Recent Posts (Page 2,024)

കൊളംബോ: ശ്രീലങ്കയുടെ പ്രതിസന്ധികൾ പരിഹരിക്കാൻ നടപടികളുമായി ഇന്ത്യ. വൈദ്യസേവന രംഗത്ത് അവശ്യ മരുന്നുകളുമായി ഇന്ത്യൻ നാവികാ സേനയുടെ കപ്പൽ കൊളംബോയിലെത്തി.

നാവിക സേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ഘരിയാലാണ് കൊളംബോയിലെത്തിയത്. വൈദ്യമേഖലയിൽ അവശ്യമായ ജീവൻരക്ഷാ മരുന്നുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയാണ് എത്തിച്ചിട്ടുള്ളതെന്ന് നാവിക സേന വ്യക്തമാക്കി.

സാമ്പത്തിക തകർച്ച നേരിടുന്ന ശ്രീലങ്കയ്ക്കായി ഭക്ഷ്യധാന്യം, മരുന്നുകൾ, ഇന്ധനം തുടങ്ങിയവ ഇന്ത്യ നൽകുന്നുണ്ട്. മറ്റ് വിദേശരാജ്യങ്ങളുമായി ഇന്ത്യ ശ്രീലങ്കയ്ക്കായി അതിവേഗ സഹായത്തിന് അഭ്യർത്ഥിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നാണ്യ നിധിയിൽ നിന്ന് ശ്രീലങ്കയ്ക്ക് വായ്പ ലഭ്യമാക്കാൻ ഇന്ത്യയാണ് നയതന്ത്രപരമായി ഇടപെടൽ നടത്തിയത്.

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്വന്തം നിലയില്‍ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു. ദേശീയ മാധ്യമമായ ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശാന്ത് കിഷോര്‍ പറഞ്ഞത്

‘കോണ്‍ഗ്രസ് വളരെ ആഴത്തില്‍ വേരുകളുള്ള പാര്‍ട്ടിയാണ്. അവര്‍ക്ക് 2024ല്‍ സാധ്യതയില്ലെന്ന് പറയുന്നത് തെറ്റായിരിക്കും. കോണ്‍ഗ്രസിന്റെ ഭാവി പദ്ധതികളേക്കുറിച്ച് ഞാന്‍ നേതൃത്വവുമായി പല കാര്യങ്ങളിലും ധാരണയിലെത്തി. അതേസമയം, അവര്‍ക്ക് അത് സ്വന്തമായി ചെയ്യാന്‍ കഴിയും, അവര്‍ക്ക് വലിയ നേതാക്കളുണ്ട്. അവര്‍ക്ക് എന്നെ ആവശ്യമില്ല. അവര്‍ പാര്‍ട്ടി പ്രവേശനം വാഗ്ദാനം ചെയ്തിരുന്നു എന്നാല്‍ ഞാന്‍ അത് നിരസിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ എനിക്ക് ഒരു പ്രത്യേക പങ്കും ആവശ്യമില്ല. പക്ഷെ ഭാവിയിലേക്കുള്ള ഒരു രൂപരേഖ ധാരണയായാല്‍ അത് നടപ്പാക്കണം എന്നുമാത്രമാണ് ആഗ്രഹിക്കുന്നത്. എനിക്ക് എന്താണ് പറയാനുള്ളത് എന്നത് പറഞ്ഞ് കഴിഞ്ഞു. 2014ന് ശേഷം ഇതാദ്യമായാണ് പാര്‍ട്ടി ഘടനാപരമായ മാര്‍ഗത്തിലൂടെ ഭാവിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്. പക്ഷേ, എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പിനെക്കുറിച്ച് എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു, അവര്‍ എന്നെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്നു, അത് മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ചുമതലയാണ് പക്ഷെ, എനിക്ക് എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പുകളേക്കുറിച്ച് എനിക്ക് സംശയങ്ങളുണ്ടായിരുന്നു. മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ചുമതലയാണ് എന്നെ ഭാഗമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. പാര്‍ട്ടിക്ക് നല്‍കിയ നേതൃത്വഫോര്‍മുലയില്‍ രാഹുലിന്റെയോ പ്രിയങ്കയുടെയോ പേരില്ല. എന്താണ് സ്വകാര്യമായി നിര്‍ദ്ദേശിച്ചതെന്ന് എനിക്ക് പറയാനാകില്ല. രാഹുല്‍ ഗാന്ധി എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്കുറിച്ച് തീരുമാനിക്കാന്‍ ഞാനാരാണ്? അതിന് പുറമെ, രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പുനര്‍നിര്‍മ്മിക്കാന്‍ കഴിയും. 2002 മുതല്‍ ഇന്നുവരെയുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായയിലെ മാറ്റം ശ്രദ്ധിക്കൂ, തീര്‍ച്ചയായും അത് സാധ്യമാണ്. ഇതിനെല്ലാം പുറമെ, കോണ്‍ഗ്രസിന്റെ ഭാവി പദ്ധതികള്‍ തീരുമാനിക്കുന്നതിനും മറ്റുമായി താന്‍ പണമൊന്നും പാര്‍ട്ടിയില്‍ നിന്നും കൈപറ്റിയിട്ടില്ല.’

