Sports (Page 138)

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേ്സ് ഇന്ന് രാത്രി ഏഴരക്ക് ഇറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.

മൂന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റഴ്സിനും ഏറ്റവും പിന്നിലായി പതിനൊന്നാമതുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ലക്ഷ്യം വിജയ വഴിയില്‍ തിരിച്ചെത്തുകയെന്നത് മാത്രമാണ്.

തോല്‍വി അറിയാത്ത 10 മത്സരങ്ങള്‍ക്ക് ശേഷമെത്തിയ കൊവിഡില്‍ കൊമ്പന്മാര്‍ വീണു. ബംഗളുരുവിനെതിരായ ഒറ്റഗോള്‍ തോല്‍വിയിലും പരിക്കൊന്നുമില്ലാതെ താരങ്ങള്‍ തിരിച്ചു കയറിയതില്‍ കോച്ചിന് ആശ്വാസം. പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടം മുറുകുമ്പോള്‍ രണ്ടാംസ്ഥാനത്തേക്ക് ഉയരാനുളള അവസരമവുമുണ്ട് മഞ്ഞപ്പടയ്ക്ക്.

ഹൈദരാബാദിനെതിരെ അഞ്ച് ഗോളിന് നാണംകെട്ടതിന്റെ ആഘാതത്തിലാകും ഹൈലന്‍ഡേഴ്സ്. കഴിഞ്ഞ നാല് കളിയില്‍ കളിക്കാതിരുന്ന ഡെഷോണ്‍ ബ്രൗണ്‍ തിരിച്ചെത്തുന്നതോടെ ഗോളുകള്‍ക്ക് പഞ്ഞമുണ്ടാകില്ലെന്നാണ് ഖാലിദ് ജമിലിന്റെ പ്രതീക്ഷ. മികച്ച പ്രകടനം തുടരുന്ന വി പി സുഹൈര്‍ അടക്കം മലയാളിതാരങ്ങളെയും നോര്‍ത്ത് ഈസ്റ്റ് ടീമില്‍ പ്രതീക്ഷിക്കാം.

ഐഎസ്എല്ലില്‍ മുംബൈ സിറ്റി എഫ്സി-എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍ പിരിഞ്ഞു.

ഇരു ടീമുകളും ഓരോ ഗോള്‍ നേടി. എടികെയ്ക്കായി ഡേവിഡ് വില്യംസാണ് ലക്ഷ്യം കണ്ടതെങ്കില്‍ പ്രീതം കോട്ടാലിന്റെ ഓണ്‍ ഗോളാണ് മുംബൈക്ക് സമനില സമ്മാനിച്ചത്. ഒന്‍പതാം മിനുറ്റില്‍ ഡേവിഡ് വില്യംസ് എടികെയ്ക്ക് ലീഡ് സമ്മാനിച്ചു.

24-ാം മിനുറ്റില്‍ സ്വന്തം പോസ്റ്റിലേക്ക് ഹെഡര്‍ ചെയ്ത പ്രീതം കോട്ടാലിന്റെ പിഴവ് മുംബൈക്ക് സമനില നല്‍കി. ഇരു ടീമുകള്‍ക്കും പല അവസരങ്ങള്‍ പിന്നാലെ ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിയിഞ്ഞില്ല. ഇതോടെ 12 കളിയില്‍ 20 പോയിന്റുമായി എടികെ മോഹന്‍ ബഗാന്‍ അഞ്ചാം സ്ഥാനത്തും, 13 മത്സരങ്ങളില്‍ 19 പോയിന്റുള്ള മുംബൈ സിറ്റി തൊട്ടുപിന്നിലുമുണ്ട്.

