Sports (Page 137)

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ചെന്നൈയിനെതിരെ ഒരു ഗോളിന് മുംബൈക്ക് ജയം. വിക്രം പ്രതാപ് സിംഗ് ആണ് മുംബൈയുടെ ഗോള്‍ നേടിയത്. അതോടെ, 14 മത്സരങ്ങളില്‍ 22 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തെത്തി. ചെന്നൈ ഏഴാം സ്ഥാനത്താണ്. 15 മത്സരങ്ങളില്‍ 19 പോയിന്റാണ് അവര്‍ക്കുള്ളത്.

നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് തന്നെയായിരുന്നു മത്സരത്തില്‍ ആധിപത്യം. കൂടുതല്‍ ഷോട്ടുകളുതിര്‍ത്തതും മുംബൈ ആയിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ അവര്‍ക്ക് സാധിക്കാതെ വന്നു. മറുവശത്ത് ചെന്നൈ ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ 85-ാം മിനിറ്റില്‍ വിക്രം പ്രതാപിലൂടെ മുംബൈ വിജയമുറപ്പിച്ചു.

അഹമ്മദാബാദ്: വിഖ്യാത സംഗീതജ്ഞയും ഇന്ത്യയുടെ വാനമ്പാടിയുമായ ലതാ മങ്കേഷ്‌ക്കറിന് ആദരാഞ്ജലിയര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. അഹമ്മദാബാദില്‍ നടക്കുന്ന വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ ലതാജിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് രംഗത്തെത്തിയത്. മത്സരത്തിന് മുമ്പായി ക്യാപ്ടന്‍ രോഹിത് ശര്‍മ്മയുടെയും വിരാട് കൊഹ്ലിയുടെയും നേതൃത്വത്തില്‍ ഗ്രൗണ്ടില്‍ അണിനിരന്ന ഇന്ത്യന്‍ താരങ്ങള്‍ ഒരു മിനിട്ട് മൗനം ആചരിച്ചു. രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പരിശീലക സംഘവും ബൗണ്ടറി ലൈനിന് പുറത്ത് മൗനം ആചരിച്ചു. കൈയില്‍ കറുത്ത ആംബാന്‍ഡ് കെട്ടിയാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ കളത്തിലിറങ്ങിയത്.

ലതാ മങ്കേഷ്‌ക്കര്‍ വലിയൊരു ക്രിക്കറ്റ് ആരാധികയായിരുന്നെന്നും എന്നും ഇന്ത്യന്‍ ടീമിനെ പിന്തുണക്കുന്നതില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നെന്ന്ബി സി സി ഐ ട്വീറ്റ് ചെയ്തു. ഏറെനാളായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു ലതാജി.

നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയുടെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഗ്രൗണ്ടില്‍ ഇറങ്ങിയപ്പോള്‍ 1000 ഏകദിന മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറി.

ഇതിന് മുമ്പ് 999 ഏകദിനങ്ങള്‍ കളിക്കുകയും അതില്‍ 518 വിജയങ്ങള്‍ ഇന്ത്യ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവര്‍ 431 തോല്‍വികള്‍ ഏറ്റുവാങ്ങി, ഒമ്പത് മത്സരങ്ങള്‍ ടൈയില്‍ അവസാനിച്ചു, 41 മത്സരങ്ങള്‍ ഫലമുണ്ടായില്ല. തങ്ങളുടെ 1000-ാം ഏകദിനം കളിക്കാന്‍ കളത്തിലിറങ്ങുമ്പോള്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനെ നയിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു.

ഇന്ത്യയുടെ 100-ാം ഏകദിനത്തില്‍ കപില്‍ ദേവ് ക്യാപ്റ്റനായിരുന്നപ്പോള്‍ സൗരവ് ഗാംഗുലിയായിരുന്നു മെന്‍ ഇന്‍ ബ്ലൂവിന്റെ 500-ാം ഏകദിനത്തില്‍ ടീമിനെ നയിച്ചത്. ഓസ്ട്രേലിയ 958 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ച രണ്ടാമത്തെ ടീമായി അവര്‍ മാറി. പാകിസ്ഥാന്‍ ആണ് മൂന്നാം സ്ഥാനത്ത്. പാകിസ്ഥാന്‍ 936 ഏകദിനങ്ങള്‍ ആണ് കളിച്ചിട്ടുള്ളത്. 50 ഓവര്‍ ഫോര്‍മാറ്റില്‍ 761 മത്സരങ്ങള്‍ കളിച്ച ഇംഗ്ലണ്ട് ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ കളിച്ചവരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

ഐപിഎല്ലില്‍ ധോണിയ്ക്ക് കീഴില്‍ കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി യുവ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. വ്യക്തിപരമായി തനിക്കേറ്റവും ഇഷ്ടപ്പെട്ട ടീം ചെന്നൈ സൂപ്പര്‍ കിങ്സാണെന്നും മഹേന്ദ്രസിങ് ധോണിക്കു കീഴില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായും ഹൂഡ വ്യക്തമാക്കി.