തിരുവനന്തപുരം: എഐസിസി, കെപിസിസി അംഗത്വങ്ങളിൽ നിന്ന് തന്നെ മാറ്റിയിട്ടില്ലെന്ന് മുതിർന്ന നേതാവ് കെ വി തോമസ്. സിപിഎം സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ തന്നെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നുമാണ് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എന്നത് ഒരു സംഘടനാ രൂപമല്ല. അതൊരു കാഴ്ചപ്പാടും ജീവിത രീതിയുമാണ്. താൻ കോൺഗ്രസുകാരനാണ്. തന്റെ ഇനിയുള്ള പ്രവർത്തനവും വികസന രാഷ്ട്രീയത്തിനൊപ്പമാകും. തനിക്കെതിരെ എടുത്തത് അച്ചടക്ക നടപടിയാണോയെന്ന കാര്യം ജനങ്ങളും മാദ്ധ്യമ പ്രവർത്തകരും തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ താൻ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും തന്നെ ഇവിടുത്തെ നേതൃത്വം സമീപിച്ചിട്ടില്ല. തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ വികസന നിലപാടിനൊപ്പമായിരിക്കും. അതിനകത്ത് രാഷ്ട്രീയമില്ലെന്നും വികസനത്തെ കണ്ണടച്ച് എതിർക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകളും താനുമായി നടന്നിട്ടില്ല. ബാക്കി കാര്യങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പറയാം. താൻ തുറന്ന മനസുള്ളയാളാണെന്നും വാതിലുകൾ ഒരിക്കലും അടച്ചിട്ടില്ലെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു.

church

തിരുവനന്തപുരം: പാളയം എല്‍എംഎസ് പള്ളിക്ക് മുന്നില്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെതിരെ കൂകി വിളിച്ചും റോഡ് ഉപരോധിച്ചും പ്രതിഷേധം ശക്തമാക്കി ഒരു വിഭാഗം വിശ്വാസികള്‍. പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണുള്ളത്. ബിഷപ്പ് അനധികൃത കയ്യേറ്റം നടത്തുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാല്‍, പള്ളി കയ്യടക്കി വച്ചവരില്‍ നിന്ന് മോചിപ്പിച്ചെന്നാണ് ബിഷപ്പിന്റെ വാദം.

അതേസമയം, കത്തീഡ്രല്‍ പ്രഖ്യാപനത്തിന് പിന്നാലെ പള്ളി കോമ്പൗണ്ടില്‍ പുതിയ ബോര്‍ഡും ദക്ഷിണ കേരള ഇടവക സ്ഥാപിച്ചിട്ടുണ്ട്. എംഎം സിഎസ്ഐ കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. പള്ളി കമ്മിറ്റി പിരിച്ചു വിട്ടതായി ബിഷപ്പ് ധര്‍മ്മരാജ് റസാം പറഞ്ഞു. പുതിയ 20 അംഗ കമ്മിറ്റിയേയും, നിലവിലുള്ള വൈദികരെ സ്ഥലം മാറ്റി പുതിയ വൈദികരേയും നിയമിച്ചിട്ടുണ്ട്.

ന്യൂഡൽഹി: എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. എയർ ഇന്ത്യ എക്‌സ്പ്രസുമായി എയർ ഏഷ്യ ഇന്ത്യയെ ലയിപ്പിക്കാനാണ് നീക്കം. പ്രവർത്തന ചെലവ് ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.

ഏറ്റെടുക്കലിന് അനുമതി തേടി എയർ ഇന്ത്യ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ സമീപിച്ചു. നിലവിൽ ടാറ്റ സൺസിന് എയർ ഏഷ്യ ഇന്ത്യയിൽ 84 ശതമാനം ഓഹരിയുണ്ട്. മലേഷ്യൻ വിമാനക്കമ്പനി എയർ ഏഷ്യയാണ് 16 ശതമാനം ഓഹരിയുടെ ഉടമസ്ഥർ.

എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ഘട്ടത്തിൽ തന്നെ എയർ ഏഷ്യയുടെ ലയനം ഉണ്ടാകുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എയർ ഇന്ത്യയുടെയും എയർ ഏഷ്യയുടെയും മാനേജ്‌മെന്റുമായി ടാറ്റ സൺസിന്റെ എക്‌സിക്യുട്ടീവുകൾ ചർച്ച നടത്തിയിരുന്നു. ജീവനക്കാരുടെയും വിമാനങ്ങളുടെയും സംയോജനം അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ച ചർച്ച നടത്തിയത്. വിഷയത്തിൽ കമ്പനിക്ക് പുറത്ത് നിന്നുള്ള വിദഗ്ദ്ധരുടെ കൂടെ അഭിപ്രായവും ടാറ്റ സൺസ് തേടിയിട്ടുണ്ട്.

മഞ്ചേരി: കര്‍ണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫിയില്‍ 15-ാം ഫൈനലില്‍.

അയല്‍ക്കാരെ 7-3ന് തകര്‍ത്താണ് കേരളം ഫൈനലിന് കാണികള്‍ക്ക് ക്ഷണക്കത്ത് കൈമാറിയത്. കേരളത്തിനായി സൂപ്പര്‍സബ് ജസിന്‍ അഞ്ചും ഷിഖിലും അര്‍ജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. ആദ്യ പകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനിറ്റിനിടെയായിരുന്നു ജസിന്റെ ഹാട്രിക്.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. കേരളത്തിനായി 30-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ ജസിന്‍ അഞ്ച് ഗോള്‍ നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോള്‍ നേടിയ ജസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി. കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടികയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്.

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ പേരിലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗുരുദേവന് സ്തുതി പാടുന്നതിൽ കൗതുകമുണ്ടെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശിവഗിരി മഠത്തിന്റെ പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ് കോടിയേരിയുടെ അസഹിഷ്ണുതയ്ക്ക് കാരണം. ഗുരുദേവനും ശിവഗിരിമഠത്തിനും ഇന്ത്യയുടെ പ്രധാനമന്ത്രി നൽകുന്ന ആദരവും ബഹുമാനവും ഏതൊരു മലയാളിക്കും അഭിമാനമാണെന്നിരിക്കെ കോടിയേരിക്ക് അതിൽ അസ്വസ്ഥതയുണ്ടാകുന്നതിൽ അത്ഭുതമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുനിന്ദ രക്തത്തിലലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും അദ്ദേഹം വിമർശിച്ചു.

