Politics (Page 44)

മാനന്തവാടി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ട് എഐസിസി. ആദ്യ ഘട്ടം നൂറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. ഇതിനിടെ കണ്ണൂരിൽ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിലെ വിമുഖത കെ സുധാകരൻ സ്‌ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചു.

വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കെപിസിസി ഉന്നയിച്ച ആവശ്യം. സുരക്ഷിത മണ്ഡലം വേറെയില്ലെന്നാണ് എഐസിസിയുടെയും വിലയിരുത്തൽ. ആലപ്പുഴയിൽ മത്സരിക്കാൻ കെ സി വേണുഗോപാലിന് താൽപര്യമുണ്ടെങ്കിലും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭ സീറ്റ് ഒഴിഞ്ഞാലുണ്ടാകാവുന്ന പ്രതിസന്ധിയും കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.

കെ സി വേണുഗോപാൽ രാജ്യസഭയിൽ തുടരട്ടേയെന്ന ചർച്ച ഹൈക്കമാൻഡിലുണ്ട്. അതേസമയം, കോൺഗ്രസ് പ്രകടനപത്രിക അടുത്തയാഴ്ച്ച പുറത്തിറക്കും.

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിലുണ്ട്.

പട്ടികയിൽ 47 യുവജനങ്ങളും 28 വനിതാ സ്ഥാനാർത്ഥികളുമുണ്ട്. കേരളത്തിലെ 12 സീറ്റുകളിലാണ് ബിജെപി ആദ്യ ഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

കേരളത്തിൽ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലിൽ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരനും തൃശൂരിൽ നിന്നും സുരേഷ് ഗോപിയും മത്സരിക്കും

ഇന്ന് പ്രഖ്യാപിച്ച ബിജെപിയുടെ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടികയിലെ കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ

  1. കാസർഗോഡ് – എം. എൽ. അശ്വിനി
  2. കണ്ണൂർ – സി. രഘുനാഥ്
  3. വടകര – പ്രഭുൽ കൃഷ്ണൻ
  4. കോഴിക്കോട് – എം. ടി. രമേശ്
  5. മലപ്പുറം – ഡോ. അബ്ദുൽ സലാം
  6. പൊന്നാനി – അഡ്വ. നിവേദിത സുബ്രഹ്മണ്യൻ
  7. പാലക്കാട് – സി. കൃഷ്ണകുമാർ
  8. തൃശൂർ – സുരേഷ് ഗോപി
  9. ആലപ്പുഴ – ശോഭാ സുരേന്ദ്രൻ
  10. പത്തനംതിട്ട – അനിൽ കെ ആന്റണി
  11. ആറ്റിങ്ങൽ – വി. മുരളീധരൻ
  12. തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: രാഷ്ട്രീയം മതിയാക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളിൽ വീണ്ടും സജീവമാകുന്നതിനായി രാഷ്ട്രീയ ചുമതലകളിൽ നിന്ന് മാറിനിൽക്കാൻ അനുവദിക്കണമെന്ന് ഗൗതം ഗംഭീർ ബിജെപി അധ്യക്ഷൻ ജെപി നദ്ദയോട് ആവശ്യപ്പെട്ടു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഗൗതം ഗംഭീർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജനങ്ങളെ സേവിക്കാൻ അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് ഗംഭീർ നന്ദി പറയുകയുപം ചെയ്തു. എന്തുകൊണ്ടാണ് ഗംഭീർ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാൻ ഒരുങ്ങുന്നതെന്ന കാര്യ വ്യക്തമല്ല. ലോക്‌സഭാ തെരഞ്ഞെടുരപ്പിൽ ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ഗംഭീറിന് വീണ്ടും മത്സരിക്കാൻ ബിജെപി സീറ്റ് നൽകില്ല എന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാർത്തകളും പുറത്തു വന്നിരിക്കുന്നത്.

