Politics (Page 578)

കണ്ണൂര്‍: നിയമസഭാ തെരെഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ശബരിമല സംബന്ധിച്ച പരാമർശത്തിൽ പരാതിയുമായി കോൺഗ്രസ്. യുഡിഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ‘അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണ് ‘ എന്ന തെരെഞ്ഞെടുപ്പ് ദിനത്തിലെ പരാമര്‍ശത്തിന് എതിരെയാണ് സതീശന്‍ പാച്ചേനിയുടെ പരാതി.

മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്‌നമായ ചട്ടലംഘനം ആണെന്ന് പാച്ചേനി പരാതിയില്‍ പറയുന്നു. വോട്ടു നേടാനായി ജാതി മത വികാരങ്ങള്‍ ഉണര്‍ത്തുന്ന താരത്തിലുള്ള അഭ്യര്‍ത്ഥനകളോ, പരാമര്‍ശങ്ങളോ പാടില്ലെന്നാണ് തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സി ഡി യും പരാതിക്കൊപ്പംഹാജരാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചൊവ്വാഴ്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ പ്രവചനം 100 ബേസിസ് പോയിന്റ് ഉയര്‍ത്തി. ഇന്ത്യയുടെ ജിഡിപി 2022 സാമ്പത്തിക വര്‍ഷത്തില്‍ 12.5 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് വളര്‍ന്നുവരുന്നതും, വികസിതവുമായ സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും ഉയര്‍ന്നതാണ്.2020 ല്‍ -3.3 ശതമാനം ചുരുങ്ങിയതിനുശേഷം ആഗോള സമ്പദ് വ്യവസ്ഥ 2021 ല്‍ 6 ശതമാനമായി വളരുമെന്ന് പ്രവചിക്കപ്പെടുന്നു. കൊവിഡ് -19 വളര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകളെയും താഴ്ന്ന വരുമാനമുള്ള വികസ്വര രാജ്യങ്ങളെയും കൂടുതല്‍ ബാധിച്ചു, കൂടുതല്‍ ഇടത്തരം നഷ്ടം നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അമേരിക്കയുടെ ഗണ്യമായ നവീകരണം (1.3 ശതമാനം പോയിന്റുകള്‍) ഈ വര്‍ഷം 6.4 ശതമാനമായി വളരുമെന്ന് ഐ എം എഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു.നയനിര്‍മ്മാതാക്കള്‍ അവരുടെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് തുടരേണ്ടതുണ്ട്. ആരോഗ്യസംരക്ഷണച്ചെലവുകള്‍, പ്രതിരോധ കുത്തിവയ്പ്പുകള്‍, ചികിത്സകള്‍, ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ആരോഗ്യ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

ചെന്നൈ: നടി ശ്രുതിഹാസനെതിരെ പരാതി നല്‍കി ബിജെപി. പോളിംഗ് ബൂത്തില്‍ കമല്‍ഹാസനൊപ്പം സന്ദര്‍ശനം നടത്തിയെന്നാരോപിച്ചാണ് പരാതി.കോയമ്പത്തൂര്‍ സൗത്തിലുള്ള പോളിങ് ബൂത്തില്‍ കമല്‍ഹാസനൊപ്പം കഴിഞ്ഞ ദിവസം ശ്രുതിയും എത്തിയിരുന്നു. തേനാംപട്ടയിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ കമല്‍ഹാസന്‍ വിമാനമാര്‍ഗത്തിലാണ് കോയമ്പത്തൂരിലെത്തിയത്. മണ്ഡലത്തിലെ വിവിധ ബൂത്തുകള്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു ശ്രുതി ഹാസനും പോളിംഗ് ബൂത്തിലെത്തിയത്.

