ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർത്ഥി പട്ടിക ബിജെപി നാളെ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് ബിജെപി ഇത്തവണ സ്ഥാനാർത്ഥികളായി പരിഗണിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ബോളിവുഡിലെ മുൻനിര താരങ്ങൾ മുതൽ പ്രദേശിക താരങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.
അക്ഷയ് കുമാർ, കങ്കണ റണൗട്ട് പോലുള്ള താരങ്ങളെ ബിജെപി പരിഗണിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ബോളിവുഡ് താരം സണ്ണി ഡിയോളാണ് പഞ്ചാബിലെ ഗുരുദാസ്പൂർ എംപി. ചണ്ഡിഗഢിൽ നിന്നുള്ള ബിജെപി എംപി കിരൺ ഖേർ ആണ്. നടൻ അനുപംഖേറിന്റെ ഭാര്യ കൂടിയാണ് പ്രമുഖ നടിയായ കിരൺ ഖേർ. മധുരയിൽ നിന്നുള്ള ബിജെപി എംപിയാണ് ഹേമമാലിനി.
സിറ്റിംഗ് എംപിമാർക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സീറ്റ് നൽകിയാൽ മതി എന്നാണ് ബിജെപിയുടെ ഇപ്പാേഴത്തെ നിലപാടെന്നാണ് റിപ്പോർട്ട്. നല്ല പ്രകടനം നടത്തുന്ന താരങ്ങളെയാണ് ബിജെപി സ്ഥാനാർത്ഥികളായി പരിഗണിക്കുകയെന്നാണ് റിപ്പോർട്ട്.

