ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്വന്തം നിലയില്‍ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു. ദേശീയ മാധ്യമമായ ആജ് തക്കിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശാന്ത് കിഷോര്‍ പറഞ്ഞത്
‘കോണ്‍ഗ്രസ് വളരെ ആഴത്തില്‍ വേരുകളുള്ള പാര്‍ട്ടിയാണ്. അവര്‍ക്ക് 2024ല്‍ സാധ്യതയില്ലെന്ന് പറയുന്നത് തെറ്റായിരിക്കും. കോണ്‍ഗ്രസിന്റെ ഭാവി പദ്ധതികളേക്കുറിച്ച് ഞാന്‍ നേതൃത്വവുമായി പല കാര്യങ്ങളിലും ധാരണയിലെത്തി. അതേസമയം, അവര്‍ക്ക് അത് സ്വന്തമായി ചെയ്യാന്‍ കഴിയും, അവര്‍ക്ക് വലിയ നേതാക്കളുണ്ട്. അവര്‍ക്ക് എന്നെ ആവശ്യമില്ല. അവര്‍ പാര്‍ട്ടി പ്രവേശനം വാഗ്ദാനം ചെയ്തിരുന്നു എന്നാല്‍ ഞാന്‍ അത് നിരസിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ എനിക്ക് ഒരു പ്രത്യേക പങ്കും ആവശ്യമില്ല. പക്ഷെ ഭാവിയിലേക്കുള്ള ഒരു രൂപരേഖ ധാരണയായാല്‍ അത് നടപ്പാക്കണം എന്നുമാത്രമാണ് ആഗ്രഹിക്കുന്നത്. എനിക്ക് എന്താണ് പറയാനുള്ളത് എന്നത് പറഞ്ഞ് കഴിഞ്ഞു. 2014ന് ശേഷം ഇതാദ്യമായാണ് പാര്‍ട്ടി ഘടനാപരമായ മാര്‍ഗത്തിലൂടെ ഭാവിയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നത്. പക്ഷേ, എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പിനെക്കുറിച്ച് എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു, അവര്‍ എന്നെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്നു, അത് മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ചുമതലയാണ് പക്ഷെ, എനിക്ക് എംപവേര്‍ഡ് ആക്ഷന്‍ ഗ്രൂപ്പുകളേക്കുറിച്ച് എനിക്ക് സംശയങ്ങളുണ്ടായിരുന്നു. മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ചുമതലയാണ് എന്നെ ഭാഗമാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. പാര്‍ട്ടിക്ക് നല്കിയ നേതൃത്വഫോര്‍മുലയില്‍ രാഹുലിന്റെയോ പ്രിയങ്കയുടെയോ പേരില്ല. എന്താണ് സ്വകാര്യമായി നിര്‍ദ്ദേശിച്ചതെന്ന് എനിക്ക് പറയാനാകില്ല. രാഹുല്‍ ഗാന്ധി എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്കുറിച്ച് തീരുമാനിക്കാന്‍ ഞാനാരാണ്? അതിന് പുറമെ, രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പുനര്‍നിര്‍മ്മിക്കാന്‍ കഴിയും. 2002 മുതല്‍ ഇന്നുവരെയുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായയിലെ മാറ്റം ശ്രദ്ധിക്കൂ, തീര്‍ച്ചയായും അത് സാധ്യമാണ്. ഇതിനെല്ലാം പുറമെ, കോണ്‍ഗ്രസിന്റെ ഭാവി പദ്ധതികള്‍ തീരുമാനിക്കുന്നതിനും മറ്റുമായി താന്‍ പണമൊന്നും പാര്‍ട്ടിയില്‍ നിന്നും കൈപറ്റിയിട്ടില്ല.’