തിരുവനന്തപുരം: കാലാകാലങ്ങളായി യുഡിഎഫിന് വോട്ട് ചെയ്തിരുന്നവര്‍ പോലും ഇത്തവണ ഇടതുമുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും ഭരണം കിട്ടും എന്നത് യുഡിഎഫിന്റെ ആഗ്രഹം മാത്രമാണെന്നും ഇ.പി.ജയരാജന്‍.ഇക്കാര്യം രഹസ്യമായി യുഡിഎഫും ബിജെപിയും സമ്മതിക്കുന്നുണ്ട്. വോട്ടെണ്ണല്‍ വരെ അണികളെ ആശ്വസിപ്പിക്കാനാണ് മറിച്ചുള്ള പ്രചരണമാണെന്നും ഇ.പി. പറഞ്ഞു.വല്ലാത്ത നിരാശയിലും അതിനെ തുടര്‍ന്നുള്ള അപകടത്തിലേക്കും പോകാതിരിക്കാന്‍ ശ്രീധരനെ പോലെയൊരാള്‍ ശ്രദ്ധിക്കണം. അദ്ദേഹം നല്ല എഞ്ചിനീയറും ശാസ്ത്രജ്ഞനും ഒക്കെയാണ്. ആ രംഗങ്ങളിലെ മികവ് രാഷ്ട്രീയത്തിലും ഉണ്ടെന്ന് അദ്ദേഹം ധരിക്കുന്നത് പിശകാണ്. ഇ പി വ്യക്തമാക്കി.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ശക്തമായ ബദലായി ഇടതുമുന്നണി മാറുകയാണ്. എന്നാല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റേത് അവസരവാദ നിലപാടാണ്.ഇടതുപക്ഷ വിരുദ്ധ മനോഭാവം തിരുത്തി അപചയത്തില്‍ നിന്ന് രക്ഷ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം കൊണ്ട് ഇന്ത്യയില്‍ ഒന്നും നേടാന്‍ കഴിയില്ല എന്ന് മനസ്സിലാക്കണം.ജയിച്ചു വരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയിലേക്ക് എത്തിക്കാമെന്ന അഡ്ജസ്റ്റ്‌മെന്റ് ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകും. നേതാക്കള്‍ക്ക് അത് കണ്ടു നില്‍ക്കാനേ കഴിയൂവെന്നും ജയരാജന്‍ പറഞ്ഞു.
പാനൂര്‍ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകം പാര്‍ട്ടിയുടെ സത്‌പേരിന് കളങ്കം ഉണ്ടാക്കിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നുവെന്നും പലയിടത്തും സീല്‍ ചെയ്ത പെട്ടികളില്‍ അല്ല പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

പോസ്റ്റല്‍ വോട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ ആവശ്യം ഉന്നയിച്ചു.തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിടുകയാണെന്നും നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഈ ആക്രമണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി .

പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘടനാസംവിധാനം സി പി എം ഉണ്ടാക്കിയിട്ടുണ്ട്. സി പി എം നേതാക്കളായ സർക്കാർ ഉദ്യോഗസ്ഥരേയും ബി എൽ ഒമാരേയും ഉപയോഗിച്ച്‌ പോസ്റ്റൽ വോട്ടുകളിൽ കൃത്രിമം നടത്താനുളള ട്രെയിനിംഗ് സി പി എം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

സി പി എം നേതാക്കളുടെ അറിവോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം ആക്രമണങ്ങൾ അരങ്ങേറുന്നത്. എസ് ഡി പി ഐയുമായി ചേർന്നാണ് പലയിടത്തും സി പി എം ആക്രമണങ്ങൾ നടത്തുന്നത്. അക്രമകാരികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ചോദ്യം ചെയ്യാലിനായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. സുഖമില്ലാത്തതിനാല്‍ എത്തില്ലെന്നാണ് ശ്രീരാമകൃഷ്ണന്‍ അറിയിച്ചിരിക്കുന്നത്.

രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം നോട്ടീസ് അയച്ചങ്കിലും, തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് സ്പീക്കര്‍ മറുപടി നല്‍കുകയായിരുന്നു.

പോളിംഗിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. യുഎഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിത്തിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്.

തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ സിനിമയില്‍ മക്കള്‍ക്ക് അവസരങ്ങള്‍ നഷ്ടമായെന്ന് നടന്‍ കൃഷ്ണകുമാര്‍. മാത്രമല്ല, രാഷ്ട്രീയത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനും ഇരയായെന്നും തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണെന്നും മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷയെന്നും അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന്‍ പറയുന്നു.

cpim

കണ്ണൂര്‍: ലീഗ് ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ച് സി പി എം നേതാക്കള്‍. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍, പി ഹരീന്ദ്രന്‍, കെ പി മോഹനന്‍ ഉള്‍പ്പടെയുളള നേതാക്കളാണ് പാര്‍ട്ടി ഓഫീസുകള്‍ സന്ദര്‍ശിച്ചത്. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം നടന്ന ലീഗ് അക്രമണത്തിലാണ് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ന്നത്. സാധാരണ ജീവിതം തകര്‍ക്കുന്ന ആക്രമണമാണ് ഇന്നലെ നടന്നതെന്ന് എം വി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലീഗിലെ ക്രിമിനലുകള്‍ സംഘടിപ്പിച്ച അക്രമത്തില്‍ സി പി എമ്മിന്റെ എട്ട് ഓഫീസുകള്‍, കടകള്‍, വീടുകള്‍ എന്നിവ തകര്‍ത്തു. ലീഗിന്റെ നേതൃത്വം കുറ്റകരമായ മൗനത്തിലാണെന്നും പ്രവര്‍ത്തകരെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണെന്നും ജയരാജന്‍ ആരോപിച്ചു.അതേസമയം, മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ ഷിനോസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഇന്നലെ രാത്രി മന്‍സൂറിന്റെ മൃതദേഹം വഹിച്ച് കൊണ്ടുളള വിലാപ യാത്രയ്ക്കിടെയാണ് മേഖലയിലെ സി പി എം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം നടന്നത്.