ഗൗതം ഗംഭീർ 2019 മാർച്ച് 22നാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, രവി ശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനം. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഗംഭീർ 695,109 വോട്ടുകൾ നേടി വിജയിച്ച് ലോക്സഭയിലെത്തി. രണ്ടാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥി അരവിന്ദർ സിംഗ് ലവ്ലിയെക്കാൾ 391,224 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഗംഭീറിന് ലഭിച്ചത്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി പട്ടിക പുറത്തിറക്കി. സംസ്ഥാനത്തെ 15 സീറ്റുകളിൽ സിറ്റിങ് എംപിമാരെ മാത്രം ഉൾപ്പെടുത്തിയാണ് സ്‌ക്രീനിംഗ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ആലപ്പുഴ സീറ്റിൽ ആരെന്ന കാര്യം പിന്നീട് തീരുമാനിക്കും. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും മത്സരിക്കട്ടെയെന്നാണ് ഇപ്പോഴത്തെ തീരുമാനം. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാവും അന്തിമ തീരുമാനം സ്വീകരിക്കുന്നത്. പരാതികളും ജയസാധ്യതകളും പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം.

ഹൈക്കമാൻഡ് നിർദേശങ്ങൾ ഉൾപ്പടെ പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനം എടുക്കുമ്പോൾ ചിലപ്പോൾ ഇതിൽ മാറ്റം വന്നേക്കാം. കെ സി വേണുഗോപാൽ മത്സരിക്കുകയാണെങ്കിൽ ആലപ്പുഴയിൽ മറ്റ് പേരുകൾ ചർച്ചക്കെടുക്കില്ല. കെ സുധാകരൻ സ്‌ക്രീനിങ് കമ്മിറ്റിക്ക് മുമ്പാകെ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഒമ്പത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച കോൺഗ്രസ് പ്രവർത്തകസമിതിയംഗം കൊടിക്കുന്നിൽ സുരേഷ്, മാവേലിക്കരയിൽ വീണ്ടും മത്സരിക്കുന്നതിനോട് പാർട്ടിയിൽ എതിരഭിപ്രായം ഉയർന്നിട്ടുണ്ട്. പത്തനംതിട്ടയിൽ ആന്റോ ആന്റണിയുടെ ജയസാധ്യതയിലും ആശങ്കയുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് പുനരാലോചന നടത്തി കോൺഗ്രസ്. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ നേരത്തെ കോൺഗ്രസ് ആലോചന നടത്തിയിരുന്നു. സോണിയ ഗാന്ധി സ്ഥിരമായി മത്സരിച്ച് ജയിച്ചുവന്ന മണ്ഡലമായിരുന്നു റായ്‌ബേലി. ഇവിടെ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ നീക്കം.

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി അംഗങ്ങൾ ബിജെപിക്ക് വോട്ടു ചെയ്തതാണ് കോൺഗ്രസിനെ ഇപ്പോൾ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് ഏറ്റ പരാജയം, റായ്ബറേലിയിലും ആവർത്തിക്കുമോയെന്നാണ് കോൺഗ്രസ് സംശയിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയിൽ നിന്ന് കൂറുമാറി വോട്ട് ചെയ്തവരിൽ ഭൂരിപക്ഷവും റായ്ബറേലി ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന മേഖലയിൽ നിന്നുള്ളവരാണെന്നതാണ് ഈ ഭീതിയുടെ ആഴം വർദ്ധിപ്പിക്കുന്നത്.

നേരത്തെ സമാജ് വാദി പാർട്ടി ഉത്തർപ്രദേശിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനുള്ള പൂർണ പിന്തുണ അറിയിച്ചിരുന്നു. ആകെ 80 സീറ്റുകളുള്ള സംസ്ഥാനത്ത് 17 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണക്കാമെന്ന നിലപാടിലായിരുന്നു സമാജ് വാദി പാർട്ടി.

