അപ്രതീക്ഷിത പ്രഖ്യാപനം; രാഷ്ട്രീയം മതിയാക്കാനൊരുങ്ങി ഗൗതം ഗംഭീർ

ന്യൂഡൽഹി: രാഷ്ട്രീയം മതിയാക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ ക്രിക്കറ്റ് ഉത്തരവാദിത്വങ്ങളിൽ വീണ്ടും സജീവമാകുന്നതിനായി രാഷ്ട്രീയ ചുമതലകളിൽ നിന്ന് മാറിനിൽക്കാൻ അനുവദിക്കണമെന്ന് ഗൗതം ഗംഭീർ ബിജെപി അധ്യക്ഷൻ ജെപി നദ്ദയോട് ആവശ്യപ്പെട്ടു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഗൗതം ഗംഭീർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജനങ്ങളെ സേവിക്കാൻ അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് ഗംഭീർ നന്ദി പറയുകയുപം ചെയ്തു. എന്തുകൊണ്ടാണ് ഗംഭീർ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാൻ ഒരുങ്ങുന്നതെന്ന കാര്യ വ്യക്തമല്ല. ലോക്‌സഭാ തെരഞ്ഞെടുരപ്പിൽ ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ ഗംഭീറിന് വീണ്ടും മത്സരിക്കാൻ ബിജെപി സീറ്റ് നൽകില്ല എന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഈ വാർത്തകളും പുറത്തു വന്നിരിക്കുന്നത്.

ഗൗതം ഗംഭീർ 2019 മാർച്ച് 22നാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, രവി ശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു രാഷ്ട്രീയ പ്രവേശനം. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഗംഭീർ 695,109 വോട്ടുകൾ നേടി വിജയിച്ച് ലോക്സഭയിലെത്തി. രണ്ടാമതെത്തിയ കോൺഗ്രസ് സ്ഥാനാർഥി അരവിന്ദർ സിംഗ് ലവ്ലിയെക്കാൾ 391,224 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഗംഭീറിന് ലഭിച്ചത്.