പരാജയപ്പെടുമോയെന്ന ഭയം; പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നതിൽ പുനരാലോചനയുമായി കോൺഗ്രസ്

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് പുനരാലോചന നടത്തി കോൺഗ്രസ്. റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാൻ നേരത്തെ കോൺഗ്രസ് ആലോചന നടത്തിയിരുന്നു. സോണിയ ഗാന്ധി സ്ഥിരമായി മത്സരിച്ച് ജയിച്ചുവന്ന മണ്ഡലമായിരുന്നു റായ്‌ബേലി. ഇവിടെ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ നീക്കം.

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടി അംഗങ്ങൾ ബിജെപിക്ക് വോട്ടു ചെയ്തതാണ് കോൺഗ്രസിനെ ഇപ്പോൾ പുനരാലോചനയ്ക്ക് പ്രേരിപ്പിക്കുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അമേഠിയിൽ രാഹുൽ ഗാന്ധിക്ക് ഏറ്റ പരാജയം, റായ്ബറേലിയിലും ആവർത്തിക്കുമോയെന്നാണ് കോൺഗ്രസ് സംശയിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയിൽ നിന്ന് കൂറുമാറി വോട്ട് ചെയ്തവരിൽ ഭൂരിപക്ഷവും റായ്ബറേലി ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന മേഖലയിൽ നിന്നുള്ളവരാണെന്നതാണ് ഈ ഭീതിയുടെ ആഴം വർദ്ധിപ്പിക്കുന്നത്.

നേരത്തെ സമാജ് വാദി പാർട്ടി ഉത്തർപ്രദേശിൽ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനുള്ള പൂർണ പിന്തുണ അറിയിച്ചിരുന്നു. ആകെ 80 സീറ്റുകളുള്ള സംസ്ഥാനത്ത് 17 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പിന്തുണക്കാമെന്ന നിലപാടിലായിരുന്നു സമാജ് വാദി പാർട്ടി.