകയായിരുന്നു.
30 മിനിറ്റിനിടെ നാല് റെഡ് കാര്‍ഡുകള്‍ കണ്ട മത്സരത്തില്‍ നിരവധി തവണ റെഡ് കാര്‍ഡുകള്‍ ഉയര്‍ത്തുകയും ‘വാര്‍’ വിലയിരുത്തലില്‍ അത് അസാധുവാക്കുകയും ചെയ്ത കൊളംബിയന്‍ റഫറി വില്‍മര്‍ റോള്‍ഡന്‍ ശ്രദ്ധാകേന്ദ്രമായി.

അതേസമയം, ചിലിക്കെതിരെ അര്‍ജന്റീന വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. തോല്‍വിയോടെ ചിലി ലോകകപ്പിന് യോഗ്യത നേടാതെ പുറത്താവുകയും ചെയ്തു.

ലോക ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ സെമിയിലെത്തി. ആദ്യമായാണ് അഫ്ഗാനിസ്താന്‍ ഐസിസിയുടെ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ നാല് റണ്‍സിന് കീഴടക്കിയാണ് അഫ്ഗാന്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്.

ശ്രീലങ്ക അഫ്ഗാനെ വെറും 134 റണ്‍സിലാണ് ഓള്‍ ഔട്ടാക്കിയത്. 9.1 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വിനുജ റാന്‍പോളാണ് അഫ്ഗാന്റെ നടുവൊടിച്ചത്. നായകന്‍ വെല്ലാലാഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. 37 റണ്‍സെടുത്ത അബ്ദുള്‍ ഹാദിയും 30 റണ്‍സെടുത്ത നൂര്‍ അഹമ്മദും മാത്രമാണ് അഫ്ഗാന്‍ നിരയില്‍ പിടിച്ചു നിന്നത്.

34 റണ്‍സെടുത്ത നായകന്‍ വെല്ലാലാഗെയാണ് ശ്രീലങ്കയ്ക്ക് വേണ്ടി പിടിച്ചു നിന്നത്. നാല് താരങ്ങള്‍ റണ്ണൗട്ടാകുകയും ചെയ്തു. അഫ്ഗാനുവേണ്ടി ബിലാല്‍ സമി രണ്ട് വിക്കറ്റെടുത്തപ്പോള്‍ നവീദ് സദ്രാന്‍, നൂര്‍ അഹമ്മദ്, ഇസാറുള്‍ ഹഖ്, നംഗേയലിക്ക ഖറോട്ടെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്‌കോര്‍: അഫ്ഗാനിസ്താന്‍ 47.1 ഓവറില്‍ 134/10. ശ്രീലങ്ക 46 ഓവറില്‍ 130/10

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍ ഒഡിഷ എഫ്സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് ഒന്നാം സ്ഥാനം ഉറപ്പിച്ച് ഹൈദരാബാദ് എഫ് സി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജെറി മാവിങ്താങയുടെ ഗോളില്‍ മുന്നിലെത്തിയ ഒഡിഷയെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജോയല്‍ ചിയാന്‍സെയുടെ ഗോളിലാണ് ഹൈദരാബാദ് സമനിലയില്‍ പിടിച്ചത്.

എഴുപതാം മിനിറ്റില്‍ ജാവോ വിക്ടര്‍ ഹൈദരാബാദിന് ലീഡ് സമ്മാനിച്ച് രണ്ടാം ഗോള്‍ നേടി. തൊട്ടുപിന്നാലെ ആകാശ് മിശ്ര ഹൈദരാബാദിന്റെ വിജയമുറപ്പിച്ച് മൂന്നാം ഗോളും ഒഡിഷ വലയിലെത്തിച്ചു. എന്നാല്‍ 84-ാം മിനിറ്റില്‍ ജോനാഥാസ് ജീസസിലൂടെ ഒറു ഗോള്‍ കൂടി മടക്കി ഒഡിഷ മത്സരം ആവേശകരമാക്കിയെങ്കിലും സമനില ഗോള്‍ മാത്രം കണ്ടെത്താന്‍ അവര്‍ക്കായില്ല. 45-ാം മിനിറ്റില്‍ ജെറി ഒഡിഷയെ മുന്നിലെത്തിച്ചു. നന്ദകുമാര്‍ ശേഖറിന്റെ പാസില്‍ നിന്നായിരുന്നു ജെറിയുടെ ഗോള്‍. എന്നാല്‍, രണ്ടാം പകുതി പൂര്‍ണമായും ഹൈദരാബാദിന് അവകാശപ്പെട്ടതായിരുന്നു.

