Recent Posts (Page 2,025)

ജയ്പൂര്‍: രാജസ്ഥാന്‍ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് പരീക്ഷയില്‍ കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ കുറിച്ച് ചോദ്യങ്ങള്‍. ബോര്‍ഡ് പരീക്ഷകളില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെക്കുറിച്ച് 6 ചോദ്യങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമാണ്.

‘ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ആരുടേതാണ്?’, ‘കോണ്‍ഗ്രസിന്റെ സാമൂഹികവും ബൗദ്ധികവുമായ സഖ്യങ്ങളെ കുറിച്ച് വിവരിക്കുക?’, ‘1984ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എത്ര സീറ്റ് നേടി?’, ‘ആദ്യത്തെ മൂന്ന് പൊതു തെരഞ്ഞെടുപ്പുകളിലും ആധിപത്യം പുലര്‍ത്തിയ രാഷ്ട്രീയ പാര്‍ട്ടി ഏതാണ്?’, ‘1971ലേത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കണ്ട തെരഞ്ഞെടുപ്പായിരുന്നു. ഈ പ്രസ്താവന വിശദീകരിക്കുക’-ഇവയാണ് ബോര്‍ഡ് പരീക്ഷയ്ക്ക് വന്ന ചോദ്യങ്ങള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജനവുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ബി.എസ്.പിയെ കുറിച്ചുള്ള ചോദ്യവും പരീക്ഷയില്‍ ഉണ്ടായിരുന്നു.

അതേസമയം, 12-ാം ക്ലാസ് രാജസ്ഥാന്‍ ബോര്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ ഒരു പാഠം കോണ്‍ഗ്രസിന്റെ സ്ഥാപനവും, വെല്ലുവിളികളും എന്ന രീതിയില്‍ ഉണ്ടെന്നാണ് അധ്യാപകര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ വി തോമസും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള തർക്കം മുറുകുന്നു. സിപിഎം വേദിയിൽ പങ്കെടുത്തതിന്റെ പേരിൽ ആരംഭിച്ച അഭിപ്രായ ഭിന്നതയും തർക്കവുമാണ് ഇപ്പോഴും തുടരുന്നത്. തനിക്ക് നോട്ടീസ് നൽകിയ പാർട്ടി മുഖ്യമന്ത്രിക്കൊപ്പം വേദിപങ്കിട്ട പ്രതിപക്ഷ നേതാവിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നാണ് കെ വി തോമസ് ചോദിക്കുന്നത്. അതേസമയം, ഇഫ്താറിന്റെ അർഥം അറിയാത്ത പുലമ്പലാണ് തോമസിന്റേതെന്ന് വി ഡി സതീശൻ വിമർശിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി കെ വി തോമസ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും എഐസിസി അച്ചടക്ക സമിതിക്കും കത്തയക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ കെപിസിസി നടപടി ആവശ്യപ്പെടുമ്പോൾ ഇഫ്താർ വിരുന്നിന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് ക്ഷണിച്ചത് പാർട്ടി എങ്ങനെയാണ് നോക്കി കാണുന്നതെന്നായിരുന്നു കത്തിൽ കെ വി തോമസ് പറഞ്ഞിരുന്നത്. പിസി വിഷ്ണുനാഥ് എംഎൽഎ എഐഎസ്എഫ് സെമിനാറിൽ പങ്കെടുത്തത് പാർട്ടിയുടെ മുൻകൂർ അനുമതി വാങ്ങിയിട്ടാണോയെന്നും അദ്ദേഹം കത്തിൽ ചോദിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നടത്തിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തുവെന്നു കരുതി പ്രതിപക്ഷ നേതാവും എൽഡിഎഫിലേക്കു പോകുമോയെന്നും തോമസ് ചോദിക്കുന്നു. തന്റെ കാര്യത്തിൽ അങ്ങനെയാണല്ലോ ചിത്രീകരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഇഫ്താറിനു വിളിച്ചിരുന്നില്ല. താൻ ഇവിടെയുണ്ടെന്ന് അറിഞ്ഞിരിക്കില്ല. മുഖ്യമന്ത്രിയുടെ ഇഫ്താറിൽ അദ്ദേഹം ക്ഷണിച്ചതു കൊണ്ടു താൻ പങ്കെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടി വിലക്കിയ എന്തെങ്കിലും കാര്യമല്ല ചെയ്തതെന്ന് വി ഡി സതീശൻ കെ വി തോമസിന് മറുപടി നൽകി. ഇന്നുവരെ ഒരു പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുടെ ഇഫ്താർ ബഹിഷ്‌കരിച്ചിട്ടില്ല. വർഗീയ സംഘർഷങ്ങളും വെറുപ്പും വളരുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ കാര്യമാണ്. ഇഫ്താറിന്റെ അർഥമറിയാത്തവർ പുലമ്പുമ്പോൾ എന്തു മറുപടിയാണ് പറയേണ്ടതെന്നും സതീശൻ ചോദിച്ചു. പാർട്ടി നേതാക്കൾക്കൊപ്പമാണ് ഇഫ്താർ നടത്തിയതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, എഐഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്നതിനു പാർട്ടിയോട് അനുവാദം ചോദിച്ചിരുന്നെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പ്രതികരിച്ചു. പാർട്ടി വിലക്കില്ലാതിരുന്നതിനാലാണ് പങ്കെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