പഞ്ചാബ് കിങ്സിന്റെ താരമായ ദീപക് ഹൂഡ വെസ്റ്റിന്‍ഡീസിനെതിരെ ഈ മാസം ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎലില്‍ ധോണിക്കു കീഴില്‍ കളിക്കാനുള്ള ആഗ്രഹം ഹൂഡ പരസ്യമാക്കിയത്. ‘ഞാന്‍ ധോണിയുടെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തോട് പലതവണ നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് ഞാന്‍ ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ധോണി ഭായിയും ടീമിലുണ്ടായിരുന്നു. അന്ന് ധോണിയുമായി പരിചയം സ്ഥാപിച്ചിരുന്നു’ ദീപക് ഹൂഡ പറഞ്ഞു.

എന്നാല്‍, ഐപിഎല്ലില്‍ പ്രത്യേകിച്ച് ഏതെങ്കിലും ടീമില്‍ കളിക്കണമെന്നില്ലെന്നും താരലേലത്തേക്കാള്‍ ഈ മാസം ആറിന് ആരംഭിക്കുന്ന വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് താനെന്നും താരം പറഞ്ഞു.

ആന്റിഗ്വ: ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ കൗമാരപ്പട. ഇന്നലെ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഫൈനലില്‍ രാജ് ബാവയുടെ ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ സീനിയര്‍ ടീം ഏകദിന ക്രിക്കറ്റില്‍ 1000-ാമത്തെ മത്സരം കളിക്കുന്ന ദിവസം തന്നെയാണ് യുവ ഇന്ത്യ കിരീടധാരണമെന്നത് ഇരട്ടിമധുരമായി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ രാജ് ബാവയുടെയും രവി കുമാറിന്റെയും പേസ് മികവില്‍ 189 റണ്‍സില്‍ തളച്ച ഇന്ത്യ 47.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്താണ് കഴിഞ്ഞ തവണ ബംഗ്ലാദേശിന് മുന്നില്‍ കൈവിട്ട കിരീടം തിരിച്ചു പിടിച്ചത്. സ്‌കോര്‍ ഇംഗ്ലണ്ട്-44.5 ഓവറില്‍ 189ന് ഓള്‍ ഔട്ട്, ഇന്ത്യ47.4 ഓവറില്‍ 195-6. നാലു വിക്കറ്റ് ശേഷിക്കെ മൂന്നോവറില്‍ 12 റണ്‍സായിരുന്നു ഇന്ത്യക്ക് ജയത്തിലേക്ക് വേണ്ടിയിരുന്നത്. ജെയിംസ് സെയില്‍സിന്റെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ നിഷാന്ത് സന്ധു രണ്ടാം പന്തില്‍ സിംഗിളെടുത്ത് അര്‍ധസെഞ്ചുറി തികച്ചു. അഞ്ച് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങി നിര്‍ണായക 35 റണ്‍സെടുക്കുകയും ചെയ്ത രാജ് ബാവയാണ് ഫൈനലിലെ താരം. ജൂനിയര്‍ എ ബി ഡിവില്ലിയേഴ്‌സ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസാണ് ടൂര്‍ണമെന്റിലെ താരം.

സെയില്‍സിന്റെ അടുത്ത രണ്ട് പന്തുകളും സിക്‌സിന് പറത്തി വിക്കറ്റ് കീപ്പര്‍ ദിനേശ് ബാന ഇന്ത്യയുടെ കിരീടധാരണം പൂര്‍ത്തിയാക്കി. 54 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന നിഷാന്ത് സന്ധുവും 50 റണ്‍സെടുത്ത ഓപ്പണര്‍ ഷെയ്ഖ് റഷീദുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. മുഹമ്മദ്, കൈഫ്(2000), വിരാട് കോലി(2008), ഉന്‍മുക്ത് ചന്ദ്(2012), പൃഥ്വി ഷാ(2018) എന്നിവര്‍ക്കു ശേഷം ഇന്ത്യക്ക് അണ്ടര്‍-19 ലോകകപ്പ് സമ്മാനിക്കുന്ന നായകനാണ് യാഷ് ദുള്‍.