പ്രധാനമന്ത്രിക്കും ബിജെപിക്കും ശ്രീനാരായണ ഗുരുദേവനും ഗുരുദേവദർശനവും വോട്ട് ലക്ഷ്യമിട്ടുള്ള പാർട്ടി പരിപാടിയല്ല. അത് ഒരു ശീലമാണ്. ആർഎസ്എസ് കാര്യാലയങ്ങളിൽ പുലർച്ചെ ചൊല്ലുന്ന പ്രാർത്ഥനാഗീതം മുതൽ തുടങ്ങുന്ന ശീലം. ഭാരതത്തിലെ മഹത്തുക്കളെയും പുണ്യകേന്ദ്രങ്ങളെയും അഭിമാനഗോപുരങ്ങളെയും ധീരനായകരെയും സ്മരിക്കുന്ന പ്രാതസ്മരണയിൽ ശ്രീനാരായണഗുരുദേവനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീനാരായണഗുരു-നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന് ഗുരുദേവന്റെ സമഗ്രജീവിതദർശനത്തെ കാച്ചിക്കുറുക്കി ഭാരതമൊട്ടാകെ എത്തിച്ചത് ആർഎസ്എസ് പ്രചാരകനും സൈദ്ധാന്തികനുമായ പി. പരമേശ്വരനാണ്. 1968 ൽ കോഴിക്കോട് നടന്ന ജനസംഘം ദേശീയസമ്മേളനവേദിക്ക് നൽകിയ പേര് ശ്രീനാരായണനഗർ എന്നായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും എന്തിലും ഏതിലും ജാതിയും മതവും വർണവെറിയും ആരോപിക്കുന്ന സിപിഎമ്മിന്റെ ക്ഷുദ്രരാഷ്ട്രീയത്തിന് മറുപടി പറയേണ്ടിവരും എന്നതുകൊണ്ട് ആചരിച്ചുപോന്ന ആദർശമല്ല സംഘപരിവാറിന് ശ്രീനാരായണദർശനമെന്ന് സാരം. ബൂർഷ്വാ നാരായണഗുരു എന്ന് ഗുരുദേവനെ അപഹസിച്ചതും അധിക്ഷേപിച്ചതും സിപിഎമ്മാണ്, അവരുടെ ആചാര്യൻ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടാണ്. 1988ൽ ചിന്താവാരികയിൽ ഇഎംഎസ് എഴുതിയത് പാർട്ടി ഓഫീസിലുണ്ടെങ്കിൽ കോടിയേരി വായിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീനാരായണഗുരുദേവനെ ആശയപരമായും അല്ലാതെയും അപമാനിച്ചും അവഹേളിച്ചും മാത്രം ശീലിച്ച ഒരു പാർട്ടി ഇപ്പോൾ പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരെ ചളിവാരിയെറിഞ്ഞ് മാന്യത നേടാൻ പുതിയ കഥയിറക്കുകയാണ്. ആർഎസ്എസ് ശാഖകളിൽ ഒരുമിച്ച് പ്രവർത്തകർ ചൊല്ലാറുള്ള ഗുരുദേവന്റെ ‘ദൈവദശകം’ സർക്കാർ വിദ്യാലയങ്ങളിൽ നിത്യപ്രാർത്ഥനയായി അംഗീകരിച്ച് ഉത്തരവിറക്കട്ടെ. ഇപ്പോൾ കാട്ടുന്ന ഭക്തി ആത്മാർത്ഥമാണെങ്കിൽ, അതാകും നമ്പൂതിരിപ്പാട് മുതൽ പുലർത്തിപ്പോന്ന ഗുരുദേവനിന്ദയ്ക്കുള്ള പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും സംഘപരിവാറിനെയും ശ്രീനാരായണവിരോധികളാക്കി മുദ്രകുത്താനുള്ള നീക്കത്തിന്റെ പേരിലെങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗുരുദേവന് സ്തുതി പാടുന്നതിൽ കൗതുകമുണ്ട്. ശിവഗിരി മഠത്തിന്റെ പരിപാടികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതാണ് കോടിയേരിയുടെ അസഹിഷ്ണുതയ്ക്ക് കാരണം. ഗുരുദേവനും ശിവഗിരിമഠത്തിനും ഇന്ത്യയുടെ പ്രധാനമന്ത്രി നൽകുന്ന ആദരവും ബഹുമാനവും ഏതൊരു മലയാളിക്കും അഭിമാനമാണെന്നിരിക്കെ കോടിയേരിക്ക് അതിൽ അസ്വസ്ഥതയുണ്ടാകുന്നതിൽ അത്ഭുതമില്ല. ഗുരുനിന്ദ രക്തത്തിലലിഞ്ഞവരാണ് കമ്മ്യൂണിസ്റ്റുകാർ.

പ്രധാനമന്ത്രിക്കും ബിജെപിക്കും ശ്രീനാരായണഗുരുദേവനും ഗുരുദേവദർശനവും വോട്ട് ലക്ഷ്യമിട്ടുള്ള പാർട്ടി പരിപാടിയല്ല. അത് ഒരു ശീലമാണ്. ആർഎസ്എസ് കാര്യാലയങ്ങളിൽ പുലർച്ചെ ചൊല്ലുന്ന പ്രാർത്ഥനാഗീതം മുതൽ തുടങ്ങുന്ന ശീലം. ഭാരതത്തിലെ മഹത്തുക്കളെയും പുണ്യകേന്ദ്രങ്ങളെയും അഭിമാനഗോപുരങ്ങളെയും ധീരനായകരെയും സ്മരിക്കുന്ന പ്രാതസ്മരണയിൽ ശ്രീനാരായണഗുരുദേവനുമുണ്ട്. ‘ശ്രീനാരായണഗുരു-നവോത്ഥാനത്തിന്റെ പ്രവാചകൻ’ എന്ന് ഗുരുദേവന്റെ സമഗ്രജീവിതദർശനത്തെ കാച്ചിക്കുറുക്കി ഭാരതമൊട്ടാകെ എത്തിച്ചത് ആർഎസ്എസ് പ്രചാരകനും സൈദ്ധാന്തികനുമായ പി. പരമേശ്വരനാണ്. 1968ൽ കോഴിക്കോട് നടന്ന ജനസംഘം ദേശീയസമ്മേളനവേദിക്ക് നൽകിയ പേര് ശ്രീനാരായണനഗർ എന്നായിരുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും എന്തിലും ഏതിലും ജാതിയും മതവും വർണവെറിയും ആരോപിക്കുന്ന സിപിഎമ്മിന്റെ ക്ഷുദ്രരാഷ്ട്രീയത്തിന് മറുപടി പറയേണ്ടിവരും എന്നതുകൊണ്ട് ആചരിച്ചുപോന്ന ആദർശമല്ല സംഘപരിവാറിന് ശ്രീനാരായണദർശനമെന്ന് സാരം.