കോഴിക്കോട്: പളളി വികാരിക്കും താമരശേരി ബിഷപ്പിനും പിഴ ചുമത്തി ജിയോളജി വകുപ്പ്. പളളിയുടെ ഉടമസ്ഥതയിലുളള ക്വാറിയിൽ അനധികൃത ഖനനം നടത്തിയതിനാണ് പള്ളി വികാരിയ്ക്കും താമരശേരി ബിഷപ്പിനും പിഴ ചുമത്തിയത്. കാൽകോടിയോളം രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റിന്റേതാണ് നടപടി. ഏപ്രിൽ മുപ്പതിനകം പിഴ അടയ്ക്കണമെന്നാണ് ജിയോളജിസ്റ്റ് നൽകിയിരിക്കുന്ന നിർദ്ദേശം. കേസിലെ എതിർ കക്ഷികളായ താമരശേരി ബിഷപ്പ് റെമേജിയോസ് പോൾ ഇഞ്ചനാനി, ലിറ്റിൽ ഫ്‌ലവർ ചർച്ച് വികാരി ഫാദർ മാത്യു തെക്കെടിയിൽ എന്നിവർക്കാണ് ഉത്തരവ് അയച്ചിരിക്കുന്നത്.

കൂടരഞ്ഞി വില്ലേജിലെ താമരശേരി രൂപതയ്ക്ക് കീഴിലുള്ള ലിറ്റിൽ ഫ്‌ളവർ ചർച്ചിന് കീഴിലെ സ്ഥലത്ത് വർഷങ്ങളായി പ്രവർത്തിച്ച ക്വാറിക്ക് അനുമതിയില്ലെന്ന് കാട്ടി കാത്തലിക് ലേമെൻ അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ജനുവരിയിൽ കോടതി ഹർജി പരിഗണിച്ചിരുന്നു. രണ്ട് മാസത്തിനകം നടപടിയെടുക്കണമെന്നായിരുന്നു കോടതി അന്ന് നൽകിയ നിർദ്ദേശം.

2002 മുതൽ 2010 വരെയുള്ള കാലയളവിൽ പള്ളിക്ക് കീഴിലെ രണ്ട് ക്വാറികളിലായി 61,900.33 ഘനമീറ്റർ കരിങ്കല്ല് ഖനനം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഈ കാലയളവിൽ ക്വാറി പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നു, എന്നാൽ ഖനനം ചെയ്ത 3200 ഘനമീറ്റർ കല്ലിന് മാത്രമാണ് റോയൽറ്റിയായി പണമടച്ചത്. ബാക്കി 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികമായി ഖനനം ചെയ്‌തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഘനമീറ്ററിന് 40 രൂപ നിരക്കിൽ 23,48,013 രൂപ പിഴ ചുമത്തി. അനുവദിച്ചതിലും അധികമായി ധാതു ഖനനം ചെയ്ത കുറ്റത്തിന് 5000 രൂപ കോമ്പൗണ്ടിങ് ഉൾപ്പടെയാണ് 23,53,013 രൂപ പിഴയിട്ടത്.

അതേസമയം, ജിയോളജി വകുപ്പിന്റെ ഉത്തരവിനെക്കുറിച്ച് രൂപത നേതൃത്വം പ്രതികരിച്ചിട്ടില്ല. 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികമായി ഖനനം ചെയ്‌തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുളളത്. ഇത്രയും കല്ല് ഉപയോഗിച്ച് എന്ത് നിർമാണ പ്രവർത്തനങ്ങളാണ് നടത്തിയത് എന്ന കാര്യത്തിൽ തൃപ്തികരമായ വിശദീകരണം പള്ളിയും രൂപതയും ഇതുവരെ നൽകിയിട്ടില്ല.

