ന്യൂഡൽഹി: എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. എയർ ഇന്ത്യ എക്‌സ്പ്രസുമായി എയർ ഏഷ്യ ഇന്ത്യയെ ലയിപ്പിക്കാനാണ് നീക്കം. പ്രവർത്തന ചെലവ് ചുരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.
ഏറ്റെടുക്കലിന് അനുമതി തേടി എയർ ഇന്ത്യ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ സമീപിച്ചു. നിലവിൽ ടാറ്റ സൺസിന് എയർ ഏഷ്യ ഇന്ത്യയിൽ 84 ശതമാനം ഓഹരിയുണ്ട്. മലേഷ്യൻ വിമാനക്കമ്പനി എയർ ഏഷ്യയാണ് 16 ശതമാനം ഓഹരിയുടെ ഉടമസ്ഥർ.
എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ഘട്ടത്തിൽ തന്നെ എയർ ഏഷ്യയുടെ ലയനം ഉണ്ടാകുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എയർ ഇന്ത്യയുടെയും എയർ ഏഷ്യയുടെയും മാനേജ്‌മെന്റുമായി ടാറ്റ സൺസിന്റെ എക്‌സിക്യുട്ടീവുകൾ ചർച്ച നടത്തിയിരുന്നു. ജീവനക്കാരുടെയും വിമാനങ്ങളുടെയും സംയോജനം അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ച ചർച്ച നടത്തിയത്. വിഷയത്തിൽ കമ്പനിക്ക് പുറത്ത് നിന്നുള്ള വിദഗ്ദ്ധരുടെ കൂടെ അഭിപ്രായവും ടാറ്റ സൺസ് തേടിയിട്ടുണ്ട്.