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് ബിജെപി ഇത്തവണ സ്ഥാനാർത്ഥികളായി പരിഗണിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ബോളിവുഡിലെ മുൻനിര താരങ്ങൾ മുതൽ പ്രദേശിക താരങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

അക്ഷയ് കുമാർ, കങ്കണ റണൗട്ട് പോലുള്ള താരങ്ങളെ ബിജെപി പരിഗണിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ബോളിവുഡ് താരം സണ്ണി ഡിയോളാണ് പഞ്ചാബിലെ ഗുരുദാസ്പൂർ എംപി. ചണ്ഡിഗഢിൽ നിന്നുള്ള ബിജെപി എംപി കിരൺ ഖേർ ആണ്. നടൻ അനുപംഖേറിന്റെ ഭാര്യ കൂടിയാണ് പ്രമുഖ നടിയായ കിരൺ ഖേർ. മധുരയിൽ നിന്നുള്ള ബിജെപി എംപിയാണ് ഹേമമാലിനി.

സിറ്റിംഗ് എംപിമാർക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സീറ്റ് നൽകിയാൽ മതി എന്നാണ് ബിജെപിയുടെ ഇപ്പാേഴത്തെ നിലപാടെന്നാണ് റിപ്പോർട്ട്. നല്ല പ്രകടനം നടത്തുന്ന താരങ്ങളെയാണ് ബിജെപി സ്ഥാനാർത്ഥികളായി പരിഗണിക്കുകയെന്നാണ് റിപ്പോർട്ട്.

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനം ഉന്നയിച്ച് കെ ടി ജലീൽ എംഎൽഎ. മൂന്നാം സീറ്റെന്ന ലീഗിന്റെ ആവശ്യം ‘കള്ളനും പോലീസും’ കളിയായിരുന്നെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരുവനന്തപുരത്തെ കഴക്കൂട്ടം സീറ്റ് മുതൽ ലീഗിന് നഷ്ടമായ എല്ലാ സീറ്റുകളുടെയും പിന്നിൽ കോൺഗ്രസ് ബുദ്ധിയായിരുന്നു. നേതൃത്വം അണികളുടെ ആത്മവിശ്വാസം തകർത്ത് കോൺഗ്രസിന് മുന്നിൽ അടിയറവ് പറഞ്ഞ് നിൽക്കുമ്പോൾ ലീഗിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ സാധാരണക്കാരായ ലീഗ് പ്രവർത്തകർക്ക് ബാധ്യതയുണ്ട്. ചതിക്ക് ചതിയേ പരിഹാരമുള്ളൂ. ഒരു തെരഞ്ഞെടുപ്പിൽ ആ ‘സിദ്ധൗഷധം’ ലീഗണികൾ പ്രയോഗിച്ചാൽ ‘ചത്തകുതിര’യുടെ മുന്നിൽ കോൺഗ്രസ് എക്കാലവും കൈകൂപ്പി നിൽക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കോഴിക്കോട് ജില്ലയിൽ ശകതമായ സ്വാധീനമുള്ള ലീഗ്, കൊടുവള്ളിയിൽ മാത്രമായി ഒതുങ്ങി. കണ്ണൂർ ജില്ലയിലെ അഴീക്കോട്ടും ലീഗിനെ ചതിച്ച് കോൺഗ്രസ് അവരുടെ തനിനിറം കാട്ടി. കുറച്ചുകാലമായി ലീഗിന് സ്വന്തമായി ജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളിലല്ലാതെ മുസ്ലിം ലീഗ് മറ്റെവിടെയും വിജയിച്ചിട്ടില്ല. വയനാട് ജില്ലയിൽ അടിത്തറയുള്ള പാർട്ടിയാണ് ലീഗ്. അവിടെ കൽപ്പറ്റ മണ്ഡലം ഒരിക്കൽ ലീഗ് വാങ്ങി മത്സരിച്ചു. അന്നത്തെ എം.എസ്.എഫ് പ്രസിഡന്റ് സി മമ്മൂട്ടിയായിരുന്നു സ്ഥാനാർത്ഥി. ഏറ്റവും ചുരുങ്ങിയത് പതിനായിരം വേട്ടുകൾക്ക് ജയിക്കേണ്ടിടത്ത് ഇരുപത്തയ്യായിരം വോട്ടുകൾക്ക് മമ്മൂട്ടി തോറ്റു. കോൺഗ്രസ്സ് അടിയോടെ ലീഗിനെ പിഴുതെറിഞ്ഞ് വയനാട്ടിലെ നിയമസഭാ സീറ്റും പോക്കറ്റിലാക്കിയെന്നും ജലീൽ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ലീഗിന്റെ ‘കള്ളനും പോലീസും’ കളി!