വൈദ്യുതി നിരക്ക് വര്‍ധന നടപ്പാക്കാനായി റെഗുലേറ്ററി കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ 2,014 കോടി രൂപയുടെ വരുമാനക്കണക്കുകള്‍ മറച്ചുവച്ച് കെഎസ്ഇബി. 2,852.58 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കമ്മീഷനെ ധരിപ്പിച്ചതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

കമ്മീഷന് നല്‍കിയ കണക്കുകള്‍ പ്രകാരം 15976.98 കോടിയുടെ വരുമാനവും 18829.56 കോടിയുടെ ചിലവുമാണ് ബോര്‍ഡിനുണ്ടാവുക. 2852.58 കോടിയുടെ നഷ്ടം 2022-23 വര്‍ഷം ബോര്‍ഡിനുണ്ടാകുമെന്നാണ് കണക്ക്. ഇതസനുരിച്ച് ജനങ്ങളില്‍ നിന്നും യൂണിറ്റിന് 35 പൈസ മുതല്‍ 70 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, 2022-23 വര്‍ഷത്തേക്കുള്ള വൈദ്യുതി ബോര്‍ഡിന്റെ ബജറ്റാണിത്. ഇതു ഫുള്‍ ടൈം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചത് മാര്‍ച്ച് 14നാണ്. 2022-23 വര്‍ഷം വൈദ്യുതി വില്‍ക്കുന്നതിലൂടെ മാത്രം 17529.14 കോടി രൂപയാണ് വരുമാനം. ജീവനക്കാരുടെ വായ്പയുടെ പലിശ, ബാങ്കുകളില്‍ നിന്നുള്ള പലിശ തുടങ്ങിയ ഒന്‍പത് ഇനങ്ങളിലൂടെ ആകെ വരുമാനം 18081.52 കോടിയായി ഉയരും. എന്നാല്‍, കമ്മിഷനില്‍ സമര്‍പ്പിച്ച കണക്കുകളില്‍ വരുമാനം 15976.98 കോടി മാത്രവും. ഇതിലൂടെ കൃത്രിമമായി നഷ്ടമുണ്ടാക്കിയ ശേഷമാണ് നിരക്ക് വര്‍ധനക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടന്‍ കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. വലിയ വര്‍ധന നിരക്കിലുണ്ടാകില്ല. പീക്ക് അവേഴ്‌സിലാകണം നിരക്ക് വര്‍ധനയെന്നാണ് സര്‍ക്കാര്‍ താല്‍പര്യമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും ഊഷ്മളമായ അവസ്ഥയിലാണെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. ഡൽഹിയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പ്രതിരോധം, നയതന്ത്രം, സാമ്പത്തികം, ഇൻഡോ പസഫിക് മേഖലയിലെ സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ഇരുരാഷ്ട്രത്തലവൻമാരും ചർച്ച ചെയ്യുന്നത്.

ഇന്ത്യയുടെ സ്വീകരണത്തിന് ബോറിസ് ജോൺസൺ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ഇത്രയും സന്തോഷകരമായ സ്വീകരണം താൻ കണ്ടിട്ടില്ല. ലോകത്ത് മറ്റെവിടേയും തനിക്കിത് ലഭിക്കില്ല. വളരെ ശുഭകരമായ നിമിഷമാണിതെന്നും അദ്ദേഹം അറിയിച്ചു.

ജനാധിപത്യത്തെ ദുർബലപ്പെടുത്താനും ന്യായമായ വ്യാപാരം ഇല്ലാതാക്കാനും പരമാധികാരത്തെ ചവിട്ടിമെതിക്കാനും ശ്രമിക്കുന്ന സ്വേച്ഛാധിപത്യ രാജ്യങ്ങളിൽ നിന്ന് ലോകം ഭീഷണികളെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള യുകെയുടെ പങ്കാളിത്തം കൊടുങ്കാറ്റുള്ള കടലിലെ ഒരു വഴിവിളക്കാണെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മഗാന്ധി അന്ത്യവിശ്രമംകൊള്ളുന്ന രാജ്ഘട്ടിലെത്തി ബോറിസ് ജോൺസൺ ആദരമർപ്പിക്കുകയും ചെയ്തു.