ആന്റിഗ്വ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ 96 റണ്‍സിന് പരാജയപ്പെടുത്തി ടീം ഇന്ത്യ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 290 ലക്ഷ്യത്തിന് മുന്നില്‍ ഓസ്‌ട്രേലിയ കാലിടറി വീണു. 41.5 ഓവറില്‍ 194 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം അവസാനിച്ചു. അര്‍ധ സെഞ്ചുറി നേടിയ ലാച്ച്ലാന്‍ ഷ്വോയ്ക്ക് മാത്രമേ ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളു. 3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും രണ്ട് വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവികുമാറുമാണ് ഓസ്‌ട്രേലിയയെ വീഴ്ത്തിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സാണെടുത്തത്. സെഞ്ചുറിയുമായി നായകന്‍ യാഷ് ദുള്ളും സെഞ്ചുറിക്കരികെ പുറത്തായ ഷെയ്ഖ് റഷീദുമാണ് ഇന്ത്യന്‍ ടീമിന് കരുത്തായത്. ആംഗ്രിഷ് രഘുവംശി ആറിലും ഹര്‍നൂര്‍ സിംഗ് 16 റണ്‍സിലും പുറത്താകുമ്പോള്‍ ഇന്ത്യക്ക് 12.3 ഓവറില്‍ 37 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, മൂന്നാം വിക്കറ്റില്‍ 204 റണ്‍സ് ചേര്‍ത്ത് യാഷ് ദുള്‍- ഷെയ്ഖ് റഷീദ് സഖ്യം ഇന്ത്യയെ സുരക്ഷിത സ്‌കോറിലെത്തിച്ചു. 46-ാം ഓവറിലെ അഞ്ചാം പന്തില്‍ യാഷ് റണ്ണൗട്ടാവുകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 241ലെത്തിയിരുന്നു.

സെഞ്ചുറി നേടിയ യാഷ് 110 പന്തില്‍ 110 റണ്‍സ് നേടി. എന്നാല്‍ സെഞ്ചുറിക്കരികെ റഷീദ് പുറത്തായത് ഇന്ത്യന്‍ ആരാധകരര്‍ക്ക് നോവായി. 108 പന്തില്‍ 94 റണ്‍സ് നേടിയ റഷീദിനെ ജാക്കാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ സ്‌കോറുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ രാജ്വര്‍ധന്‍ 13 റണ്‍സെടുത്ത് പുറത്തായി. നിഷാന്ത് സിന്ധുവും(12), ദിനേശ് ബനയും(20) ഇന്ത്യന്‍ സ്‌കോര്‍ മികച്ചതാക്കി ഇന്നിംഗ്സ് പൂര്‍ത്തിയാക്കുകയായിരുന്നു.

ന്യൂഡല്‍ഹി: കായിക ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരത്തിന്റെ നാമനിര്‍ദ്ദേശ പട്ടികയില്‍ ഒളിംപിക്സ് ചാമ്പ്യന്‍ നീരജ് ചോപ്രയും. വഴിത്തിരിവാകുന്ന മുന്നേറ്റങ്ങള്‍ക്കുളള വിഭാഗത്തിലാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ മികവിനാണ് നീരജിന് അംഗീകാരം.

യുഎസ് ഓപ്പണ്‍ കിരീടം നേടിയ ടെന്നിസ് താരങ്ങളായ ഡാനില്‍ മെദ്വദേവ്, എമ്മ റാഡുക്കാനു, ഫുട്‌ബോള്‍ താരം പെഡ്രി, ഓസ്‌ട്രേലിയന്‍ നീന്തല്‍ താരം ആരിയാര്‍നെ ടിറ്റ്മസ്, വെനസ്വേലന്‍ ട്രിപ്പിള്‍ ജംപ് താരം യൂലിമാര്‍ റോഹസ് എന്നിവരും നാമനിര്‍ദ്ദേശ പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. ലോകമെമ്പാടുമുളള 1300 സ്‌പോര്‍ട്സ് ലേഖകര്‍ അടങ്ങുന്ന പാനലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

ലോറസ് നാമനിര്‍ദേശം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് നീരജ്. വിനേഷ് ഫോഗത്തും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ഇതിന് മുന്‍പ് നാമനിര്‍ദ്ദേശം ലഭിച്ച ഇന്ത്യന്‍ താരങ്ങള്‍. ഏപ്രിലില്‍ ആണ് വിജയിയെ പ്രഖ്യാപിക്കുക.

വാസ്‌കോ ഡ ഗാമ: ഐഎസ്എല്‍ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയെ ഇഞ്ചുറിടൈമില്‍ സമനിലയില്‍ കുരുക്കി ഈസ്റ്റ് ബംഗാള്‍ എഫ്‌സി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

കിക്കോഫായി രണ്ടാം മിനുറ്റില്‍ തന്നെ ഹിറാ മോണ്ടലിന്റെ ഓണ്‍ഗോള്‍ ചെന്നൈയിനെ മുന്നിലെത്തിച്ചു. 14-ാം മിനുറ്റില്‍ നിന്തോയിയുടെ ഗംഭീര ഷോട്ട് ലീഡ് രണ്ടായുയര്‍ത്തി. ബോക്സിനെ തൊട്ടരികെ വച്ച് മോണ്ടലിന്റെ മിസ് പാസില്‍ നിന്നാണ് ഇക്കുറി ഗോളിലേക്ക് വഴിയൊരുങ്ങിയത്. ഇതോടെ ചെന്നൈയിന് 2-0 ലീഡോടെ മത്സരം ആദ്യ പകുതിയില്‍ പിരിഞ്ഞു.