ബൂർഷ്വാ നാരായണഗുരു എന്ന് ഗുരുദേവനെ അപഹസിച്ചതും അധിക്ഷേപിച്ചതും സിപിഎമ്മാണ്, അവരുടെ ആചാര്യൻ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടാണ്. 1988ൽ ചിന്താവാരികയിൽ ഇഎംഎസ് എഴുതിയത് പാർട്ടി ഓഫീസിലുണ്ടെങ്കിൽ കോടിയേരി വായിക്കണം. ” മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതുന്നതിന് മുമ്പ് അന്തരിച്ചുപോയ രാജാറാം മോഹൻ റോയി ബൂർഷ്വാദേശീയപ്രസ്ഥാനത്തിന്റെ മുന്നോടിയായിരുന്നു എന്ന് പറയുന്നതിൽ അസാംഗത്യമില്ല…. ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ മുൻഗാമികളോ സമകാലീനരോ പിൻഗാമികളോ ആയവരും ബംഗാളിൽ റാം മോഹൻ റോയി തുടങ്ങിവച്ച നവീകരണപ്രക്രിയകളുടെ ഇവിടത്തെ പ്രതിനിധികളായിരുന്നു.’ ‘അംബേദ്ക്കർ ഒരു പെറ്റിബൂർഷ്വ ആണെന്നും അതേ പ്രതിഭാസം കേരളത്തിൽ രൂപപ്പെട്ടത് നാരായണഗുരു മുതലായ സാമൂഹ്യപരിഷ്‌കർത്താക്കളുടെ രൂപത്തിലാണ്’ എന്ന് ‘അംബേദ്കർ, ഗാന്ധി, മാർക്സിസ്റ്റുകാർ’ എന്ന പേരിൽ എഴുതിയ ലേഖനത്തിലും നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്. ഒരുപടികൂടിക്കടന്ന് ഇന്ത്യൻ സ്വാതന്ത്രസമരചരിത്രം എന്ന പുസ്തകത്തിൽ ഹൈന്ദവ പുനരുത്ഥാനം- ദേശീയതയുടെ വികൃതരൂപം’ എന്ന തലക്കെട്ടിലാണ് ഇഎംഎസ് ഗുരുദേവനെ അവതരിപ്പിച്ചത്. ഈ നിലപാടിൽ നിന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ മാറിയതിന്റെ ഒരടയാളവും ഇന്നും കാണാനാവില്ല.

ശ്രീനാരായണഗുരുദേവന്റെ നിശ്ചലദൃശ്യം സിപിഎമ്മുകാർ തന്നെ കേരളത്തിന്റെ തെരുവിൽ അവതരിപ്പിച്ചത് ആരും മറന്നുപോയിട്ടില്ല. കുരിശിൽ തറച്ച് വലിച്ചിഴയ്ക്കുന്ന രീതിയിലായിരുന്നു അത്. നവോത്ഥാനത്തിന്റെ പേരിൽ ശബരിമലയടക്കമുള്ള ക്ഷേത്രങ്ങൾക്കെതിരെ കള്ളക്കഥകളും ദുഷ്പ്രചാരണങ്ങളും പ്രചരിപ്പിച്ചവർ സ്വന്തം ഭാഗം ന്യായീകരിക്കാൻ ഗുരുദേവന്റെ പേരിൽ ജാതിയില്ലാ വിളംബരം എന്നൊന്ന് അടിച്ചിറക്കിയതും അടുത്തിടെയാണ്. പ്രബുദ്ധകേരളത്തിൽ പരസ്യം എന്ന പേരിൽ പ്രസിദ്ധീകരിച്ച ആ പ്രഖ്യാപനം ജാതിയില്ലാ വിളംബരം എന്ന തലക്കെട്ടിൽ ഗുരുദേവന്റെ പേരിൽ നിന്ന് ശ്രീ വെട്ടിമാറ്റി, അദ്ദേഹത്തിന്റെ വ്യാജ ഒപ്പ് വച്ച് പ്രചരിപ്പിച്ചവരാണ് സിപിഎമ്മും കേരളത്തിലെ സർക്കാരും. ഏറ്റവും ഒടുവിൽ റിപ്പബ്ലിക്ക് ദിനത്തിൽ അവതരിപ്പിക്കാൻ നിശ്ചയിച്ച നിശ്ചലദൃശ്യത്തിലെ ഗുരുദേവ പ്രതിമ എത്രമാത്രം വികൃതമായാണ് അവർ നിർമ്മിച്ചതും അയച്ചതുമെന്നും നമ്മുടെ മുന്നിലുണ്ട്.

