എഐസിസി, കെപിസിസി അംഗത്വങ്ങളിൽ നിന്ന് തന്നെ മാറ്റിയിട്ടില്ല; തൃക്കാക്കരയിൽ വികസന രാഷ്ട്രീയത്തിനൊപ്പമെന്ന് കെ വി തോമസ്

തിരുവനന്തപുരം: എഐസിസി, കെപിസിസി അംഗത്വങ്ങളിൽ നിന്ന് തന്നെ മാറ്റിയിട്ടില്ലെന്ന് മുതിർന്ന നേതാവ് കെ വി തോമസ്. സിപിഎം സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ തന്നെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നുമാണ് മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എന്നത് ഒരു സംഘടനാ രൂപമല്ല. അതൊരു കാഴ്ചപ്പാടും ജീവിത രീതിയുമാണ്. താൻ കോൺഗ്രസുകാരനാണ്. തന്റെ ഇനിയുള്ള പ്രവർത്തനവും വികസന രാഷ്ട്രീയത്തിനൊപ്പമാകും. തനിക്കെതിരെ എടുത്തത് അച്ചടക്ക നടപടിയാണോയെന്ന കാര്യം ജനങ്ങളും മാദ്ധ്യമ പ്രവർത്തകരും തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ താൻ വികസന രാഷ്ട്രീയത്തിനൊപ്പം നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും തന്നെ ഇവിടുത്തെ നേതൃത്വം സമീപിച്ചിട്ടില്ല. തൃക്കാക്കര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ വികസന നിലപാടിനൊപ്പമായിരിക്കും. അതിനകത്ത് രാഷ്ട്രീയമില്ലെന്നും വികസനത്തെ കണ്ണടച്ച് എതിർക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചർച്ചകളും താനുമായി നടന്നിട്ടില്ല. ബാക്കി കാര്യങ്ങൾ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് പറയാം. താൻ തുറന്ന മനസുള്ളയാളാണെന്നും വാതിലുകൾ ഒരിക്കലും അടച്ചിട്ടില്ലെന്നും കെ വി തോമസ് കൂട്ടിച്ചേർത്തു.