ബംബോലിം: ഐഎസ്എല്‍ മത്സരത്തില്‍ ജംഷഡ്പൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന് ബംഗളൂരു എഫ് സി പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. ആദ്യ മിനിറ്റില്‍ ഡാനിയേല്‍ ചിമ ചിക്വുവിന്റെ ഗോളില്‍ മുന്നിലെത്തിയ ജംഷഡ്പൂരിനെ രണ്ടാം പകുതിയില്‍ നേടി മൂന്ന് ഗോളുകള്‍ക്കാണ് ബംഗളൂരു മറികടന്നത്. സുനില്‍ ഛേത്രിയും ക്ലൈറ്റണ്‍ സില്‍വയുമാണ് ബംഗളൂരുവിന്റെ ഗോളുകള്‍ നേടിയത്.

ആദ്യ മിനിറ്റില്‍ തന്നെ മുന്നിലെത്തി ജംഷഡ്പൂര്‍ തകര്‍പ്പന്‍ തുടക്കമിട്ടു. ബംഗളൂരു പകുതിയില്‍ നിന്ന് പന്തുമായി കുതിച്ച അലക്‌സാണ്ട്രെ ലിമ ബോക്‌സില്‍ ബോറിസ് സിംഗിന് മറിച്ചു നല്‍കി. ബോറിസ് സിംഗ് തൊടാതെ വിട്ട പന്തില്‍ ആദ്യ ടച്ചില്‍ തന്നെ ചുക്വു ഗോളിലേക്ക് നിറയൊഴിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിലെ സുനില്‍ ഛേത്രി ബംഗളൂരുവിനെ ഒപ്പമെത്തിച്ചു. 55-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ബോക്‌സിനടുത്ത് നിന്ന് ലഭിച്ച ത്രോയില്‍ നിന്ന് ബ്രൂണോ സില്‍വ നല്‍കിയ പാസില്‍ നിന്നായിരുന്നു ഛേത്രിയുടെ ഗോള്‍. ജംഷഡ്പൂരിനെതിരെ ഗോളടിച്ചതോടെ ഛേത്രി ഫെറാന്‍ കോറോമിനാസിനെ പിന്തള്ളി ഐഎസ്എല്ലിലെ എക്കാലത്തെയും വലിയ ടോപ് സ്‌കോറര്‍(49) എന്ന റെക്കോര്‍ഡിനൊപ്പമെത്തി. ബര്‍തോലോമ്യു ഒഗ്‌ബെച്ചെയാണ് 49 ഗോളുകളുമായി ഛേത്രിക്കൊപ്പമുളളത്.

62-ാം മിനിറ്റില്‍ ബ്രൂണോ സില്‍വയുടെ പാസില്‍ നിന്ന് ക്ലൈയ്റ്റണ്‍ സില്‍വ ബംഗളൂരുവിന് ലീഡ് സമ്മാനിച്ച് രണ്ടാം ഗോളും നേടി. ഫാര്‍ പോസ്റ്റില്‍ നിന്ന് റോഷന്‍ നവോറം എടുത്ത കോര്‍ണറാണ് ഗോളിലേക്കുള്ള വഴി തുറന്നത്. സമനില ഗോളിനായി ജംഷഡ്പൂര്‍ പ്രതിരോധം മറന്ന് ആക്രമിച്ചതോടെ ഇഞ്ചുറി ടൈമില്‍ ക്ലൈയ്റ്റണ്‍ സില്‍വയിലൂടെ മൂന്നാം ഗോളും നേടി ബംഗളൂരു ജയം ആധികാരികമാക്കി. ഇതോടെ ബംഗലൂരു മൂന്നാം സ്ഥാനത്തെത്തി. ഒരു മത്സരം കുറച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സിനും 23 പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനം നിലനിര്‍ത്തി.

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് സാക്ഷിയാകാന്‍ തലസ്ഥാന നഗരി ഒരുങ്ങുന്നു. മൂന്ന് സ്റ്റേഡിയങ്ങളുള്ള നഗരം എന്ന നിലയിലാണ് തിരുവനന്തപുരത്തിന് മത്സരം അനുവദിച്ചത്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, തുമ്പ സെന്റ് സേവ്യേഴ്‌സ്, മംഗലപുരം സ്റ്റേഡിയം എന്നിവിടങ്ങളിലാകും മത്സരങ്ങള്‍ നടക്കുക .ആന്ധ്ര, രാജസ്ഥാന്‍, സര്‍വ്വീസസ്, ഉത്തരാഖണ്ഡ് എന്നീ ടീമുകളാണ് തിരുവനന്തപുരത്ത് കളിക്കാനായി എത്തുക.