ആകാശ് മിശ്രയുടെ പാസില്‍ നിന്ന് ചിയാന്‍സെ 51-ാം മിനിറ്റില്‍ തന്നെ ഹൈദരാബാദിന് സമനില ഗോള്‍ സമ്മാമനിച്ചു. 70ാം മിനിറ്റില്‍ നായകന്‍ ജോവോ വിക്ടറിന്റെ ഒറ്റക്കുള്ള മുന്നേറ്റം ഹൈദരാബാദിന് ലീഡ് സമ്മാനിക്കുകയും ചെയ്തു. മൂന്ന് മിനിറ്റിനകം യാസിര്‍ മൊഹമ്മദിന്റെ ഫ്രീ കിക്കില്‍ നിന്ന് ആകാശ് മിശ്ര ഹൈദരാബാദിന്റെ ലീഡുയര്‍ത്തി. 84-ാം മിനിറ്റില്‍ റെഡീം തലാങിന്റെ പാസില്‍ നിന്ന് പകരക്കാരനായി ഇറങ്ങിയ ജൊനാഥാസ് ഒരു ഗോള്‍ കൂടി മടക്കി.

മസ്‌കത്ത്: ഏഷ്യ കപ്പ് വനിത ഹോക്കി ടൂര്‍ണമെന്റില്‍ പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ. സുല്‍ത്താന്‍ ഖാബൂസ് സ്പോര്‍ട്സ് കോംപ്ലക്സില്‍ നടന്ന ആദ്യ സെമിയില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ ദക്ഷിണ കൊറിയയോട് പൊരുതി തോറ്റത്. ഇയുന്‍ബി ചെറോണ്‍, സിയുങ് ജു ലീ, ഹെയ്ജിന്‍ ചോ എന്നിവര്‍ ദക്ഷിണ കൊറിയക്കായി ഗോള്‍ നേടിയപ്പോള്‍ നേഹ, ലാല്‍റെംസി എന്നിവരായിരുന്നു ഇന്ത്യക്കായി ഗോള്‍ നേടിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളില്‍ സിംഗപ്പൂരിനെയും മലേഷ്യയെയും തകര്‍ത്തായിരുന്നു ഇന്ത്യ സെമിയില്‍ കടന്നത്. ഇതോടെ ലോകകപ്പ് ഹോക്കിയില്‍ പങ്കെടുക്കാന്‍ ഇന്ത്യ അര്‍ഹത നേടിയിരുന്നു.

രണ്ടാം സെമിഫൈനലില്‍ ജപ്പാന്‍ ചൈനയെ പരാജയപ്പെടുത്തി. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ജപ്പാന്‍ ദക്ഷിണ കൊറിയയെയും മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യ-ചൈനയെയും നേരിടും.

മുംബൈ: ഫെബ്രുവരി ആറിന് അഹമ്മദാബാദില്‍ തുടങ്ങുന്ന വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ഏകദിന, ടി-ട്വന്റി ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നായകനായി തിരിച്ചെത്തും. പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ദീപക് ഹൂഡ, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയി, ആവേശ്ഖാന്‍ എന്നിവരും ടീമിലുണ്ട്. മൂന്ന് ഏകദിനവും മൂന്ന് ടി-ട്വന്റിയുമാണ് ഉണ്ടാവുക.

ടി 20 ടീം: രോഹിത് ശര്‍മ (നായകന്‍), കെ എല്‍ രാഹുല്‍ (ഉപ നായകന്‍), വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷാര്‍ദൂല്‍ താക്കൂര്‍, രവി ബിഷ്ണോയി, അക്സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ്ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.