തിരുവനന്തപുരം: പത്ത് ദിവസം കൊണ്ട് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് നേടിയത് 61,71,908 രൂപയുടെ വരുമാനം. സർവീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ 1,26,818 കിലോമീറ്റർ സർവീസ് നടത്തിയപ്പോഴാണ് കെ സ്വിഫ്റ്റിന് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചത്. എസി സ്ലീപ്പർ ബസിൽ നിന്നും 28,04,403 രൂപയും, എസി സീറ്ററിന് 15,66,415 രൂപയും, നോൺ എസി സർവീസിന് 18,01,09 രൂപയുമാണ് വരുമാനമായി ലഭിച്ചത്.

നിലവിൽ കെ സ്വിഫ്റ്റ് 30 ബസുകളാണ് സർവീസ് നടത്തുന്നത്. എസി സ്ലീപ്പർ സർവീസിലെ 8 ബസുകളും ബെംഗളൂരുവിലേക്കാണ് സർവീസ് നടത്തുന്നത്. എസി സീറ്റർ ബസുകൾ പത്തനംതിട്ട- ബെംഗളൂരു, കോഴിക്കോട്- ബെംഗളൂരു എന്നിവിടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സർവീസ് നടത്തിയത്.

കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലേക്കാണ് തിരുവനന്തപുരത്തു നിന്നും കെ സ്വിഫ്റ്റിന്റെ നോൺ എസി സർവീസ് നടത്തുന്നത്. ബസുകളുടെ പെർമിറ്റിനു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ 100 ബസുകളും സർവീസ് ആരംഭിക്കുമെന്നാണ് വിവരം.

ബംഗളൂരു: ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി കെജിഎഫ് 2. ഏപ്രില്‍ 14 ന് തീയറ്ററില്‍ എത്തിയ ചിത്രം, ഒരാഴ്ച പിന്നിടുമ്പോള്‍ 700 കോടി രൂപയുടെ കളക്ഷനാണ് നേടിയിരിക്കുന്നത്.

തെലുങ്ക് ചിത്രം ബാഹുബലി ആദ്യഭാഗത്തിന്റെയും, തമിഴില്‍ രജനികാന്ത് നായകനായ 2.0യുടെയും റെക്കോഡ് തകര്‍ത്താണ് ചിത്രത്തിന്റെ കുതിപ്പ് തുടരുന്നത്. നിലവില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഏഴാമതെത്തിയിരിക്കുകയാണ് കെജിഎഫ് 2.

പ്രശാന്ത് നീല്‍ സംവിധാനത്തില്‍ സൂപ്പര്‍ താരം യഷ് നായകനായി എത്തിയ കന്നട ചിത്രമാണ് കെജിഎഫ് 2. കെജിഎഫ് ഒന്നിന്റെ തുടര്‍ച്ചയായെത്തിയ രണ്ടാം ഭാഗം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളായാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ കെജിഎഫിന്റെ ഹിന്ദി പതിപ്പ് 250 കോടി കളക്ഷന്‍ നേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകള്‍ രംഗത്ത്‌. ഇടത് അധ്യാപക സംഘടനായ എകെഎസ്ടിയു ഉള്‍പ്പെടെ സര്‍ക്കാരിന് കത്ത് നല്‍കി. ഇനി മുതല്‍ 50 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം. നേരത്തെ, പ്രതിദിനം പരമാവധി 40 ഉത്തരക്കടലാസുകളാണ് മൂല്യനിര്‍ണയം നടത്തിയിരുന്നത്.

ഭാഷാ-മാനവിക വിഷയങ്ങളാണെങ്കില്‍ ഒരു ദിവസം 26 ഉത്തരക്കടലാസുകളും ശാസ്ത്ര വിഷയങ്ങളാണെങ്കില്‍ 40 ഉത്തരക്കടലാസുകളും മൂല്യനിര്‍ണയം നടത്തണമെന്നായിരുന്നു ആദ്യത്തെ വ്യവസ്ഥ. എന്നാല്‍, ഇപ്പോള്‍ ഇത് യഥാക്രമം 34ഉം 50ഉം ആയി മാറി. അതായത് പരമാവധി 80 മാര്‍ക്കിന്റെ ഉത്തരക്കടലാസ് 10 മിനിറ്റു കൊണ്ട് മൂല്യനിര്‍ണയം നടത്തണം. ഉത്തരങ്ങള്‍ വിശദമായി വായിച്ചുനോക്കാന്‍ പോലും പറ്റാത്ത ഈ രീതി അശാസ്ത്രീയമാണെന്നും മൂല്യനിര്‍ണയത്തിന്റെ നിലവാരം തകര്‍ക്കുമെന്നുമാണ് അധ്യാപകര്‍ ഉന്നയിക്കുന്ന പരാതി.

