കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമത്വം നടന്നുവെന്നും പലയിടത്തും സീല്‍ ചെയ്ത പെട്ടികളില്‍ അല്ല പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
പോസ്റ്റല്‍ വോട്ടുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ ആവശ്യം ഉന്നയിച്ചു.തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായി സിപിഎം ക്രിമിനലുകള്‍ അക്രമം അഴിച്ചുവിടുകയാണെന്നും നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായി. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഈ ആക്രമണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
പോസ്റ്റൽ വോട്ടുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘടനാസംവിധാനം സി പി എം ഉണ്ടാക്കിയിട്ടുണ്ട്. സി പി എം നേതാക്കളായ സർക്കാർ ഉദ്യോഗസ്ഥരേയും ബി എൽ ഒമാരേയും ഉപയോഗിച്ച് പോസ്റ്റൽ വോട്ടുകളിൽ കൃത്രിമം നടത്താനുളള ട്രെയിനിംഗ് സി പി എം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ട്. പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ സുതാര്യതയും സുരക്ഷിതത്വവുമില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
സി പി എം നേതാക്കളുടെ അറിവോടെയാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷം ആക്രമണങ്ങൾ അരങ്ങേറുന്നത്. എസ് ഡി പി ഐയുമായി ചേർന്നാണ് പലയിടത്തും സി പി എം ആക്രമണങ്ങൾ നടത്തുന്നത്. അക്രമകാരികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.