സന്തോഷ് ട്രോഫി: കേരളം ഫൈനലില്‍

മഞ്ചേരി: കര്‍ണാടകയെ ഗോള്‍മഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫിയില്‍ 15-ാം ഫൈനലില്‍.

അയല്‍ക്കാരെ 7-3ന് തകര്‍ത്താണ് കേരളം ഫൈനലിന് കാണികള്‍ക്ക് ക്ഷണക്കത്ത് കൈമാറിയത്. കേരളത്തിനായി സൂപ്പര്‍സബ് ജസിന്‍ അഞ്ചും ഷിഖിലും അര്‍ജുന്‍ ജയരാജും ഓരോ ഗോളും വലയിലിട്ടു. ആദ്യ പകുതിയില്‍ തന്നെ 4-1ന് കേരളം ലീഡ് നേടിയിരുന്നു. ആദ്യപകുതിയില്‍ 10 മിനിറ്റിനിടെയായിരുന്നു ജസിന്റെ ഹാട്രിക്.

ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് കേരളം ഗോളടി മേളം ആരംഭിച്ചത്. കേരളത്തിനായി 30-ാം മിനുട്ടില്‍ പകരക്കാരനായി ഇറങ്ങിയ ജസിന്‍ അഞ്ച് ഗോള്‍ നേടി. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ആറ് ഗോള്‍ നേടിയ ജസിന്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തി. കര്‍ണാടകന്‍ പ്രതിരോധ താരം സിജുവിന്റെ ദേഹത്ത് തട്ടികയറിയ ഒരു ഗോളും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്.