kannur

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ വ്യാപക അക്രമം. പെരിങ്ങത്തൂരിൽ സിപിഎം ഓഫീസുകൾക്ക് ഒരു സംഘം തീയിട്ടു. ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കാണ് തീയിട്ടത്. സിപിഎം അനുഭാവികളുടെ നിരവധി കടകൾക്ക് നേരെയും ആക്രമണമുണ്ടായി.ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകത്തിന് പിന്നാലെ ഇന്ന് പകല്‍ കണ്ണൂര്‍ ശാന്തമായിരുന്നു. രാത്രിയോടെയാണ് അക്രമ സംഭവങ്ങളുണ്ടായത്. സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മന്‍സൂറിന്‍റെ മൃതദേഹം പെരിങ്ങത്തൂരിലാണ് പൊതുദര്‍ശനത്തിന് വെച്ചത്. അന്തിമോപചാരം അര്‍പ്പിക്കാന്‍ മറ്റ് ജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ എത്തി. ഇതിനിടെയാണ് സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. സിപിഎം ഓഫീസുകള്‍ തകര്‍ത്ത് ഫര്‍ണിച്ചര്‍ കത്തിക്കുകയായിരുന്നു. വലിയ ജനക്കൂട്ടമായതിനാല്‍ ആദ്യ ഘട്ടത്തില്‍ പൊലീസിന് നിയന്ത്രിക്കാനായില്ല. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു.

മൻസൂർ വധം അന്വേഷിക്കാൻ തലശ്ശേരി എസിപി വി സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. ചൊക്ലി സിഐ കെ സി സുഭാഷ് ബാബുവും അന്വേഷണ സംഘത്തിലുണ്ട്. ജില്ലാ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

ഇന്നലെ രാത്രി എട്ടരയോടെ പാനൂർ മുക്കിൽ പീടികയിൽ വെച്ചാണ് മൻസൂറിനും സഹോദരൻ മുഹ്സിനും നേരെ ആക്രമണമുണ്ടായത്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൻസൂറിനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബോംബേറിൽ സഹോദരൻ മുഹ്സിനും അയൽവാസിയായ സ്ത്രീക്കും പരിക്കേറ്റു.

രാഷ്ട്രീയ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം. പ്രദേശവാസിയായ ഷിനോസ് എന്ന ആളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവം ആസൂത്രിതമാണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണന്നും മന്‍സൂറിന്‍റെ കുടുംബം പറഞ്ഞു. പത്തിലധികം വരുന്ന സംഘമാണ് കൊല നടത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ദിവസം പ്രദേശത്ത് നടന്ന അക്രമ സംഭവങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസിന്‍റെ നിഗമനം.

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിക്കും സഹപ്രവർത്തകർക്കും നേരെ സിപിഎം സൈബർ സഖാക്കളുടെ വധഭീഷണി . പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതിനൊപ്പം സമരവുമായി ബന്ധപ്പെട്ടു ചില ചോദ്യങ്ങളും സന്ദീപ് വാചസ്പതി ഉന്നയിച്ചിരുന്നു. പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വാചസ്പതി പറഞ്ഞിരുന്നു . രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപ്പിക്കാനാണ് താൻ എത്തിയതെന്നും സന്ദീപ് വ്യക്തമാക്കിയിരുന്നു.

ഇതിനൊന്നും മറുപടി നൽകാതെയാണ് സൈബർ സഖാക്കൾ സന്ദീപ് വാചസ്പതിക്ക് നേരെ ഭീഷണി ഉയർത്തുന്നത്.പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ടാണ് സന്ദീപിനു നേരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും വധഭീഷണി ഉയരുന്നത് .ഇതുമായി ബന്ധപ്പെട്ട് സന്ദീപ് വാചസ്പതിയുടെ ചീഫ് ഇലക്ഷൻ ഏജന്റും ബി.ജെ.പി ആലപ്പുഴ ജില്ലാ സെൽ കോർഡിനേറ്ററുമായ ജി. വിനോദ് കുമാർ സംസ്ഥാന പോലീസ് മേധാവിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി. തനിക്ക് നേരെ വധഭീഷണി മുഴക്കുന്നവരോട് ‘ ചോദ്യങ്ങൾ ഉയരുമ്പോൾ ആയുധമല്ല മറുപടി…‘ എന്ന് പറഞ്ഞ് സന്ദീപും രംഗത്തെത്തി . ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സന്ദീപിന്റെ ഈ മറുപടി .