എകദിന ടീം: രോഹിത് ശര്‍മ (നായകന്‍), കെ എല്‍ രാഹുല്‍ (ഉപ നായകന്‍), വിരാട് കോലി, ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ദീപക്ക് ഹൂഡ, ദീപക് ചാഹര്‍, ഷാര്‍ദൂല്‍ താക്കൂര്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ആവേശ്ഖാന്‍.

പനാജി: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്സിയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍വി സമ്മതിച്ച് ചെന്നൈയിന്‍ എഫ്സി. ഉദാന്ത സിംഗ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ നായകന്‍ സുനില്‍ ഛേത്രി അസിസ്റ്റുകള്‍ കൊണ്ട് മത്സരം തന്റെ കാല്‍ക്കലാക്കി.

12-ാം മിനുറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റിയിലൂടെ ഇറാനിയന്‍ താരം ഇമാന്‍ ബസാഫ ബിഎഫ്സിക്ക് ലീഡ് നല്‍കി. ബോക്സില്‍ സുനില്‍ ഛേത്രിയെ എഡ്വിന്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി അനുവദിച്ചത്. പിന്നാലെ 42-ാം മിനുറ്റില്‍ ഛേത്രിയുടെ അസിസ്റ്റില്‍ ഉദാന്ത സിംഗ് ലീഡ് രണ്ടാക്കി. ഒരിക്കല്‍ കൂടി ഛേത്രി വഴിയൊരുക്കിയപ്പോള്‍ 52-ാം മിനുറ്റില്‍ ഉദാന്ത ഇരട്ട ഗോള്‍ തികച്ചു.

ജയിച്ചെങ്കിലും 13 മത്സരങ്ങളില്‍ 17 പോയിന്റുമായി ബംഗളൂരു എഫ്സി ആറാം സ്ഥാനത്താണ്. 18 പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാമതും.

ന്യൂഡല്‍ഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിവച്ച സന്തോഷ് ട്രോഫി മത്സരങ്ങള്‍ ഏപ്രില്‍ മൂന്നാം വാരം തുടങ്ങി മെയ് തുടക്കത്തില്‍ അവസാനിക്കുന്ന രീതിയില്‍ ക്രമീകരിക്കും. അടുത്തമാസം സ്ഥിതിഗതികള്‍ വിലയിരുത്തി പുതുക്കിയ തിയ്യതി പ്രഖ്യാപിക്കും. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 6 വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായി ആണ് ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

ടൂര്‍ണമെന്റ് മാറ്റി വെച്ചെങ്കിലും ഗ്രൗണ്ട് പരിപാലനവും മറ്റും പറഞ്ഞ സമയത്ത് പൂര്‍ത്തിയാക്കുമെന്നും കമ്മിറ്റികളുടെ പൊതുവായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഓര്‍ഗനൈസിംങ് കമ്മിറ്റി കണ്‍വീനര്‍ എ ശ്രീകുമാര്‍ അറിയിച്ചു. കോവിഡ് കേസുകള്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡേഷന്‍ കേരള സര്‍ക്കാറുമായി കൂടി അലോചിച്ചാണ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്സി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ സമനിലയില്‍ പിരിഞ്ഞു. ഇരുവരും ഓരോ ഗോള്‍ വീതം നേടി. അഹമ്മദ് ജഹൗഹാണ് മുംബൈയുടെ ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിനായി മലയാളി താരം മുഹമ്മദ് ഇര്‍ഷാദും ഗോള്‍ നേടി.

30-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജഹൗഹ് വല കുലുക്കി. ആദ്യ പകുതി ഒരു ഗോളോടെ അവസാനിച്ചുവെങ്കിലും 79-ാം മിനിറ്റില്‍ ഇര്‍ഷാദിലൂടെ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. തിരിച്ചടിക്കാനുള്ള മുംബൈയുടെ ശ്രമങ്ങള്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. ഇഞ്ചുറി സമയത്ത് മുംബൈ താരം അമി റനാവാഡെ ചുവപ്പ് കാര്‍ഡുമായി പുറത്താവുകയും ചെയ്തു. മത്സരത്തില്‍ മുംബൈക്കായിരുന്നു ആധിപത്യമെങ്കിലും ഒരിക്കല്‍ മാത്രമാണ് ഗോള്‍ നേടാന്‍ സാധിച്ചത്.

