ആന്റിഗ്വ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയെ 96 റണ്‍സിന് പരാജയപ്പെടുത്തി ടീം ഇന്ത്യ ഫൈനലില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 290 ലക്ഷ്യത്തിന് മുന്നില്‍ ഓസ്‌ട്രേലിയ കാലിടറി വീണു. 41.5 ഓവറില്‍ 194 റണ്‍സില്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം അവസാനിച്ചു. അര്‍ധ സെഞ്ചുറി നേടിയ ലാച്ച്ലാന്‍ ഷ്വോയ്ക്ക് മാത്രമേ ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാനായുള്ളു. 3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും രണ്ട് വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവികുമാറുമാണ് ഓസ്‌ട്രേലിയയെ വീഴ്ത്തിയത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സാണെടുത്തത്. സെഞ്ചുറിയുമായി നായകന്‍ യാഷ് ദുള്ളും സെഞ്ചുറിക്കരികെ പുറത്തായ ഷെയ്ഖ് റഷീദുമാണ് ഇന്ത്യന്‍ ടീമിന് കരുത്തായത്. ആംഗ്രിഷ് രഘുവംശി ആറിലും ഹര്‍നൂര്‍ സിംഗ് 16 റണ്‍സിലും പുറത്താകുമ്പോള്‍ ഇന്ത്യക്ക് 12.3 ഓവറില്‍ 37 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, മൂന്നാം വിക്കറ്റില്‍ 204 റണ്‍സ് ചേര്‍ത്ത് യാഷ് ദുള്‍- ഷെയ്ഖ് റഷീദ് സഖ്യം ഇന്ത്യയെ സുരക്ഷിത സ്‌കോറിലെത്തിച്ചു. 46-ാം ഓവറിലെ അഞ്ചാം പന്തില്‍ യാഷ് റണ്ണൗട്ടാവുകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 241ലെത്തിയിരുന്നു.
സെഞ്ചുറി നേടിയ യാഷ് 110 പന്തില്‍ 110 റണ്‍സ് നേടി. എന്നാല്‍ സെഞ്ചുറിക്കരികെ റഷീദ് പുറത്തായത് ഇന്ത്യന്‍ ആരാധകരര്‍ക്ക് നോവായി. 108 പന്തില്‍ 94 റണ്‍സ് നേടിയ റഷീദിനെ ജാക്കാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ സ്‌കോറുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ രാജ്വര്‍ധന്‍ 13 റണ്‍സെടുത്ത് പുറത്തായി. നിഷാന്ത് സിന്ധുവും(12), ദിനേശ് ബനയും(20) ഇന്ത്യന്‍ സ്‌കോര്‍ മികച്ചതാക്കി ഇന്നിംഗ്സ് പൂര്‍ത്തിയാക്കുകയായിരുന്നു.

