തിരുവനന്തപുരം: പാളയം എല്‍എംഎസ് പള്ളിക്ക് മുന്നില്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെതിരെ കൂകി വിളിച്ചും റോഡ് ഉപരോധിച്ചും പ്രതിഷേധം ശക്തമാക്കി ഒരു വിഭാഗം വിശ്വാസികള്‍. പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണുള്ളത്. ബിഷപ്പ് അനധികൃത കയ്യേറ്റം നടത്തുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാല്‍, പള്ളി കയ്യടക്കി വച്ചവരില്‍ നിന്ന് മോചിപ്പിച്ചെന്നാണ് ബിഷപ്പിന്റെ വാദം.
അതേസമയം, കത്തീഡ്രല്‍ പ്രഖ്യാപനത്തിന് പിന്നാലെ പള്ളി കോമ്പൗണ്ടില്‍ പുതിയ ബോര്‍ഡും ദക്ഷിണ കേരള ഇടവക സ്ഥാപിച്ചിട്ടുണ്ട്. എംഎം സിഎസ്ഐ കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. പള്ളി കമ്മിറ്റി പിരിച്ചു വിട്ടതായി ബിഷപ്പ് ധര്‍മ്മരാജ് റസാം പറഞ്ഞു. പുതിയ 20 അംഗ കമ്മിറ്റിയേയും, നിലവിലുള്ള വൈദികരെ സ്ഥലം മാറ്റി പുതിയ വൈദികരേയും നിയമിച്ചിട്ടുണ്ട്.

