‘അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ഏറെയിഷ്ടം’; ധോണിക്ക് കീഴില്‍ കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി താരം

ഐപിഎല്ലില്‍ ധോണിയ്ക്ക് കീഴില്‍ കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി യുവ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ. വ്യക്തിപരമായി തനിക്കേറ്റവും ഇഷ്ടപ്പെട്ട ടീം ചെന്നൈ സൂപ്പര്‍ കിങ്സാണെന്നും മഹേന്ദ്രസിങ് ധോണിക്കു കീഴില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായും ഹൂഡ വ്യക്തമാക്കി.

പഞ്ചാബ് കിങ്സിന്റെ താരമായ ദീപക് ഹൂഡ വെസ്റ്റിന്‍ഡീസിനെതിരെ ഈ മാസം ആറിന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഐപിഎലില്‍ ധോണിക്കു കീഴില്‍ കളിക്കാനുള്ള ആഗ്രഹം ഹൂഡ പരസ്യമാക്കിയത്. ‘ഞാന്‍ ധോണിയുടെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തോട് പലതവണ നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് ഞാന്‍ ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട സമയത്ത് ധോണി ഭായിയും ടീമിലുണ്ടായിരുന്നു. അന്ന് ധോണിയുമായി പരിചയം സ്ഥാപിച്ചിരുന്നു’ ദീപക് ഹൂഡ പറഞ്ഞു.

എന്നാല്‍, ഐപിഎല്ലില്‍ പ്രത്യേകിച്ച് ഏതെങ്കിലും ടീമില്‍ കളിക്കണമെന്നില്ലെന്നും താരലേലത്തേക്കാള്‍ ഈ മാസം ആറിന് ആരംഭിക്കുന്ന വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് താനെന്നും താരം പറഞ്ഞു.