ഒരുകാലത്ത് കേരളത്തിൽ മുഴുവൻ പടർന്ന് പന്തലിച്ച പാർട്ടിയായിരുന്നു മുസ്ലിംലീഗ്. തിരുവനന്തപുരം വെസ്റ്റ് അസംബ്ലി മണ്ഡലത്തിൽ നിന്ന് ജയിച്ചാണ് മുഹമ്മദ് കണ്ണ് ഏറെക്കാലം ലീഗ് എം.എൽ.എ ആയത്. മണ്ഡലം മാറിയപ്പോൾ കോൺഗ്രസ്സ് ലീഗിന് കഴക്കൂട്ടം കൊടുത്തു. കൂടെ ഒരു റിബലിനെയും കോൺഗ്രസ്സ് സമ്മാനിച്ചു. അങ്ങിനെ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മൽസരിച്ച ലീഗിന്റെ എം.എ നിഷാദ്, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് കോൺഗ്രസ്സ് റിബൽ വാഹിദ് എം.എൽ.എ ആയി. തിരുവനന്തപുരം ജില്ലയിൽ ലീഗിന്റെ എക്കൗണ്ട് അതോടെ എന്നന്നേക്കുമായി കോൺഗ്രസ്സ് പൂട്ടി. പിന്നീടിതുവരെ തലസ്ഥാനത്ത് ലീഗിനൊരു സീറ്റ് മൽസരിക്കാൻ കിട്ടിയിട്ടില്ല.

ലീഗ് നേതാവ് പി.കെ.കെ.ബാവ സാഹിബ് മൽസരിച്ച് ജയിച്ച് മന്ത്രിയായത് കൊല്ലം ജില്ലയിലെ ഇരവിപുരത്തു നിന്നാണ്. 2001-ൽലീഗ് നേതാവ് ടി.എ അഹമദ് കബീർ കേവലം 8 വോട്ടിന് തോറ്റ നിയോജക മണ്ഡലം. 2006-ൽ 23000 വോട്ടിന് അന്നത്തെ യൂത്ത് ലീഗ് സെക്രട്ടറി കെ.എം ഷാജിയെ തോൽപ്പിച്ചാണ് ലീഗിൽ നിന്ന് കോൺഗ്രസ് ആ സീറ്റും തട്ടിയെടുത്തത്. പിന്നെ കൊല്ലത്ത് കിട്ടിയത് 25000 വോട്ടുകൾക്ക് യു.ഡി.എഫ് സ്ഥിരം തോൽക്കുന്ന പുനലൂരാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ കൊല്ലം ജില്ലയിലും ലീഗിന്റെ പച്ചക്കൊടി കോൺഗ്രസ്സ് അട്ടത്തേക്കിടും.

എറണാങ്കുളത്ത് ലീഗിന്റെ സ്ഥിരം സീറ്റായിരുന്നു മട്ടാഞ്ചേരി. ലീഗ് നേതാവ് കെ.എം. ഹംസക്കുഞ്ഞ് ജയിച്ച് ഡെപ്യൂട്ടി സ്പീക്കറായത് അവിടെ നിന്നാണ്. മണ്ഡല പുനർനിർണ്ണയത്തിൽ മട്ടാഞ്ചേരിക്ക് പകരം ലീഗ് കളമശ്ശേരി വാങ്ങി. ഇബ്രാഹിംകുഞ്ഞ് മൽസരിച്ച് ജയിച്ചതും മന്ത്രിയായതും കളമശ്ശേരിയിൽ നിന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അതും കോൺഗ്രസ് തോൽപ്പിച്ച് കയ്യിൽ കൊടുത്തു. കളമശ്ശേരിക്ക് തൊട്ടടുത്തുള്ള പറവൂരും എറണാങ്കുളവും ആലുവയുമൊക്കെ യു.ഡി.എഫ് ജയിച്ചപ്പോൾ ലീഗ് മൽസരിച്ച കളമശ്ശേരിയിൽ മാത്രം ദയനീയമായി പരാജയപ്പെട്ടു. എറണാങ്കുളം ജില്ലയിലും വൈകാതെ ലീഗിന് ആപ്പീസ് അടച്ചു പൂട്ടേണ്ടി വരും. തൃശൂർ ജില്ലയിലെ ഗുരുവായൂരിൽ തുടർച്ചയായി ലീഗിനെ തോൽപ്പിച്ച് സീറ്റ് സ്വന്തമാക്കാൻ കോൺഗ്രസ്സ് നടത്തുന്ന ശ്രമം കുപ്രസിദ്ധമാണ്. യു.ഡി.എഫിന്റെ കോട്ടയായ കോഴിക്കോട്ടെ തിരുവമ്പാടിയിലും കോൺഗ്രസ് കാലുവാരി ലീഗിനെ തോൽപ്പിച്ചു.