ശ്രീനാരായണഗുരുദേവനെ ആശയപരമായും അല്ലാതെയും അപമാനിച്ചും അവഹേളിച്ചും മാത്രം ശീലിച്ച ഒരു പാർട്ടി ഇപ്പോൾ പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരെ ചളിവാരിയെറിഞ്ഞ് മാന്യത നേടാൻ പുതിയ കഥയിറക്കുകയാണ്. ആർഎസ്എസ് ശാഖകളിൽ ഒരുമിച്ച് പ്രവർത്തകർ ചൊല്ലാറുള്ള ഗുരുദേവന്റെ ‘ദൈവദശകം’ സർക്കാർ വിദ്യാലയങ്ങളിൽ നിത്യപ്രാർത്ഥനയായി അംഗീകരിച്ച് ഉത്തരവിറക്കട്ടെ. ഇപ്പോൾ കാട്ടുന്ന ഭക്തി ആത്മാർത്ഥമാണെങ്കിൽ, അതാകും നമ്പൂതിരിപ്പാട് മുതൽ പുലർത്തിപ്പോന്ന ഗുരുദേവനിന്ദയ്ക്കുള്ള പരിഹാരം.

കൊച്ചി: വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ് മലയാള ചലച്ചിത്ര മേഖലയും എല്ലാ അനുബന്ധ അസോസിയേഷനുകളും ഗൗരവമായി കാണണമെന്നും, വിധി വരുന്നതുവരെ എല്ലാ സിനിമ സംഘടനകളിലെയും നടന്റെ അംഗത്വം സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്‌ള്യൂസിസി രംഗത്ത്.

ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അതിഗുരുതരമാംവണ്ണം ശാരീരികമായും മാനസീകവുമായി ആക്രമിക്കപ്പെട്ട ഒരു യുവനടിയുടെ പരാതിയെ തുടര്‍ന്ന് ബലാത്സംഗക്കേസ് ചുമത്തപ്പെട്ട നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിനെ ഇതുവരെയും പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഒളിവില്‍ പോയ അയാള്‍ക്കെതിരെ പോലീസ് ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. അയാള്‍ രാജ്യം വിട്ടു എന്നാണ് കരുതപ്പെടുന്നത്.

നടിയുടെ പരാതിയെ തുടര്‍ന്ന് എഫ്. ബി.യില്‍ തല്‍സമയം വരാന്‍ പോകുന്നു എന്ന് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ഏപ്രില്‍ 26ന് രാത്രി ഒരു അജ്ഞാത ലൊക്കേഷനില്‍ നിന്ന് വിജയ് ബാബു ഫേസ്ബുക്ക് ലൈവ് വഴി നടിയുടെ പേരു വെളിപ്പെടുത്തുകയും അവള്‍ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. അയാളെ കേള്‍ക്കാന്‍ ആളുണ്ട് എന്ന ധാര്‍ഷ്ട്യമാണ് അതിലൂടെ വെളിപ്പെട്ടത്.

മൂന്നാംകിട സിനിമയിലെ വില്ലന്മാരെപ്പോലെ മീശ പിരിച്ചുകൊണ്ട് നിയമം ലംഘിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയാണ് തനിക്കെതിരെ പരാതി കൊടുത്ത നടിയുടെ പേര് വെളിപ്പെടുത്തിയതിലൂടെ അയാള്‍ ചെയ്തത്. ‘ഇത് മീടൂവിന് ഒരു ഇടവേളയാകട്ടെ’ എന്ന്. പെണ്‍കുട്ടിയുടെ പരാതിക്കെതിരെ മാനനഷ്ടത്തിന് പകരം കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലെ ആണ്‍കൂട്ടങ്ങളുടെ കൂരമ്ബുകള്‍ അവള്‍ക്കെതിരെ തിരിച്ചു വിടുകയുമാണ് അയാള്‍ ചെയ്തത്.

