ന്യൂഡല്‍ഹി: കായിക ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരത്തിന്റെ നാമനിര്‍ദ്ദേശ പട്ടികയില്‍ ഒളിംപിക്സ് ചാമ്പ്യന്‍ നീരജ് ചോപ്രയും. വഴിത്തിരിവാകുന്ന മുന്നേറ്റങ്ങള്‍ക്കുളള വിഭാഗത്തിലാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ മികവിനാണ് നീരജിന് അംഗീകാരം.
യുഎസ് ഓപ്പണ്‍ കിരീടം നേടിയ ടെന്നിസ് താരങ്ങളായ ഡാനില്‍ മെദ്വദേവ്, എമ്മ റാഡുക്കാനു, ഫുട്‌ബോള്‍ താരം പെഡ്രി, ഓസ്‌ട്രേലിയന്‍ നീന്തല്‍ താരം ആരിയാര്‍നെ ടിറ്റ്മസ്, വെനസ്വേലന്‍ ട്രിപ്പിള്‍ ജംപ് താരം യൂലിമാര്‍ റോഹസ് എന്നിവരും നാമനിര്‍ദ്ദേശ പട്ടികയില്‍ സ്ഥാനം നേടിയിട്ടുണ്ട്. ലോകമെമ്പാടുമുളള 1300 സ്‌പോര്‍ട്സ് ലേഖകര്‍ അടങ്ങുന്ന പാനലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.
ലോറസ് നാമനിര്‍ദേശം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് നീരജ്. വിനേഷ് ഫോഗത്തും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ഇതിന് മുന്‍പ് നാമനിര്‍ദ്ദേശം ലഭിച്ച ഇന്ത്യന്‍ താരങ്ങള്‍. ഏപ്രിലില്‍ ആണ് വിജയിയെ പ്രഖ്യാപിക്കുക.

