Sports (Page 140)

2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും വെറ്ററന്‍ മലയാളി താരവുമായ പിആര്‍ ശ്രീജേഷിന്. സ്പാനിഷ് സ്‌പോര്‍ട് ക്ലൈംബിങ് താരം അല്‍ബര്‍ട്ടോ ജിനെസ് ലോപസ്, ഇറ്റാലിയന്‍ വുഷു താരം മിഷേല്‍ ജിയോര്‍ഡനോ എന്നിവരെ പിന്തള്ളിയാണ് ശ്രീജേഷ് നേട്ടം കൈവരിച്ചത്. 1,27,647 വോട്ടുകളാണ് ശ്രീജേഷിന് ലഭിച്ചത്. പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്.

‘അവാര്‍ഡ് നേടിയതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. എന്നെ ഈ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്തതിന് എഫ്ഐഎച്ചിന് ഒരുപാട് നന്ദി. എനിക്ക് വോട്ട് ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യന്‍ ഹോക്കി പ്രേമികള്‍ക്കും നന്ദി’-ശ്രീജേഷ് പ്രതികരിച്ചു.

പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏക താരം ശ്രീജേഷാണ്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ശ്രീജേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. 2021ലെ ടോക്യോ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയെ വെങ്കല മെഡല്‍ നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ശ്രീജേഷായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ താരം ഗോള്‍ കീപ്പറായി മികച്ച പ്രകടനമാണ് ഒളിംപിക്‌സില്‍ കാഴ്ചവെച്ചത്.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഒന്നാംസ്ഥാനം ഭദ്രമാക്കി ഹൈദരാബാദ് എഫ്സി. ബര്‍തൊളോമ്യു ഒഗ്ബെച്ചേ ഇരട്ട ഗോള്‍ നേടി. ആകാശ് മിശ്ര, നിഖില്‍ പൂജാരി, എഡു ഗാര്‍സിയ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍.

ആദ്യ പകുതിയിലെ മൂന്നാം മിനിറ്റില്‍ ഒഗ്ബെച്ചേ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയം ആകാശ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 60-ാം മിനിറ്റില്‍ വീണ്ടും ഒഗ്ബെച്ചേ ഗോള്‍ നേടി. 84-ാം മിനിറ്റില്‍ പൂജാരി നാലാമതും വല കുലുക്കി. എട്ടാം മിനിറ്റില്‍ ഗാര്‍സിയയും ഗോള്‍ നേടി.

ജയത്തോടെ ഹൈദരബാദിന് 14 മത്സരങ്ങളില്‍ 26 പോയിന്റായി. 12 മത്സരങ്ങളില്‍ 22 പോയിന്റുള്ള ജംഷഡ്പൂര്‍ എഫ്സിയാണ് രണ്ടാം സ്ഥാനത്ത്.

മുംബൈ: വരാനിരിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് വ്യാപനം കൂടിയില്ലെങ്കില്‍ കാണികളുടെ എണ്ണം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടില്ല.

അതേസമയം, ഐ.പി.എല്‍ മെഗാ ലേലം രണ്ടാഴ്ചക്കുള്ളില്‍ രണ്ട് ദിവസമായി ബംഗളൂരുവില്‍ നടക്കും. നിലവിലുള്ള ടീമുകള്‍ക്ക് പുറമെ ലക്‌നൗ, അഹമ്മദാബാദ് ടീമുകളാണ് പുതുതായി എത്തിയിരിക്കുന്നത്. 1214 കളിക്കാര്‍ ഇക്കുറി ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടീമുകള്‍ ലേലത്തിന് മുന്‍പ് നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക പുറത്ത് വന്നതോടെ ലേലത്തിനുണ്ടാവുന്ന താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന കാര്യത്തില്‍ സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്.

പുതിയ രണ്ട് ടീമുകള്‍ കൂടിയെത്തുന്നതോടെ ഇക്കുറി ഐപിഎല്ലില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം പത്തായി. ഇന്ത്യയുടെ ലോകേഷ് രാഹുല്‍ ലക്‌നൗ ടീമിനെയും, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യ അഹമ്മദാബാദിനെയും നയിക്കും.