കോഴിക്കോട് ജില്ലയിൽ ശകതമായ സ്വാധീനമുള്ള ലീഗ്, കൊടുവള്ളിയിൽ മാത്രമായി ഒതുങ്ങി. കണ്ണൂർ ജില്ലയിലെ അഴീക്കോട്ടും ലീഗിനെ ചതിച്ച് കോൺഗ്രസ് അവരുടെ തനിനിറം കാട്ടി. കുറച്ചുകാലമായി ലീഗിന് സ്വന്തമായി ജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളിലല്ലാതെ മുസ്ലിം ലീഗ് മറ്റെവിടെയും വിജയിച്ചിട്ടില്ല. വയനാട് ജില്ലയിൽ അടിത്തറയുള്ള പാർട്ടിയാണ് ലീഗ്. അവിടെ കൽപ്പറ്റ മണ്ഡലം ഒരിക്കൽ ലീഗ് വാങ്ങി മൽസരിച്ചു. അന്നത്തെ എം.എസ്.എഫ് പ്രസിഡണ്ട് സി മമ്മൂട്ടിയായിരുന്നു സ്ഥാനാർത്ഥി. ഏറ്റവും ചുരുങ്ങിയത് പതിനായിരം വേട്ടുകൾക്ക് ജയിക്കേണ്ടിടത്ത് ഇരുപത്തയ്യായിരം വോട്ടുകൾക്ക് മമ്മൂട്ടി തോറ്റു. കോൺഗ്രസ്സ് അടിയോടെ ലീഗിനെ പിഴുതെറിഞ്ഞ് വായനാട്ടിലെ നിയമസഭാ സീറ്റും പോക്കറ്റിലാക്കി.