പുതിയ നിര്‍ദ്ദേശ പ്രകാരം മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം വേഗത്തിലാക്കാം. ഒപ്പം മൂല്യനിര്‍ണയ ക്യാംപിലെത്തി മുങ്ങുന്ന രീതിയും അവസാനിപ്പിക്കാനാകും. സിപിഐ അനുകൂല സംഘടനയായ എകെഎസ്ടിയുവിനൊപ്പം കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ ഉള്‍പ്പെടെയുളള നാല് പ്രധാന അധ്യാപക സംഘടനകള്‍ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. രാത്രി വൈകിയുളള മൂല്യനിര്‍ണയം സാധ്യമല്ലെന്നും അധ്യാപകര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ മാസം 28 മുതല്‍ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയ ക്യാമ്പ് സംസ്ഥാന വ്യാപകമായി തുടങ്ങാനിരിക്കെയാണ് അധ്യാപകരുടെ ഈ സമര പ്രഖ്യാപനം.

തലശേരി: ആഗോളതലത്തിൽ ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവർക്കുമേൽ നടത്തുന്ന അക്രമങ്ങൾ വർദ്ധിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ലവ് ജിഹാദ് യാഥാർത്ഥ്യമാണെന്നും സഭയുടെ ആശങ്കകൾ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. തലശേരി അതിരൂപതയുടെ പുതിയ അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ഇന്ത്യയിലെ ക്രൈസ്തവർക്ക് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ക്രൈസ്തവ സമുദായത്തിലെ പെൺകുട്ടികളെ മതംമാറ്റാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സഭാ നേതൃത്വമല്ലാതെ മറ്റാരാണ് പറയുകയെന്ന് അദ്ദേഹം ചോദിച്ചു.

സിറിയയിലും ഇറാഖിലും ശ്രീലങ്കയിലുമെല്ലാം ഇസ്ലാമിക മതമൗലികവാദികൾ ക്രിസ്ത്യാനികളെ കൂട്ടക്കുരുതി ചെയ്യുകയാണ്. മുൻ മുഖ്യമന്ത്രി വി.എസ് അച്യതാനന്ദനും രണ്ട് മുൻ ഡിജിപിമാരും കേരളത്തിൽ ഇത്തരം നീക്കം നടക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത് പറയുന്നതിന്റെ പേരിൽ കത്തോലിക്ക സഭയെ വിമർശിക്കുകയും ഒറ്റപ്പെടുത്തുകയുമാണ് സിപിഎമ്മിന്റെ നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലവ് ജിഹാദ്- നർകോട്ടിക് ജിഹാദ് പരാമർശങ്ങളുടെ പേരിൽ പാലാ ബിഷപ്പിനെതിരെ പോലീസ് കേസെടുത്തിരുന്നു. ലവ് ജിഹാദെന്ന വാക്ക് ഉച്ചരിച്ചാൽ സഭാ പിതാക്കൻമാർക്കെതിരെ കേരളത്തിൽ കേസെടുക്കുമെന്നും അദ്ദേഹം വിമർശിച്ചു. ഇസ്ലാമിക തീവ്രവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നത് നരേന്ദ്രമോദിയാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം, കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിനെതിരെ ജോൺ ബ്രിട്ടാസ് എം.പി രംഗത്തെത്തിയിരുന്നു. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ സൂക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ വിമർശകരെ കേൾക്കാനും മറുപടി നൽകാനും വേദി ഒരുക്കാൻ സർക്കാർ. കെ റെയിലിൽ സാങ്കേതിക സംശയം ഉന്നയിച്ചവരുമായി ചർച്ചയ്ക്ക് തയാറാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഏപ്രിൽ 28 ന് തിരുവനന്തപുരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു തുടങ്ങിയവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും.

കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ധരും ചർച്ചയിൽ പങ്കെടുക്കും. അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാരെ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടില്ല. അതേസമയം, സംസ്ഥാനത്ത് ഇന്നും സർവേ കല്ലിടൽ തുടരും. എന്നാൽ കല്ലിടാൻ എത്തുന്ന ഉദ്യോഗസ്ഥരെ തടയാനാണ് പ്രതിഷേദക്കാരുടെ തീരുമാനം. ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് വീണ്ടും കല്ലിടൽ നടപടികൾ ആരംഭിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ വരെ ഉണ്ടായി.

നാട്ടുകാരോടൊപ്പം കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിൽ ചിലർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പൊലീസും സമരക്കാരും തമ്മിലുള്ള സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.