മെല്‍ബണ്‍: പുരുഷ ടെന്നിസില്‍ ചരിത്രം കുറിച്ച് സ്പാനിഷ് താരം റാഫേല്‍ നദാല്‍. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം ഇനി നദാലിന് സ്വന്തം. 20 ഗ്രാന്‍ഡ്സ്ലാം വീതം നേടിയ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെയാണ് ഇരുപത്തിയൊന്നാം കിരീടവുമായി നദാല്‍ മറികടന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് നദാല്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ആദ്യ രണ്ട് സെറ്റും മെദ്വദേവ് നേടിയിരുന്നു. 6-2 7-6 എന്ന സ്‌കോറിനായിരുന്നു മെദ്വദേവ് സെറ്റെടുത്തത്. എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റില്‍ നദാല്‍ ഗംഭീര തിരിച്ചു വരവ് നടത്തുകയായിരുന്നു. 6-4ന് മൂന്നാം സെറ്റ് സ്വന്തമാക്കി. എന്നാല്‍ അഞ്ചാം സെറ്റില്‍ തുടക്കത്തില്‍ തന്നെ മെദ്വദേവിന് കാലിടറി. നദാല്‍ സെര്‍വ് ബ്രേക്ക് ചെയ്തു. നദാല്‍ ചാംപ്യന്‍ഷിപ്പിന് വേണ്ടി സെര്‍വ് ചെയ്യുമ്പോള്‍ മെദ്വദേവ് ബ്രേക്ക് ചെയ്തു. അവസാന സെറ്റില്‍ 5-5. എന്നാല്‍ മെദ്വദേവിനെ വീണ്ടും ബ്രേക്ക് ചെയ്ത് സ്‌കോര്‍ 6-5ലേക്ക് ഉയര്‍ത്തി. സ്വന്തം സെര്‍വില്‍ നദാല്‍ ഒരു പിഴവും വരുത്തിയില്ല. 7-5ന് സെറ്റ് സ്വന്തം.

2009ലാണ് നദാല്‍ അവസാനമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടയിത്. വിംബിള്‍ഡണ്‍ രണ്ട് തവണയും സ്വന്തമാക്കി. യുഎസ് ഓപ്പണില്‍ നാല് തവണ കിരീടം നേടി. ബാക്കി 13 എണ്ണവും ഫ്രഞ്ച് ഓപ്പണിലായിരുന്നു നേടിയത്.

തിലക് മൈതാന്‍: ഐഎസ്എല്ലില്‍ കൊമ്പന്മാര്‍ക്ക് തോല്‍വി. ബംഗളൂരു എഫ്‌സിയോട് ഒരു ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. തുടര്‍ച്ചയായ പത്താം മത്സരത്തിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍വി രുചിക്കുന്നത്.

കൊവിഡ് കാരണം നീണ്ട ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങിയത്. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ടീം പതറി. മുന്നേറ്റക്കാരന്‍ അല്‍വാരോ വാസ്‌കസിന് അവസരങ്ങള്‍ കിട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല. എന്നാല്‍, മറുവശത്ത് ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്ക് മികച്ച അവസരം ലഭിച്ചു. ഗോള്‍ മുഖത്ത് ഛേത്രിക്ക് കിട്ടിയ അവസരം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധക്കാരന്‍ നിഷു കുമാര്‍ വരയ്ക്ക് മുന്നില്‍ വച്ച് തടയുകയായിരുന്നു.

രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന് മികവ് പുലര്‍ത്താനായില്ല. 56-ാംമിനിറ്റില്‍ റോഷന്‍ നവോറെമിന്റെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് വല തകര്‍ക്കുകയായിരുന്നു. 12 കളിയില്‍ 20 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാമതാണ്. 14 കളിയില്‍ 20 പോയിന്റുള്ള ബംഗളൂരു നാലാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയയ്ക്ക് 119 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് നേടിയ പാകിസ്താന്റെ പോരാട്ടം അങ്ങനെ 157 റണ്‍സില്‍ അവസാനിച്ചു.

ടീഗ് വൈലി(71), കോറെ മില്ലര്‍(64) എന്നിവരാണ് ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓസീസ് ബോളിങ് നിരയില്‍ വില്യം സല്‍സ്മാന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ ടോം വൈറ്റ്‌നി, ജാക്ക് സിന്‍ഫീല്‍ഡ് എന്നിവര്‍ 2 വിക്കറ്റ് വീതം നേടി.

ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ സെമിയിലെത്തി. അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഇന്ത്യ 111 റണ്‍സിന് ഓള്‍ഔട്ടാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 30.5 ഓവറില്‍ വിജയം സ്വന്തമാക്കി.