തദ്ദേശ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ലീഗിനെ മൂലക്കിരുത്താൻ കോൺഗ്രസ് പയറ്റിയത്. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്ന ബിസിനസ് തന്ത്രമാണ് തൃശൂർ മുതൽക്കിങ്ങോട്ടെല്ലാം ലീഗിനെ ദുർബലമാക്കാൻ കോൺഗ്രസ്സ് പരീക്ഷിച്ചത്. തൃശൂർ, കൊല്ലം കോർപ്പറേഷനുകളിൽ ലീഗിന് നിലവിൽ പ്രാതിനിധ്യമേയില്ല. തൃശൂർ മുതൽക്കിങ്ങോട്ട് എട്ടു ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളിലെ ലീഗ് പ്രാതിനിധ്യം വെറും എഴുപതിൽ താഴെയാണ്. ലീഗിനെ ഒരു മലപ്പുറം പാർട്ടിയാക്കി ഒതുക്കാനാണ് കോൺഗ്രസ്സ് എന്നും ശ്രമിച്ചത്. കണ്ണൂർ കോർപ്പറേഷൻ മെയർസ്ഥാനം ഗത്യന്തരമില്ലാതെയാണ് കുറേ കുരങ്ങ് കളിപ്പിച്ചതിന് ശേഷം ലീഗിന് നൽകിയത്. മെയർ സ്ഥാനം കൊടുക്കാതിരിക്കാൻ അവസാന നിമിഷംവരെ പഠിച്ചപണി പതിനെട്ടും നോക്കി. വീട്ടിലെ അമ്മിക്കല്ല് പോലെ കോൺഗ്രസ്സ് അവരുടെ ഗ്രൂപ്പ്കത്തി മൂർച്ചകൂട്ടി തേഞ്ഞ്‌തേഞ്ഞ് ഇല്ലാതാകേണ്ട ഗതികേടിലാണോ മുസ്ലിംലീഗ്? അതല്ല മാന്യമായ രാഷ്ട്രീയ സഖ്യത്തിലൂടെ രാജ്യമൊട്ടുക്കും വളർന്നു പന്തലിക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടിയാണോ ലീഗ്?
കേരളത്തിന് പുറത്ത് കോൺഗ്രസ്സിന് ശക്തിയുള്ള ഒരു സംസ്ഥാനത്തും ലീഗിനെ കൂടെക്കൂട്ടാൻ അവർ ഇക്കാലമത്രയും തയ്യാറായിട്ടില്ല. ഏറ്റവുമവസാനം പാർലമെന്റിലേക്ക് മൂന്നു സീറ്റെന്ന ലീഗിന്റെ തീർത്തും ന്യായമായ ആവശ്യം നിർദാക്ഷിണ്യം കോൺഗ്രസ് തള്ളി. അഞ്ചാംമന്ത്രി വിവാദം പോലെ ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം സാമുദായിക സന്തുലിതത്വത്തിന്റെ നിറം നൽകി വിവാദമാക്കിയാണ് കോൺഗ്രസ്സ് അട്ടിമറിച്ചത്. കോൺഗ്രസ്സിന്റെ തന്ത്രം വീണ്ടും വിജയം കണ്ടു. ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകുമെന്നാണത്രെ ഇപ്പോഴത്തെ ധാരണ. 2026-ൽ ഒഴിവു വരുന്ന വാഹാബ് സാഹിബിന്റെ സീറ്റ് പകരം കോൺഗ്രസ്സ് എടുക്കുമെന്നും വ്യവസ്ഥയുണ്ടത്രെ.

രണ്ടു വർഷം രാജ്യസഭയിൽ രണ്ടു പ്രതിനിധികൾ എന്ന ആവശ്യം അംഗീകരിച്ചു കിട്ടാനായിരുന്നോ കാടിളക്കി അണികളെ വിഡ്ഢികളാക്കാനുള്ള ലീഗിന്റെ ഈ ”കള്ളനും പോലീസും’ കളി? ഒരു പൂച്ചക്കുട്ടിപോലും അറിയാതെ കൊരമ്പയിൽ അഹമ്മദാജിയും സമദാനിയും ഒരേസമയം വർഷങ്ങളോളം രാജ്യസഭയിൽ അംഗങ്ങളായിരുന്നിട്ടുണ്ട്. ആ ചരിത്രം ലീഗ് മറന്നോ? നേതൃത്വം അണികളുടെ ആത്മവിശ്വാസം തകർത്ത് കോൺഗ്രസ്സിന് മുന്നിൽ അടിയറവ് പറഞ്ഞ് നിൽക്കുമ്പോൾ ലീഗിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ സാധാരണക്കാരായ ലീഗുപ്രവർത്തകർക്ക് ബാദ്ധ്യതയുണ്ട്. ചതിക്ക് ചതിയേ പരിഹാരമുള്ളൂ. ഒരു തെരഞ്ഞെടുപ്പിൽ ആ ‘സിദ്ധൗഷധം’ ലീഗണികൾ പ്രയോഗിച്ചാൽ ‘ചത്തകുതിര’യുടെ മുന്നിൽ കോൺഗ്രസ്സ് എക്കാലവും കൈകൂപ്പി നിൽക്കും.

ബംഗളൂരു: കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച് മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളും ഒരു ബിജെപി – ജെഡിഎസ് സഖ്യസ്ഥാനാർത്ഥിയും. അജയ് മാക്കൻ, ഡോ. സയിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികളാണ് കർണാടകയിൽ വിജയിച്ചത്. നാരായൺസ ബന്തിഗെയാണ് ബിജെപി – ജെഡിഎസ് സഖ്യത്തിൽ വിജയിച്ചത്.