കിംഗ്സ്റ്റണ്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് നേര്‍ക്കുനേര്‍. വൈകിട്ട് ആറരക്കാണ് കളി. തുടര്‍ച്ചയായ അഞ്ചാം ഫൈനലിനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം അഞ്ചാം കിരീടമാണ്.

ബാറ്റിംഗിലും പേസ് ബൗളിംഗിലും ഇരുടീമും ഒപ്പത്തിനൊപ്പമാണ്. ഓപ്പണിംഗില്‍ ആംഗ്ക്രിഷ് രഘുവംശിക്ക് മറുപടിയായി ജേക്കബ് ബെദലുണ്ട്. മധ്യനിരയ്ക്ക് കരുത്തായി ഇന്ത്യക്ക് നായകന്‍ യഷ് ദൂളും ഇംഗ്ലണ്ടിന് ക്യാപ്റ്റന്‍ ടോം പ്രെസ്റ്റും. സെമിയില്‍ സെഞ്ച്വറി നേടിയ ധൂള്‍ ഉഗ്രന്‍ ഫോമിലാണ്. ഇടംകൈയന്‍ പേസറായ ഇന്ത്യയുടെ രവി കുമാറിന് പകരം ഇംഗ്ലണ്ടിന് ജോഷ്വ ബോയ്ഡനുണ്ട്.

ഇന്ത്യന്‍ സ്പിന്നര്‍മാരെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ എങ്ങനെ നേരിടുന്നു എന്നതായിരിക്കും നിര്‍ണായകം. അഞ്ച് കളിയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയത് 26 വിക്കറ്റ്. മൂന്ന് കളിയില്‍ നാലു വിക്കറ്റ് വീതം നേടിയ ലഗ്സ്പിന്നര്‍ റെഹാന്‍ അഹമ്മദിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ നാര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കേരളാ ബ്ലാസ്റ്റേഴ്സ്. രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് വിജയം കുറിച്ചത്.

62ാം മിനിറ്റില്‍ പെരെയ്ര ഡയസും 82ാം മിനിറ്റില്‍ വാസ്‌കെസുമാണ് വിജയ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ 70ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തു പോയിട്ടും ആധികാരിക വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ മലയാളി താരം മുഹമ്മദ് ഇര്‍ഷാദ് തൈവളപ്പിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേ്സ് ഇന്ന് രാത്രി ഏഴരക്ക് ഇറങ്ങും. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.

മൂന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റഴ്സിനും ഏറ്റവും പിന്നിലായി പതിനൊന്നാമതുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ലക്ഷ്യം വിജയ വഴിയില്‍ തിരിച്ചെത്തുകയെന്നത് മാത്രമാണ്.

തോല്‍വി അറിയാത്ത 10 മത്സരങ്ങള്‍ക്ക് ശേഷമെത്തിയ കൊവിഡില്‍ കൊമ്പന്മാര്‍ വീണു. ബംഗളുരുവിനെതിരായ ഒറ്റഗോള്‍ തോല്‍വിയിലും പരിക്കൊന്നുമില്ലാതെ താരങ്ങള്‍ തിരിച്ചു കയറിയതില്‍ കോച്ചിന് ആശ്വാസം. പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടം മുറുകുമ്പോള്‍ രണ്ടാംസ്ഥാനത്തേക്ക് ഉയരാനുളള അവസരമവുമുണ്ട് മഞ്ഞപ്പടയ്ക്ക്.

ഹൈദരാബാദിനെതിരെ അഞ്ച് ഗോളിന് നാണംകെട്ടതിന്റെ ആഘാതത്തിലാകും ഹൈലന്‍ഡേഴ്സ്. കഴിഞ്ഞ നാല് കളിയില്‍ കളിക്കാതിരുന്ന ഡെഷോണ്‍ ബ്രൗണ്‍ തിരിച്ചെത്തുന്നതോടെ ഗോളുകള്‍ക്ക് പഞ്ഞമുണ്ടാകില്ലെന്നാണ് ഖാലിദ് ജമിലിന്റെ പ്രതീക്ഷ. മികച്ച പ്രകടനം തുടരുന്ന വി പി സുഹൈര്‍ അടക്കം മലയാളിതാരങ്ങളെയും നോര്‍ത്ത് ഈസ്റ്റ് ടീമില്‍ പ്രതീക്ഷിക്കാം.