ടോസ് നേടിയ ശേഷം ആദ്യം ബൗള്‍ ചെയ്യാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ യാഷ് ദുല്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ ന്യൂ ബോള്‍ ബൗളര്‍ രവികുമാര്‍ അഞ്ച് ഓവര്‍ സ്‌പെല്ലില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശിനെ ഞെട്ടിച്ചു, ഇടംകൈയ്യന്‍ സ്പിന്നര്‍ വിക്കി ഓസ്റ്റ്വാള്‍ ഒരു ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി, 15.4 ഓവറില്‍ 37/5 എന്ന നിലയിലായി. എസ് എം മെഹറോബും ആഷിഖുര്‍ റഹ്മാനും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 50 റണ്‍സിന്റെ ഉറച്ച കൂട്ടുകെട്ട് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. ബംഗ്ലാദേശിന് പൊരുതുന്ന സ്‌കോറുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മെഹറോബ് 30 റണ്‍സിന് പാര്‍ട്ട് ടൈമര്‍ രഘുവംശിയെ സ്റ്റംപ് ഔട്ട് ചെയ്തതോടെ, ഇന്നിംഗ്സ് 37.1 ഓവറില്‍ 111 റണ്‍സിന് പെട്ടെന്ന് ചുരുങ്ങി.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്ക് അത്ര നല്ല തുടക്കമായിരുന്നില്ല. ഓപ്പണര്‍ ഹര്‍നൂര്‍ സിങ്ങിന്റെ വിക്കറ്റ് വീഴ്ത്തി തന്‍സിം ഹസന്‍ സാക്കിബ് തുടക്കത്തിലെ മുന്നേറ്റം നടത്തി. ഇന്ത്യക്കായി ഓപ്പണര്‍ അങ്ക്ക്രിഷ് രഘുവംശി 44 റണ്‍സ് നേടി.

ബംബോലിം: ഐഎസ്എല്ലില്‍ കൊല്‍ക്കത്ത ഡെര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എടികെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തിയത്. രണ്ടാം പകുതിയിലായിരുന്നു മുഴുവന്‍ ഗോളുകളും. ഡാരന്‍ സിഡോയലിലൂടെ ആദ്യം ലീഡെടുത്തത് ഈസ്റ്റ് ബംഗാളായിരുന്നെങ്കിലും കിയാന്‍ നാസിറിയുടെ ഹാട്രിക്ക് സീസണിലെ രണ്ടാം ജയമെന്ന ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷ തകര്‍ത്തു.

65-ാം മിനിറ്റില്‍ ലിസ്റ്റണ്ഡ കൊളോക്കോയെ ബോക്‌സില്‍ വീഴ്ത്തിയതിന് എടികെക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മുതലാക്കാന്‍ ഡേവിഡ് വില്യംസിന് കഴിയാതിരുന്നത് ഈസ്റ്റ് ബംഗാളിന്റെ തോല്‍വിഭാരം കുറച്ചു. ഹ്യൂഗോ ബോമസ് നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുത്തെങ്കിലും എടികെ മുന്നേറ്റ നിരക്ക് അതൊന്നും ഗോളിലേക്ക് വഴിതിരിക്കാനായില്ല. 56-ാം മിനിറ്റില്‍ കളിയുടെ ഗതിക്ക് വിപരീതമായി അന്റോണിയോ പെര്‍സോവിച്ച് എടുത്ത കോര്‍ണറില്‍ നിന്ന് ഡാരന്‍ സിഡോയല്‍ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. 61-ാം മിനിറ്റില്‍ ദീപക് ടാന്‍ഗ്രിക്ക് പകരം കിയാന്‍ നാസിറിയെ ഇറക്കാനുള്ള എടികെ തീരുമാനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റില്‍ തന്നെ തന്റെ ആദ്യ ടച്ചില്‍ കിയാന്‍ സമനില ഗോള്‍ കണ്ടെത്തി.

തൊട്ടുപിന്നാലെ കൊളോക്കോയെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഡേവിഡ് വില്യംസ് നഷ്ടമാക്കിയത് എടികെക്ക് തിരിച്ചടിയായി. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ കിയാന്റെ രണ്ട് ഗോളുകള്‍ കൂടി പിറന്നതോടെ കൊല്‍ക്കത്ത ഡെര്‍ബി ഒരിക്കല്‍ കൂടി എടികെ മോഹന്‍ ബഗാന്‍ സ്വന്തമാക്കി.