പരാതിക്കാരിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ പേരു വിളിച്ച് അധിക്ഷേപിക്കുന്ന മറ്റൊരു ആള്‍ക്കൂട്ട ആക്രമണം തന്നെയാണ് അവളുടെ പേരു വെളിപ്പെടുത്തുക വഴി വിജയ് ബാബു തുടക്കമിട്ടത്. ഇതിന് നിയമപരമായി അറുതി വരുത്താന്‍ വനിതാ കമ്മീഷനും സൈബര്‍ പോലീസും തയ്യാറാകണം. അത്ര ഭയാനകമായ വിധത്തിലാണ് അവളുടെ പേരും ചിത്രങ്ങളും അക്രമിയുടെ ചിത്രത്തോടൊപ്പം വച്ച് ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹ്യ മാധ്യമചരിത്രത്തിലെ ഏറ്റവും നീചമായ കുറ്റകൃത്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ പെണ്‍കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതുണ്ട്.

ഭയം ജനിപ്പിക്കുന്ന ഈ ആള്‍ക്കൂട്ട ആക്രമണം അവളുടെ ജീവനു തന്നെ ഭീഷണിയാവാന്‍ ഉള്ള സാധ്യത വ്യക്തമാക്കുന്നുണ്ട്.ഈ കേസുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ വന്നു കൊണ്ടിരിക്കുന്ന അവളുടെ പേരും ചിത്രങ്ങളും പൂര്‍ണ്ണമായും എടുത്തുകളായാനും അവര്‍ക്കെതിരെ നടപടി എടുക്കാനും അധികൃതര്‍ അടിയന്തിര നടപടി എടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

മലയാള സിനിമാ മേഖലയില്‍ നിന്ന് പതിവ് കാതടപ്പിക്കുന്ന നിശബ്ദതയാണ്. ആരോപണവിധേയന്‍ അംഗമായ സംഘടനകള്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മലയാള സിനിമയില്‍ പ്രബലനും സ്വാധീനവുമുള്ള ഈ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച് ഫിലിം ഇന്റസ്ട്രിയില്‍ നിന്നും ആരും ഒന്നും പറയാന്‍ തയ്യാറാവുന്നില്ല. ഈ നിശ്ശബ്ദതയാണ് സ്ത്രീകള്‍ക്ക് നേരെ വീണ്ടും വീണ്ടും ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും കാരണമാവുന്നത്. ഈ നിശബ്ദത കൊടിയ അന്യായമായി ഡബ്ല്യു.സി.സി. കാണുന്നു.

സെക്ഷ്യൊല്‍ ഹരാസ്മെന്റ് ഒഫ് വുമണ്‍ അറ്റ് വര്‍ക്ക് പ്‌ളേസ് ആക്ട് 2013 മലയാള സിനിമ മേഖലയില്‍ നടപ്പാക്കണമെന്ന കേരള ഹൈക്കോടതിയുടെ സമീപകാല വിധിയുടെ പശ്ചാത്തലത്തിലും ഇവിടുത്തെ സംഘടനകള്‍ മൗനം പാലിക്കുകയാണ്

മലയാള ചലച്ചിത്ര മേഖലയും എല്ലാ അനുബന്ധ അസോസിയേഷനുകളും ഇത് ഗൗരവമായി കാണണമെന്നും വിധി വരുന്നതുവരെ അദ്ദേഹത്തിന്റെ എല്ലാ സിനിമ സംഘടനകളിലെയും അംഗത്വം സസ്പെന്‍ഡ് ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ഇരയെ പൊതുജനമധ്യത്തില്‍ നാണം കെടുത്തുന്ന നികൃഷ്ടമായ നിയമവിരുദ്ധമായ പ്രവൃത്തിക്ക് അവര്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നില്ലെങ്കില്‍, ചലച്ചിത്ര സംഘടനകള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം അത്യന്തം ആപല്‍ക്കരമാണ്. ഇങ്ങിനെയൊക്കെയാവാം എന്ന വിചാരമാണ് അത് അക്രമികളില്‍ ഉണ്ടാക്കുക. മുന്‍പ് ഉണ്ടായ നടിയെ ആക്രമിച്ച വിഷയത്തില്‍ അവര്‍ എടുത്ത നിലപാട് ‘അതിജീവിതയുടെ കൂടെ നില്‍ക്കുന്നു, പ്രതിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നായിരുന്നു.