61-ാം മിനുറ്റില്‍ ഡാരന്‍ സിഡോല്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോള്‍ മടക്കി. 90 മിനുറ്റുകളിലും സമനില ഗോള്‍ കണ്ടെത്താന്‍ ഈസ്റ്റ് ബംഗാളിനായില്ല. എന്നാല്‍ ഇഞ്ചുറിടൈമിന്റെ ആദ്യ മിനുറ്റില്‍ ഹെഡറിലൂടെ ലാല്‍രിന്‍ല്യാന ഈസ്റ്റ് ബംഗാളിന് അപ്രതീക്ഷിത സമനില നേടിക്കൊടുത്തു.

ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സി-എഫ്‌സി ഗോവ മത്സരം സമനിലയില്‍ പിരിഞ്ഞു. ഒഡീഷക്കായി ജൊനാതസ് ദെ ജീസസ് ഗോള്‍ നേടിയപ്പോള്‍ ഒഡീഷയുടെ സമനില ഗോള്‍ അലക്‌സാണ്ടര്‍ ജെസുരാജാണ് നേടിയത്.

മത്സരത്തില്‍ ഗോവ മുന്നിട്ടു നിന്നെങ്കിലും ആദ്യഗോള്‍ പിറവിയെടുത്തത് ഗോവയില്‍ നിന്നല്ല. 60 ശതമാനം ബോള്‍ പൊസിഷന്‍, ഓണ്‍ ടാര്‍ഗറ്റിലേക്ക് ഏഴ് ഷോട്ടുകള്‍ എന്നിവയൊക്കെ ഉണ്ടായിട്ടും ആദ്യഗോള്‍ ഒഡീഷ തന്നെ നേടി.

14 മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒഡീഷ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തുകയും 15 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി 9ആം സ്ഥാനത്താണ് ഗോവ.

തിരുവനന്തപുരം: പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം തിരുവനന്തപുരത്ത് ഏപ്രില്‍ 30ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാന മന്ത്രിമാര്‍, മോഹന്‍ലാല്‍, കായിക രംഗത്തെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. ചടങ്ങില്‍ ടോക്യോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളെ ആദരിക്കും. മെയ് ഒന്ന് മുതല്‍ പത്ത് വരെയാണ് മത്സരം.

അത്‌ലറ്റിക്‌സ് ഉള്‍പ്പെടെ 24 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ 21 ഇനങ്ങളും തിരുവനന്തപുരത്താണ് നടക്കുക. വോളിബോള്‍ കോഴിക്കോടും ഹോക്കി കൊല്ലം അന്താരാഷ്ട്ര സ്റ്റേഡിയത്തിലും ഫുട്‌ബോള്‍ എറണാകുളത്തും നടക്കും. ജില്ലാ ഒളിമ്പിക് മത്സര ജേതാക്കളായ എണ്ണായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കും.

കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി ഒളിമ്പിക് എക്‌സ്‌പോ സംഘടിപ്പിക്കും. ഏപ്രില്‍ 29ന് ആരംഭിക്കുന്ന എക്‌സ്‌പോ മെയ് പത്തിന് അവസാനിക്കും. സ്‌പോര്‍ട്‌സ് ഫോട്ടോ വണ്ടി പ്രയാണം ഏപ്രില്‍ 16ന് പി ടി ഉഷയുടെ ജന്മസ്ഥലമായ പയ്യോളിയില്‍ നിന്നും പുറപ്പെടും. അന്താരാഷ്ട്ര ഫോട്ടോ എക്‌സ്ബിഷന്‍ ഏപ്രില്‍ 30ന് ആരംഭിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

കൂളിജ് (ആന്റിഗ്വ): അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരം ഇന്ന്. ക്യാപ്റ്റന്‍ യാഷ് ധുലും വൈസ് ക്യാപ്റ്റന്‍ ശൈഖ് റഷീദുമടക്കം അഞ്ച് പേര്‍ കൊവിഡ് പിടിയിലായിട്ടും എല്ലാ കളികളും ആധികാരികമായി ജയിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം.