നാലാം സ്ഥാനത്താണ് മുംബൈ. 12 മത്സരങ്ങളില്‍ 18 പോയിന്റാണ് മുംബൈക്കുള്ളത്. 14 മത്സരങ്ങളില്‍ 10 പോയിന്റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്.

ന്യൂഡല്‍ഹി: ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്ര രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് അര്‍ഹനായി. നീരജ് ഉള്‍പ്പെടെ 384 പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് റിപ്പബ്ലിക് ദിനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. 12 ശൗര്യചക്ര പുരസ്‌കാരം, 29 പരംവിശിഷ്ട സേവാ മെഡലുകള്‍, നാല് ഉത്തം യുദ്ധ സേവാ മെഡലുകള്‍, 53 അതിവിശിഷ്ട സേവാ മെഡലുകള്‍, 13 യുദ്ധസേവാ മെഡലുകള്‍, മൂന്ന് വിശിഷ്ട സേവാ മെഡലുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളിയായ ശരത് ആര്‍ ആറിന് മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സര്‍വോത്തം ജീവന്‍ രക്ഷാ പതക്ക് നല്‍കി ആദരിക്കും. ശരത് അടക്കം 51 പേര്‍ക്കാണ് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് പേര്‍ക്ക് സര്‍വോത്തം ജീവന്‍ രക്ഷാ പതക്ക്, 14 പേര്‍ക്ക് ഉത്തരം ജീവന്‍ രക്ഷാ പതക്ക്, 29 പേര്‍ക്ക് ജീവന്‍ രക്ഷാ പതക്ക് എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ഫാസ് ബാബു, കൃഷ്ണന്‍ കുണ്ടത്തില്‍, വി. മയൂഖ, മുഹമ്മദ് അദ്നാന്‍ എന്നിവര്‍ക്ക് ഉത്തരം ജീവന്‍ രക്ഷാ പതക്കും. ജീവന്‍ രക്ഷാ പതക്ക് പുരസ്‌കാരം മൂന്ന് മലയാളികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ജോഷി ജോസഫ്, പി. മുരളീധരന്‍, റിജിന്‍ രാജ് എന്നിവര്‍ക്കാണ് ജീവന്‍ രക്ഷാ പതക്ക് പുരസ്‌കാരം.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ മിര്‍സ-രാജീവ് റാം സഖ്യം പുറത്തായി. മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ജേസണ്‍ കുബ്ലര്‍-ജെയ്മി ഫൗര്‍ലിസ് എന്നിവരോടാണ് പരാജയപ്പെട്ടത്. നേരിട്ടുളള സെറ്റുകള്‍ക്കായിരുന്ന ഓസീസ് താരങ്ങളുടെ ജയം. സ്‌കോര്‍: 6-4, 7-6. സാനിയ മിര്‍സയുടെ കരിയറിലെ അവസാന ഓസ്ട്രേലിയന്‍ ഓപ്പണാണിത്. മുമ്പ് രണ്ട് തവണ സാനിയ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ചാമ്പ്യനായിട്ടുണ്ട്. സീസണിന് അവസാനം വിരമിക്കുമെന്ന് സാനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുരുഷ സിംഗിള്‍സില്‍ കനേഡിയന്‍ താരമായ ഡെനിസ് ഷപ്പോവലോവിനെ 6-3, 6-4, 4-6, 3-6, 6-3 എന്ന സ്‌കോറില്‍ തോല്‍പ്പിച്ച് മുന്‍ ചാമ്പ്യനും സ്പാനിഷ് താരവുമായ റാഫേല്‍ നദാല്‍ സെമി ഫൈനലില്‍ കടന്നു. ആദ്യ രണ്ട് സെറ്റും നേടിയ ശേഷം ഷപ്പോവലോവിന്റെ തിരിച്ചുവരവ് അതിജീവിച്ചാണ് റാഫയുടെ ജയം. നദാല്‍ ആറാം സീഡും ഷപ്പോവലോവ് 14-ാം സീഡുമാണ്. 2009ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജയിച്ച നദാലാണ് പുരുഷ വിഭാഗത്തില്‍ അവശേഷിക്കുന്ന ഏക മുന്‍ ചാമ്പ്യന്‍.