ഇനിയും ഇപ്പോഴും അവര്‍ മിണ്ടാതിരിക്കാന്‍ തീരുമാനിച്ചാല്‍, അയാള്‍ മീശ പിരിച്ചു കൊണ്ട് സംസാരിക്കുന്നത് അവര്‍ക്കെല്ലാം കൂടി വേണ്ടിയാണെന്നാണോ നാം കരുതേണ്ടത്? മറ്റ് തൊഴിലിടങ്ങളിലെന്ന പോലെ മലയാള സിനിമ മേഖലയിലും പോഷ് ആക്റ്റ് ഉടനടി നടപ്പിലാക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ സംഭവം ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നത്. ലൈംഗിക പീഡനത്തോട് ഒരു സീറോ ടോളറന്‍സ് നയം ഉണ്ടായിരിക്കേണ്ടതിന്റെ അനിവാര്യത ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കല്‍ക്കരി വിതരണം വേഗത്തിലാക്കാനൊരുങ്ങി റെയില്‍വേ. ഇതിനായി 670 യാത്ര ട്രെയിനുകളുടെ ട്രിപ്പുകള്‍ മെയ് 24 വരെ റദ്ദാക്കും. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പ്രതിദിനം 3500 ടണ്‍ കല്‍ക്കരി താപവൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

എന്നാല്‍, രാജ്യത്ത് കല്‍ക്കരി പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ‘ആവശ്യമായ സ്റ്റോക്ക് കല്‍ക്കരിയുണ്ട്. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ട്. സ്റ്റോക്ക് തുടര്‍ച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ പ്രധാന കല്‍ക്കരി വിതരണ സ്ഥാപനമായ കോള്‍ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങള്‍ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കല്‍ക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം’- കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. ബീഹാറിലും ഒഡീഷയിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു.

അതേസമയം, കേരളത്തില്‍ ഇന്ന് രാത്രി 6.30നും 11.30നും ഇടയില്‍ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. നഗര പ്രദേശങ്ങളേയും ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളേയും വൈദ്യുതി നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു വിതരണ കമ്പനിയുമായി കരാര്‍ ഒപ്പിട്ടുവെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

തിരുവനന്തപുരം: കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസി(കെയ്‌സ്)ൽ വിവിധ ഒഴിവുകളിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ, മാനേജർ – പ്രൊജക്ട്‌സ് ആൻഡ് ന്യൂ ഇനിഷ്യേറ്റിവ്‌സ്, മാനേജർ മാനേജർ – സ്‌കിൽ ഡെവലപ്‌മെന്റ്, മാനേജർ ഐ.ഇ.സി, കമ്പനി സെക്രട്ടറി, പ്രൊജക്ട് മാനേജർ – സിവിൽ, പ്രൊജക്ട് എൻജിനീയർ – സിവിൽ, പ്രൊജക്ട് എൻജിനീയർ – ഇലക്ട്രിക്കൽ, ഫെസിലിറ്റീസ് കോഓർഡിനേറ്റർ, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടിവ്, എൻ.എസ്.ക്യു.എഫ് കരിക്കുലം ഡെവപ്‌മെന്റ് എക്‌സിക്യൂട്ടിവ്, പ്രൊജക്ട് ഫോർ കോഇ ആൻഡ് അക്രഡിറ്റേഷൻ എക്‌സിക്യൂട്ടിവ്, സെൻട്രലി സ്‌പോൺസേഡ് പ്രൊജക്ട് എക്‌സ്‌ക്യൂട്ടിവ്, എച്ച്.ആർ. ആൻഡ് അഡ്മിനിസ്‌ട്രേഷൻ എക്‌സിക്യൂട്ടിവ്, എക്‌സിക്യൂട്ടിവ് അസിസ്റ്റന്റ് ടു എംഡി, ഫ്രണ്ട് ഓഫിസ് എക്‌സിക്യൂട്ടിവ്, സി.എ ടു സി.ഒ.ഒ., ഒ.എ. കം ക്ലറിക്കൽ അസിസ്റ്റന്റ് ടു എംഡി എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

www.cmdkerala.net എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങളും ഈ വെബ്‌സൈറ്റിൽ ലഭിക്കും. മെയ് 11 ആണ് അപേക്ഷ അയക്കേണ്ട അവസാന തീയതി.