ഭരണം കിട്ടും എന്നത് യുഡിഎഫിന്റെ ആഗ്രഹം മാത്രമെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: കാലാകാലങ്ങളായി യുഡിഎഫിന് വോട്ട് ചെയ്തിരുന്നവര്‍ പോലും ഇത്തവണ ഇടതുമുന്നണിക്ക് അനുകൂലമായാണ് വോട്ട് ചെയ്തതെന്നും ഭരണം കിട്ടും എന്നത് യുഡിഎഫിന്റെ ആഗ്രഹം മാത്രമാണെന്നും ഇ.പി.ജയരാജന്‍.ഇക്കാര്യം രഹസ്യമായി യുഡിഎഫും ബിജെപിയും സമ്മതിക്കുന്നുണ്ട്. വോട്ടെണ്ണല്‍ വരെ അണികളെ ആശ്വസിപ്പിക്കാനാണ് മറിച്ചുള്ള പ്രചരണമാണെന്നും ഇ.പി. പറഞ്ഞു.വല്ലാത്ത നിരാശയിലും അതിനെ തുടര്‍ന്നുള്ള അപകടത്തിലേക്കും പോകാതിരിക്കാന്‍ ശ്രീധരനെ പോലെയൊരാള്‍ ശ്രദ്ധിക്കണം. അദ്ദേഹം നല്ല എഞ്ചിനീയറും ശാസ്ത്രജ്ഞനും ഒക്കെയാണ്. ആ രംഗങ്ങളിലെ മികവ് രാഷ്ട്രീയത്തിലും ഉണ്ടെന്ന് അദ്ദേഹം ധരിക്കുന്നത് പിശകാണ്. ഇ പി വ്യക്തമാക്കി.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിക്ക് ശക്തമായ ബദലായി ഇടതുമുന്നണി മാറുകയാണ്. എന്നാല്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റേത് അവസരവാദ നിലപാടാണ്.ഇടതുപക്ഷ വിരുദ്ധ മനോഭാവം തിരുത്തി അപചയത്തില്‍ നിന്ന് രക്ഷ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്. ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം കൊണ്ട് ഇന്ത്യയില്‍ ഒന്നും നേടാന്‍ കഴിയില്ല എന്ന് മനസ്സിലാക്കണം.ജയിച്ചു വരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയിലേക്ക് എത്തിക്കാമെന്ന അഡ്ജസ്റ്റ്‌മെന്റ് ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പല നേതാക്കളും ബിജെപിയിലേക്ക് പോകും. നേതാക്കള്‍ക്ക് അത് കണ്ടു നില്‍ക്കാനേ കഴിയൂവെന്നും ജയരാജന്‍ പറഞ്ഞു.
പാനൂര്‍ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. കൊലപാതകം പാര്‍ട്ടിയുടെ സത്‌പേരിന് കളങ്കം ഉണ്ടാക്കിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു.