Politics (Page 43)

തൃശൂർ: സ്ഥാനാർത്ഥിത്വം മാറ്റിയതിന് ശേഷം ആദ്യമായി പ്രതികരണം നടത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. താൻ എവിടെ മത്സരിക്കാനും തയ്യാർ ആണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥിത്വത്തിലെ മാറ്റം കോൺഗ്രസിനകത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിന് ഇതോടെ താൽക്കാലിക വിരാമമായി.

പാർട്ടി തീരുമാനത്തിന് അദ്ദേഹം വഴങ്ങുകയും ചെയ്തിരിക്കുന്നു. കെ മുരളീധരന്റെ സഹോദരിയും, അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തെ തുടർന്നാണ് മുരളീധരന്റെ സീറ്റുമാറ്റവും നടന്നിരിക്കുന്നത്.

ഇന്നലെ അംഗത്വമെടുത്ത പത്മജയെ ചാലക്കുടിയിൽ നിർത്തി മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചതിന് പിന്നാലെ തൃശൂരിൽ ടി എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ ഇറക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. ഇതോടെയാണ് വകടര മണ്ഡലത്തിൽ നിന്ന് മുരളീധരന് മാറേണ്ടി വന്നു. ഇവിടെ അദ്ദേഹത്തിന് പകരം ഷാഫി പറമ്പിൽ മത്സരിക്കും.

ജയ്പൂർ: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. യുവാക്കൾക്ക് 30 ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉൾപ്പെടെ വാഗ്ദാനം ചെയ്തുള്ള പ്രകടന പത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന 30 ലക്ഷത്തോളം സർക്കാർ തസ്തികകൾ നികത്തുമെന്നാണ് പ്രഖ്യാപനം.

സ്റ്റാർട്ടപ്പുകൾക്ക് 5000 കോടി, ബിരുദധാരികൾക്ക് അപ്രന്റീസ്ഷിപ്പ് തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലാണ് പ്രകടന പത്രിക പുറത്തിറക്കിയിട്ടുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഒഴിഞ്ഞുകിടക്കുന്ന ഏകദേശം 30 ലക്ഷം സർക്കാർ തസ്തികകൾ നികത്തുമെന്നും കർഷകർക്ക് വിളകളുടെ താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്നും രാഹുൽഗാന്ധി അറിയിച്ചു.

റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോരുന്നത് തടയാൻ നിയമം കൊണ്ടുവരും. താതകാലിക ജീവനക്കാർക്ക് സാമൂഹിക സുരക്ഷ, സ്റ്റാർട്ടപ്പുകൾക്ക് 5000 കോടി രൂപയുടെ ഫണ്ട് എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ. ബിരുദദാരികൾക്ക് ഒരു വർഷം അപ്രന്റീസ്ഷിപ്പ് ലഭ്യമാക്കും. ഒരു ലക്ഷം രൂപയും ഇക്കാലയളവിൽ നൽകും. തൊഴിലിനുള്ള അവകാശം കോൺഗ്രസ് ഉറപ്പാക്കുമെന്നും ഗാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ കുറിച്ചാണ് രാഷ്ട്രീയ ലോകത്തെ ഇപ്പോഴത്തെ ചർച്ചകൾ നടക്കുന്നത്. ഗവർണർ പദവിയടക്കമുള്ള വൻ വാഗ്ദാനങ്ങളാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തുന്ന പത്മജ വേണുഗോപാലിനെ കാത്തിരിക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ടാണ് പത്മജ വേണുഗോപാലുമായി ചർച്ച നടത്തിയതെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഈ ചർച്ചകളിലാണ് പത്മജയ്ക്ക് വൻ വാഗ്ദാനങ്ങൾ ലഭിച്ചതെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കാൻ സീറ്റു നൽകുമെന്ന വാഗ്ദാനവും ബിജെപി മുന്നോട്ട് വെച്ചതായാണ് റിപ്പോർട്ട്.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഉൾപ്പെടെയുള്ള നേതാക്കളുമായി നിരവധി തവണ കൂടിക്കാഴ്ച്ച നടന്നുവെന്നും ഇതിനായി പത്മജ പലതവണ ഡൽഹിയിൽ എത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ലോക്‌സഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് പത്മജയുടെ ബിജെപി പ്രവേശനം. പത്മജയുടെ എൻട്രി തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

അതേസമയം, ഉപാധികളൊന്നുമില്ലാതെയാണ് താൻ ബിജെപിയിൽ ചേരുന്നതെന്നാണ് പത്മജ വ്യക്തമാക്കുന്നത്. പത്മജ അധികം വൈകാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇതിലായിരിക്കും കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാവുകയെന്നുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്.

ആലപ്പുഴ: കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇക്കരെ കണ്ട അക്കരപ്പച്ച തിരക്കി പോകുന്നതാണെന്നും അവിടെ വലിയ പരിരക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്മജ എത്തുന്നതുകൊണ്ട് ബിജെപിക്ക് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന ചോദ്യത്തിനും വെള്ളാപ്പള്ളി മറുപടി നൽകി. ആ മെമ്പർഷിപ്പിന്റെ കാശുകിട്ടും എന്നായിരുന്നു വെള്ളാപ്പള്ളി ഈ ചോദ്യത്തിന് നൽകിയ മറുപടി. ആ പ്രയോജനം കിട്ടും ഇപ്പോൾ. തൽക്കാലം ഇപ്പോൾ അതേ കിട്ടൂ എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മജയ്ക്ക് കോൺഗ്രസിൽ നിന്ന് ഒരുപാട് പരിരക്ഷ കിട്ടിയിട്ടുണ്ട്. എംപിയാകാൻ നിർത്തിയിട്ടുണ്ട്. എംഎൽഎയാക്കാൻ നിർത്തിയിട്ടുണ്ട്. അച്ഛനുണ്ടായിരുന്ന കാലംതൊട്ട് മരിക്കുന്ന കാലംവരെ എല്ലാ സുഖസൗകര്യങ്ങളും ഗുണങ്ങളും എല്ലാ അർഥത്തിലും അനുഭവിച്ചയാളാണ് പത്മജ. അത് കൂടാതെ തന്നെ കോൺഗ്രസിൽ നിന്ന് വിട്ട് മറ്റൊരു കോൺഗ്രസിലേക്ക് പോവുകയും മറ്റ് ചില ഐക്യമുന്നണിയിൽ ചെന്നുചേരുകയും ചെയ്ത പാരമ്പര്യമാണ് ഇവർക്കുള്ളത്. അതുകൊണ്ട് ഒരു പാർട്ടിയിൽ സ്ഥിരമായി നിൽക്കുന്നൊരു ശൈലി ഇല്ല. കാരണം കരുണാകരന്റെ കോൺഗ്രസ് തന്നെ കോൺഗ്രസിൽ നിന്ന് വിട്ടുപോയിട്ടുണ്ട്. അതുകഴിഞ്ഞ് കരുണാകരന്റെ മകൾ ഇപ്പോൾ വേറൊരു പാർട്ടിയിലേക്ക് പോവുക എന്നത് അവരുടെ പാരമ്പര്യവും സ്വഭാവവും പ്രത്യേകതയുമായിരിക്കാമെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

അവസരം കിട്ടിയില്ല എന്നതിന്റെ പേരിൽ പാർട്ടി മാറുന്നത് രാഷ്ട്രീയഭിക്ഷാംദേഹികൾക്ക് നല്ലതായിരിക്കുമെങ്കിലും സാമാന്യബുദ്ധിയുള്ളവർക്ക് കാണുമ്പോൾ അത് മനസ്സിലാകില്ല. ആന്റണിയുടെ മകൻ പോയി എന്നു പറഞ്ഞാൽ, ഒരു രാഷ്ട്രീയത്തിലേക്കേ പോയിട്ടുള്ളൂ. പല രാഷ്ട്രീയത്തിലേക്ക് പോയിട്ടില്ല. എന്നാൽ കരുണാകരൻസാറിന്റെ മകൾ എത്ര രാഷ്ട്രീയത്തിൽ വന്നു. കോൺഗ്രസിൽനിന്ന് കോൺഗ്രസ് പിളർന്ന് വേറൊരു കോൺഗ്രസുണ്ടാക്കി. ഡിഐസിയിൽ പോയി. അങ്ങനെ വേറെ പല മുന്നണിയിലേക്കും പോകാൻ ഇടതുപക്ഷത്തേക്ക് വരെ ചെരിഞ്ഞുവെന്നാണ് താൻ മനസ്സിലാക്കുന്നത്. ഇങ്ങനെ ചാടിച്ചാടി നടക്കുകയല്ലായിരുന്നോ. എന്തായാലും ബിജെപിയിൽ ചെല്ലട്ടെ. ഇനി അവിടെ ചെന്നിട്ട് എന്തുകിട്ടുമെന്ന് കാത്തിരുന്നു കാണാമെന്നും അദ്ദേഹം പരിഹസിച്ചു.

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ സാധ്യത. സഖ്യകക്ഷിയായ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ചാലക്കുടി, എറണാകുളം മണ്ഡലങ്ങൾ വച്ചുമാറാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ ആലോചന. ഈ സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നതിൽ പ്രതികരണവുമായി പത്മജ വേണുഗോപാൽ രംഗത്തെത്തിയിരുന്നു. ഒരു ഉപാധികളും ഇല്ലാതെയാണ് താൻ ബിജെപിയിൽ പോകുന്നതെന്നും മനസമ്മാധാനത്തോടെ പ്രവർത്തിക്കാൻ വേണ്ടിയാണ് കോൺഗ്രസ് വിടുന്നതെന്നുമായിരുന്നു പത്മജ വ്യക്തമാക്കിയത്.

പത്മജയുടെ പാർട്ടി മാറ്റം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാഷ്ട്രീയമായി വിഷയം ആയുധമാക്കി മുന്നോട്ട് പോകാനാണ് ഇടതു മുന്നണിയുടെ തീരുമാനം.

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ കന്നി മത്സരത്തിന് തയ്യാറെടുത്ത് പ്രിയങ്കാ ഗാന്ധി. റായ്ബറേലിയിൽ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുക. കോൺഗ്രസ് ശക്തികേന്ദ്രവും മാതാവ് സോണിയാ ഗാന്ധിയുടെ സിറ്റിംഗ് സീറ്റുമായിരുന്നു റായ്‌ബേലി. രാഹുൽ ഗാന്ധി രണ്ടിടത്ത് നിന്ന് മത്സരിക്കും. വയനാട്ടിനൊപ്പം അമേഠിയിൽ നിന്നും രാഹുൽ ഗാന്ധി മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നും മത്സരിച്ച രാഹുൽ ഗാന്ധി ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോടാണ് രാഹുൽ പരാജയപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസിയിൽ നിന്ന് പ്രിയങ്ക മത്സരിക്കുമോ എന്ന ഊഹാപോഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഉത്തർപ്രദേശിൽ നിലവിൽ കോൺഗ്രസിനുള്ള ഏക സീറ്റാണ് റായ്‌ബേലിയിലേത്. സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പ്രിയങ്ക റായ്ബറേലിയിൽ മത്സരിക്കാൻ തീരുമാനിച്ചത്.

അതേസമയം, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇപ്പോൾ മദ്ധ്യപ്രദേശിൽ പര്യടനം നടത്തുകയാണ്. യാത്ര നാളെ ഗുജറാത്തിലേക്ക് യാത്ര പ്രവേശിക്കും.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സുധാകരനെ പ്രതിയാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും നിയപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും എതിരെ കോതമംഗലത്ത് പോലീസ് സ്വീകരിച്ച നടപടി കിരാതമാണ്. ജനകീയ വിഷയത്തിലാണ് അവർ ഇടപെട്ടത്. സർക്കാർ നിഷ്‌ക്രിയമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോലീസാണ് ഇന്നലെ മൃതദേഹത്തോട് അനാദരവ് കാണിച്ചത്്. അവരാണ് മൃതശരീരം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോയത്. ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ല. ഷിയാസിനെ ഒന്നരമണിക്കൂറോളം പോലീസ് ജീപ്പിൽ കറക്കി. പോലീസിനെ വെച്ച് പേടിപ്പിച്ച് സമരം ഒതുക്കി കളയാം എന്ന് കരുതണ്ട. പോലീസിന് എന്തും ചെയ്യാനുള്ള അധികാരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജാവിനെക്കാളും വലിയ രാജഭക്തിയാണ് പൊലീസ് കാണിക്കുന്നത്. മാത്യൂ കുഴൽനാടനോടുള്ള വിരോധം തീർക്കാൻ കിട്ടുന്ന ഒരു അവസരവും പിണറായി വിജയൻ കളയുന്നില്ല. വൈകാരികമായ പ്രതിഷേധമാണ് കോതമംഗലത്ത് നടന്നത്. കളക്ടർ ചർച്ചയ്ക്ക് വരുന്നത് മന്ത്രി പി രാജീവ് വിലക്കി. പ്രശ്‌നം വഷളാക്കാനാണ് മന്ത്രി ശ്രമിച്ചത്. കള്ള കേസുകൾ നേരിടും. പ്രതിഷേധം നടത്തിയില്ലായിരുന്നുവെങ്കിൽ മന്ത്രിയോ, ഉദ്യോഗസ്ഥരോ വരുമായിരുന്നോയെന്ന ചോദ്യവും വി ഡി സതീശൻ മുന്നോട്ടുവെച്ചു.

തിരുവനന്തപുരം: പി സി ജോർജിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്കെതിരെ പരസ്യമായി പ്രതികരിച്ചതിനാണ് പി സി ജോർജിനെതിരെ കെ സുരേന്ദ്രൻ രംഗത്തെത്തിയത്. പി സിക്കെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്നും ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആന്റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. മികച്ച സ്ഥാനാർത്ഥിയാണ്, അദ്ദേഹം വിജയിക്കും. പൊതു പ്രവർത്തകർ സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്‌സ് ബുക്കിലൂടെ പറയുന്നവർക്കെതിരെ നടപടിയുണ്ടാകും. പി സി ജോർജ് ഇപ്പോൾ വന്നല്ലേയുള്ളൂ. നിലവിൽ നടപടിയെടുത്തത് വർഷങ്ങളായി പാർട്ടിയിലുള്ളവർക്കു നേരെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശമ്പള പ്രതിസന്ധി രൂക്ഷമായതോടെയാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമ്പോൾ സംസ്ഥാനത്തെ അദ്ധ്യാപകരെയും ജീവനക്കാരെയും പെൻഷൻകാരെയും പിച്ചച്ചട്ടിയെടുക്കേണ്ട ഗതികേടിലെത്തിച്ചത് പിണറായി സർക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയുമാണെന്ന് സുധാകരൻ പറഞ്ഞു. യാതൊരു തത്വദീക്ഷയും ഇല്ലാതെ ഖജനാവിലെ പണം ധൂർത്തടിച്ചതിന്റെ പരിണിതഫലമാണ് ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആറു മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയാണ്. പന്ത്രണ്ട് ലക്ഷത്തോളം വരുന്ന അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാൻ കഴിയുന്നില്ല. ആറര ലക്ഷം വരുന്ന പെൻഷൻകാർക്ക് പെൻഷൻ മുടങ്ങി. ഇതിനെല്ലാം ഉത്തരവാദി സർക്കാരാണ്. ജീവനക്കാരും അദ്ധ്യാപകരും പെൻഷൻകാരും അവരുടെ ആശ്രിതരും അടക്കം 50 ലക്ഷത്തോളം പേരെയാണ് ഇത് പ്രത്യക്ഷത്തിൽ ബാധിക്കുന്നത്. ശമ്പളവും പെൻഷനുമായി വിതരണം ചെയ്യുന്ന പണമാണ് പൊതു വിപണിയെ ചലനാത്മകമാക്കുന്നത്. ഇത് യഥാസമയം നൽകാൻ കഴിയാത്തതിനാൽ വിപണിയിൽ രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കുമെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടി.

സർക്കാർ ജീവനക്കാർ ശമ്പളത്തിന്റെയും പെൻഷന്റെയും ഭൂരിപക്ഷവും ചെലവഴിക്കുന്നത് സമ്പാദ്യത്തിനല്ല, മറിച്ച് നിത്യനിദാന ചെലവുകൾ നടത്തിക്കൊണ്ടു പോകാനാണ്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പെൻഷൻകാർക്ക് മരുന്നും ചികിത്സയും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിന് ഇടയാക്കി. പരീക്ഷ ആരംഭിക്കാനിരിക്കുന്ന ഈ സമയത്ത് അദ്ധ്യാപക സമൂഹത്തോടുള്ള കടുത്ത അനീതിയാണ് ശമ്പളം നൽകാത്തത്. അതിരൂക്ഷമായ വിലക്കയറ്റം നിലനിൽക്കുന്ന സംസ്ഥാനത്ത് വൈദ്യുതി കരവും വെള്ളക്കരവും ബസ് ചാർജും നിരവധി വട്ടം കുത്തനെ വർധിപ്പിച്ച സാഹചര്യത്തിൽ ശമ്പളവും പെൻഷനും മുടങ്ങുന്നത് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും ദുരിതം ഇരട്ടിയാക്കുമെന്നും അദ്ദേഹം അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡി എ കുടിശ്ശികയും ശമ്ബളപരിഷ്‌ക്കരണ കുടിശ്ശികയും വിതരണം ചെയ്യുന്നതിലും ഗുരുതര വീഴ്ചയാണ് സർക്കാരിന്റെ ഭാഗത്തുള്ളത്. കഴിഞ്ഞ എട്ടു വർഷക്കാലമായി എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടവരെന്ന നിലയിൽ വായ്പ എടുത്തു മുന്നോട്ടു പോവുകയാണ് ഭൂരിപക്ഷം ജീവനക്കാരും. ഒരു ലക്ഷത്തോളം വരുന്ന ക്ലാസ് ഫോർ ജീവനക്കാർ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നട്ടം തിരിയുകയാണ്. ഈ ശമ്പള വിതരണം മുടങ്ങിയത് ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാക്കും. ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃത്യനിർവഹണം നടത്തുന്നതിന് പ്രതികൂല സാഹചര്യങ്ങൾ സൃഷ്ടിക്കും. ഈ അസന്തുലിതാവസ്ഥ സംസ്ഥാനത്തെ സിവിൽ സർവീസിനെ സാരമായി ബാധിക്കും. അദ്ധ്യാപകരെയും ജീവനക്കാരെയും സർക്കാർ അവസരം കിട്ടുന്നിടത്തൊക്കെ അവഹേളിക്കുകയാണ്. ഭരണവിരുദ്ധ വികാരം ഇവരുടെ തലയിൽ കെട്ടിവച്ച് തടിയൂരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കെ സുധാകരൻ വിമർശിച്ചു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കാരണം പി.എസ്.സി വഴി നിയമനങ്ങൾ നടക്കുന്നില്ല. പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയേറ്റിനു മുന്നിൽ തലമുണ്ഡനം ചെയ്തും ആത്മഹത്യക്ക് ഒരുങ്ങിയും മുട്ടിലിഴഞ്ഞും സമരം ചെയ്യുകയാണ്. ഇതൊന്നും കാണാതെ കേരളീയം, നവകേരള സദസ്സ്, മുഖാമുഖം തുടങ്ങിയ പി.ആർ വർക്കുകൾക്കായി കോടികളാണ് സർക്കാർ പൊടിക്കുന്നത്. മന്ത്രി മന്ദിരം മോടി കൂട്ടാൻ കോടികൾ ചെലവാക്കുന്നതിന് പുറമെ സർക്കാരിന്റെ മുഖം മിനുക്കാനും അഴിമതി നടത്താനും ധൂർത്തിനും ആർഭാടത്തിനും ഖജനാവിലെ പണം കടത്തിക്കൊണ്ടു പോവുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി അനിൽ ആന്റണിയെ തെരഞ്ഞെടുത്തതിൽ പ്രതികരണവുമായി മുതിർന്ന നേതാവ് പി സി ജോർജ്. അനിൽ ആന്റണിക്ക് ആരുമായും ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആന്റണിയുടെ മകൻ എന്ന് പറഞ്ഞു മനസ്സിലാക്കണം. ആ ചെറുപ്പക്കാരൻ കോൺഗ്രസിന്റ മീഡിയ പ്രവർത്തനവുമായി ഡൽഹിയിലായിരുന്നു. പിന്നീടാണ് ബിജെപിയിൽ ചേർന്നത്. കേരളത്തിൽ ബിജെപി പ്രവർത്തകരുടെ ഇടയിൽ പോലും പ്രശസ്തനായ ഒരാളല്ലെന്ന് പി സി ജോർജ് അഭിപ്രായപ്പെട്ടു.

പത്തനംതിട്ടയിൽ ബിജെപി നേതൃത്വം ഒരു അന്വേഷണം നടത്തിയപ്പോൾ 95 ശതമാനം ആളുകളും സ്ഥാനാർഥിയായി പി.സി. ജോർജിന്റെ പേരാണ് പറഞ്ഞത്. അല്ലാതെ താൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കും. പത്തനംതിട്ട സീറ്റ് കിട്ടാത്തതിൽ നഷ്ടബോധം ഇല്ല. നിന്നാൽ ജയിക്കുമായിരുന്നെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും എന്ന് കേൾക്കുന്നു. ജയിപ്പിക്കാൻ പറ്റുമോ എന്ന് നോക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും നടത്തിയ ഗൂഢാലോചനയിൽ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കാൻ പാടില്ലായിരുന്നു. തുഷാർ കോട്ടയത്തു നിന്നാൽ ജയിപ്പിക്കാൻ ശ്രമിക്കും. ബിജെപിയുടെ സ്ഥാനാർഥി ആരായാലും ജയിപ്പിക്കാൻ പരമാവധി ശ്രമിക്കും. ദൈവം സാക്ഷിയായി പറയുകയാണ്. ഞാനൊരിക്കലും ആരോടും സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയിൽ ചേർന്നത് ജനുവരി 31നാണ്. പാർട്ടിയിൽ ചേർന്ന ഉടനെ സീറ്റ് വേണമെന്ന് പറയുന്നത് മര്യാദയല്ലെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.