ഓപണര്‍മാരായ ഹര്‍നൂര്‍ സിങ്, അന്‍ഗ്കൃഷ് രഘുവന്‍ഷി, രാജ് ബാവ തുടങ്ങിയവരുടെ ബാറ്റിങ്ങും രാജ്‌വര്‍ധന്‍ ഹന്‍ഗര്‍ഗേക്കര്‍, രവി കുമാര്‍, വിക്കി ഓസ്ത്‌വാള്‍, കൗശല്‍ താംബെ, ബാവ തുടങ്ങിയവരുടെ ബൗളിങ്ങും ഇന്ത്യക്ക് മുതല്‍ക്കൂട്ടാണ്. ഓപണര്‍ ടീഗ് വില്ലിയാണ് ഓസീസിന്റെ ബാറ്റിങ് സൂപ്പര്‍ സ്റ്റാര്‍. ബൗളിങ് നയിക്കാന്‍ ടോം വിറ്റ്‌നി, വില്യം സാല്‍സ്മാന്‍ എന്നിവരുമുണ്ട്.

ബംഗളൂരു: ഫെബ്രുവരി 12, 13 തിയ്യതികളില്‍ ബംഗളൂരുവില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ കേരളത്തില്‍ നിന്ന് എസ്. ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, കേരള താരമായ ജലജ് സക്‌സേന, സച്ചിന്‍ ബേബി, എം.ഡി നിധീഷ്, വിഷ്ണു വിനോദ് , ബേസില്‍ തമ്പി, മിഥുന്‍ എസ്, കെ.എം.ആസിഫ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മല്‍, ഷോണ്‍ റോജര്‍ എന്നീ താരങ്ങള്‍ പങ്കെടുക്കും.

രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള റോബിന്‍ ഉത്തപ്പയാണ് കേരളത്തില്‍ നിന്ന് ലേലത്തിനെത്തുന്ന ഏറ്റവും വിലകൂടിയ താരം. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള എസ് ശ്രീശാന്താണ് ഏറ്റവും കൂടുതല്‍ അടിസ്ഥാന വിലയുള്ള രണ്ടാമത്തെ താരം. കഴിഞ്ഞ സീസണില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇത്തവണയും 20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ട് ലേലത്തില്‍ പങ്കെടുക്കും. വിഷ്ണു വിനോദും 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളുടെ പട്ടികയിലാണ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്ന കെ എം ആസിഫ്(20ലക്ഷം), സണ്‍റൈസേഴ്‌സ് താരമായിരുന്ന ബേസില്‍ തമ്പി(30 ലക്ഷം) സച്ചിന്‍ ബേബി(20 ലക്ഷം), ജലജ് സക്‌സേന(30 ലക്ഷം), മിഥുന്‍ എസ്(20ലക്ഷം), രേഹന്‍ കുന്നുമേല്‍(20 ലക്ഷം), എം ഡി നിഥീഷ്(20 ലക്ഷം), ഷോണ്‍ റോജര്‍(20ലക്ഷം), സിജോമോന്‍ ജോസഫ്(20ലക്ഷം) എന്നിങ്ങനെയാണ് ലേലപട്ടികയിലുള്ള കേരളാ താരങ്ങളുടെ അടിസ്ഥാനവില.

2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും വെറ്ററന്‍ മലയാളി താരവുമായ പിആര്‍ ശ്രീജേഷിന്. സ്പാനിഷ് സ്‌പോര്‍ട് ക്ലൈംബിങ് താരം അല്‍ബര്‍ട്ടോ ജിനെസ് ലോപസ്, ഇറ്റാലിയന്‍ വുഷു താരം മിഷേല്‍ ജിയോര്‍ഡനോ എന്നിവരെ പിന്തള്ളിയാണ് ശ്രീജേഷ് നേട്ടം കൈവരിച്ചത്. 1,27,647 വോട്ടുകളാണ് ശ്രീജേഷിന് ലഭിച്ചത്. പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്.

‘അവാര്‍ഡ് നേടിയതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. എന്നെ ഈ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്തതിന് എഫ്ഐഎച്ചിന് ഒരുപാട് നന്ദി. എനിക്ക് വോട്ട് ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യന്‍ ഹോക്കി പ്രേമികള്‍ക്കും നന്ദി’-ശ്രീജേഷ് പ്രതികരിച്ചു.

പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏക താരം ശ്രീജേഷാണ്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ശ്രീജേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. 2021ലെ ടോക്യോ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയെ വെങ്കല മെഡല്‍ നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ശ്രീജേഷായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ താരം ഗോള്‍ കീപ്പറായി മികച്ച പ്രകടനമാണ് ഒളിംപിക്‌സില്‍ കാഴ്ചവെച്ചത്.