ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിറ്റിങ് എംപിമാരെ മാത്രം ഉൾപ്പെടുത്തി കോൺഗ്രസ് സ്‌ക്രീനിംഗ് പട്ടിക

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി പട്ടിക പുറത്തിറക്കി. സംസ്ഥാനത്തെ 15 സീറ്റുകളിൽ സിറ്റിങ് എംപിമാരെ മാത്രം ഉൾപ്പെടുത്തിയാണ് സ്‌ക്രീനിംഗ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ആലപ്പുഴ സീറ്റിൽ ആരെന്ന കാര്യം പിന്നീട് തീരുമാനിക്കും. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരനും മത്സരിക്കട്ടെയെന്നാണ് ഇപ്പോഴത്തെ തീരുമാനം. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാവും അന്തിമ തീരുമാനം സ്വീകരിക്കുന്നത്. പരാതികളും ജയസാധ്യതകളും പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം.

ഹൈക്കമാൻഡ് നിർദേശങ്ങൾ ഉൾപ്പടെ പരിഗണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനം എടുക്കുമ്പോൾ ചിലപ്പോൾ ഇതിൽ മാറ്റം വന്നേക്കാം. കെ സി വേണുഗോപാൽ മത്സരിക്കുകയാണെങ്കിൽ ആലപ്പുഴയിൽ മറ്റ് പേരുകൾ ചർച്ചക്കെടുക്കില്ല. കെ സുധാകരൻ സ്‌ക്രീനിങ് കമ്മിറ്റിക്ക് മുമ്പാകെ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഒമ്പത് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച കോൺഗ്രസ് പ്രവർത്തകസമിതിയംഗം കൊടിക്കുന്നിൽ സുരേഷ്, മാവേലിക്കരയിൽ വീണ്ടും മത്സരിക്കുന്നതിനോട് പാർട്ടിയിൽ എതിരഭിപ്രായം ഉയർന്നിട്ടുണ്ട്. പത്തനംതിട്ടയിൽ ആന്റോ ആന്റണിയുടെ ജയസാധ്യതയിലും ആശങ്കയുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.