ചെന്നൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നേ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണി ചെന്നൈയിലെത്തി. പതിനഞ്ചാം സീസണിലെ താരലേലവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആലോചിക്കാനാണ് ധോണിയുടെ വരവെന്നാണ് സൂചന. താരലേലത്തില്‍ പൊതുവെ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.

ഈ വര്‍ഷം ഫെബ്രുവരി 12, 13 തിയ്യതികളിലായി ബംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിനായി ആകെ 1214 താരങ്ങളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ പുതുതായി ഐപിഎലിന്റെ ഭാഗമായ രണ്ടു ടീമുകള്‍ ഉള്‍പ്പെടെ 10 ടീമുകളും താല്‍പര്യം കാട്ടുന്ന താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷമാകും താലലേലം നടക്കുക. നാലു താരങ്ങളെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നില നിര്‍ത്തിയിരിക്കുന്നത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ 16 കോടി രൂപക്കും, ക്യാപ്റ്റന്‍ കൂടിയായ മഹേന്ദ്രസിങ് ധോണിയെ 12 കോടി രൂപക്കും, വിദേശ താരമായി ഇംഗ്ലണ്ടിന്റെ മോയിന്‍ അലിയെ 8 കോടിക്കും യുവതാരം ഋതുരാജ് ഗെയ്ക്വാദിനെ ആറു കോടി രൂപയ്ക്കുമാണ് ടീം നിലനിര്‍ത്തിയത്.

നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ കിരീടം നിലനിര്‍ത്തുന്നതിനായി ഏറ്റവും മികച്ച താരങ്ങളെ ലേലത്തിലൂടെ സ്വന്തമാക്കാനാണ് ശ്രമം. അതിനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ധോണിയുടെ മുന്‍കൂട്ടിയുള്ള ചെന്നൈ യാത്രയുടെ ഉദ്ദേശ്യമെന്നാണ് സൂചന.

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍ എഫ് സി ഗോവയെ എതിരില്ലാത്ത ഒരു ഗോളിന് അടിയറവ് പറയിച്ച് ജംഷഡ്പൂര്‍ എഫ്സി. ഇതോടെ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി ജംഷഡ്പൂര്‍ 222 പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. തോല്‍വിയോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നേരിട്ട ഗോവ ഒമ്പതാം സ്ഥാനത്ത് തന്നെ തുടരുന്നു.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ഡാനിയേല്‍ ചിമ ചുക്വു ആണ് രണ്ടാം പകുതിയില്‍ ജംഷഡ്പൂരിന്റെ വിജയ ഗോള്‍ നേടിയത്.

28-ാം മിനിറ്റില്‍ ഗോളെന്നുറച്ച ഗോവയുടെ ഇവാന്‍ ഗോണ്‍സാലോസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങി. 37-ാം മിനിറ്റിലാണ് ജംഷഡ്പൂരിന് അനുകൂലമായി ആദ്യ കോര്‍ണര്‍ ലഭിച്ചത്. ആദ്യ പകുതിയില്‍ പൂര്‍ണമായും എഫ് സി ഗോവയുടെ ആക്രണവും ജംഷഡ്പൂരിന്റെ പ്രതിരോധവുമായി കണ്ടത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജംഷഡ്പൂര്‍ മുന്നിലെത്തി. 49-ാം മിനിറ്റില്‍ ലാല്‍ഡിയാലിയാനയുടെ ക്രോസില്‍ നിന്ന് അരങ്ങേറ്റക്കാരന്‍ ചുക്വു ആണ് ജംഷഡ്പൂരിന് ലീഡ് സമ്മാനിച്ചത്. 63-ാം മിനിറ്റില്‍ ഫ്രീ കിക്കില്‍ എഡു ബെഡിയ തൊടുത്ത ഷോട്ട് അന്‍വര്‍ അലിയുടെ കാലില്‍ തട്ടി വീണ്ടും ക്രോസ് ബാറില്‍ തട്ടി മടങ്ങി. സമനില ഗോളിനായി ഗോവ ശ്രമിക്കുന്നതിനിടെ 81-ാം മിനിറ്റില്‍ ഐറാം കാര്‍ബ്രയുടെ ഷോട്ടിന് മുന്നിലും ക്രോസ് ബാര്‍ വില്ലനായി.