2021ലെ മികച്ച താരത്തിനുള്ള വേള്‍ഡ് ഗെയിംസ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറും വെറ്ററന്‍ മലയാളി താരവുമായ പിആര്‍ ശ്രീജേഷിന്. സ്പാനിഷ് സ്‌പോര്‍ട് ക്ലൈംബിങ് താരം അല്‍ബര്‍ട്ടോ ജിനെസ് ലോപസ്, ഇറ്റാലിയന്‍ വുഷു താരം മിഷേല്‍ ജിയോര്‍ഡനോ എന്നിവരെ പിന്തള്ളിയാണ് ശ്രീജേഷ് നേട്ടം കൈവരിച്ചത്. 1,27,647 വോട്ടുകളാണ് ശ്രീജേഷിന് ലഭിച്ചത്. പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീജേഷ്.
‘അവാര്‍ഡ് നേടിയതില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. എന്നെ ഈ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്തതിന് എഫ്ഐഎച്ചിന് ഒരുപാട് നന്ദി. എനിക്ക് വോട്ട് ചെയ്ത ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യന്‍ ഹോക്കി പ്രേമികള്‍ക്കും നന്ദി’-ശ്രീജേഷ് പ്രതികരിച്ചു.
പുരസ്‌കാരത്തിന് ഇന്ത്യയില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഏക താരം ശ്രീജേഷാണ്. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനാണ് ശ്രീജേഷിന്റെ പേര് നിര്‍ദ്ദേശിച്ചത്. 2021ലെ ടോക്യോ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയെ വെങ്കല മെഡല്‍ നേട്ടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് ശ്രീജേഷായിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ താരം ഗോള്‍ കീപ്പറായി മികച്ച പ്രകടനമാണ് ഒളിംപിക്‌സില്‍ കാഴ്ചവെച്ചത്.