ജെഡിഎസിൽ നിന്നുള്ള എൻഡിഎ സ്ഥാനാർത്ഥി ഡി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു. വോട്ടെടുപ്പിൽ രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ഇത് ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്. യശ്വന്ത് പുര എംഎൽഎ എസ് ടി സോമശേഖർ കോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തു. ബിജെപി എംഎൽഎ ശിവറാം ഹെബ്ബാർ വോട്ട് ചെയ്യാൻ നിയമസഭയിൽ എത്തിയില്ല. 45 വോട്ടുകളാണ് ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ വേണ്ടിയിരുന്നത്.അജയ് മാക്കനും ഡോ. സയിദ് നസീർ ഹുസൈനും 47 വോട്ട് വീതം ലഭിച്ചു. ജി സി ചന്ദ്രശേഖറിന് 45 വോട്ടാണ് ലഭിച്ചത്. നാരായൺസ ബന്തിഗെയ്ക്ക് 47 വോട്ടും ലഭിച്ചു.

അതേസമയം വോട്ടെണ്ണലിനിടെ കോൺഗ്രസ് ബിജെപി നേതാക്കൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കോൺഗ്രസ് എംഎൽഎമാരെ ബിജെപി തട്ടിക്കൊണ്ടുപോയതായി ഹിമാചൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ആരോപിച്ചു.

കണ്ണൂർ: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ കണ്ണൂരിൽ വീണ്ടും മത്സരിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുധാകരന് മത്സരിക്കുന്നതിന് കോൺഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയെന്നാണ് പുറത്തു വരുന്ന വിവരം. സംസ്ഥാനത്ത് കോൺഗ്രസിന്റെ എല്ലാ സിറ്റിങ് എംപിമാരും സ്ഥാനാർഥികളാകുമെന്ന സൂചനയാണ് പുറത്തു വരുന്നത്.

ചില ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന് കെ സുധാകരൻ അറിയിച്ചിരുന്നത്. പാർട്ടിയിൽ വിവിധ കോണുകളിൽ നിന്നുള്ള സമ്മർദ്ദത്തിന് വഴങ്ങിയാണ് സുധാകരൻ മത്സരിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. കണ്ണൂരിൽ സിപിഎം പാർട്ടി ജില്ലാ സെക്രട്ടറി എം വി ജയരാജനെ മത്സരത്തിനിറക്കുന്ന സാഹചര്യത്തിൽ കരുത്തനായ സ്ഥാനാർഥിതന്നെ മണ്ഡലത്തിൽ വേണമെന്ന നിലപാടിലാണ് കോൺഗ്രസ്.

മൂന്ന് തവണ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കെ സുധാകരൻ മത്സരിച്ചിട്ടുണ്ട്. 2009-ലും 2019-ലും അദ്ദേഹം വിജയിച്ചു. 2014-ലെ തെരഞ്ഞെടുപ്പിൽ പി കെ ശ്രീമതിയോട് മത്സരിച്ച് പരാജയപ്പെടുകയും ചെയ്തിരുന്നു.

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ സീറ്റിൽ മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സന്തുലനം ഉറപ്പ് വരുത്തി പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുന്നത് പരിഗണിക്കാമെന്ന് കെ സി വേണുഗോപാൽ സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയെന്നാണ് പുറത്തു വരുന്ന വിവരം. നേരത്തെ സംസ്ഥാന നേതൃത്വം ആലപ്പുഴയിൽ മത്സരിക്കണമെന്ന് വേണുഗോപാലിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിലും ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടായേക്കും. അമേഠിയിൽ നിന്നും മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് അമേഠിയിൽ നിന്ന് വീണ്ടും ജനവിധി തേടാൻ രാഹുൽ തയ്യാറെടുക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം രാഹു ൽ ഗാന്ധി നടത്തിയ അമേഠി പര്യടനത്തിലുടനീളം വലിയ ജനപിന്തുണയാണ് കണ്ടത്. ഇത് മണ്ഡലത്തിൽ വിയജയിക്കാൻ കഴിയുന്ന പ്രതീക്ഷ കോൺഗ്രസിന് നൽകുന്നുണ്ട്.