വൈദ്യുതി പ്രതിസന്ധി: കല്‍ക്കരി വണ്ടികള്‍ക്കായി യാത്രാ വണ്ടികള്‍ റദ്ദാക്കാനൊരുങ്ങി റെയില്‍വെ

ന്യൂഡല്‍ഹി: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി നേരിടാന്‍ കല്‍ക്കരി വിതരണം വേഗത്തിലാക്കാനൊരുങ്ങി റെയില്‍വേ. ഇതിനായി 670 യാത്ര ട്രെയിനുകളുടെ ട്രിപ്പുകള്‍ മെയ് 24 വരെ റദ്ദാക്കും. വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാനായി പ്രതിദിനം 3500 ടണ്‍ കല്‍ക്കരി താപവൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

എന്നാല്‍, രാജ്യത്ത് കല്‍ക്കരി പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ‘ആവശ്യമായ സ്റ്റോക്ക് കല്‍ക്കരിയുണ്ട്. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ട്. സ്റ്റോക്ക് തുടര്‍ച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ പ്രധാന കല്‍ക്കരി വിതരണ സ്ഥാപനമായ കോള്‍ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങള്‍ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കല്‍ക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം’- കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. ബീഹാറിലും ഒഡീഷയിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു.

അതേസമയം, കേരളത്തില്‍ ഇന്ന് രാത്രി 6.30നും 11.30നും ഇടയില്‍ 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. നഗര പ്രദേശങ്ങളേയും ആശുപത്രി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകളേയും വൈദ്യുതി നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു വിതരണ കമ്പനിയുമായി കരാര്‍ ഒപ്പിട്ടുവെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.