Politics (Page 30)

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റുകളെ ചൊല്ലി കോൺഗ്രസിൽ തർക്കമെന്ന് റിപ്പോർട്ട്. അമേഠി-റായ്ബറേലി സീറ്റുകളെ ചൊല്ലി കോൺഗ്രസിൽ തർക്കമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റായ്ബറേലി സീറ്റിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി നിർദ്ദേശം വച്ചെന്നാണ് സൂചന. രാഹുൽ ഗാന്ധിക്കും റായ്ബറേലി സീറ്റിൽ മത്സരിക്കാൻ താല്പര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ആശയക്കുഴപ്പം കാരണം രണ്ടു സീറ്റുകളിലും അന്തിമ തീരുമാനം എടുക്കാനാകാതെ കോൺഗ്രസ് നേതൃത്വം കുഴങ്ങുകയാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

അമേഠി സീറ്റിൽ റോബർട്ട് വദ്രയും അവകാശ വാദം ഉന്നയിക്കുന്നുണ്ട്. നേരത്തെ റോബർട്ട് വദ്രയുടെ ആവശ്യം എഐസിസി തള്ളിയിരുന്നെങ്കിലും ആവശ്യത്തിൽ വദ്ര ഉറച്ചുനിൽക്കുകയാണെന്നാണ് സൂചനകൾ. വയനാടിന് പുറമെ അമേഠിയിൽ കൂടി മത്സരിക്കുന്നതിൽ നേരത്തെ എഐസിസി രാഹുൽ ഗാന്ധിയുടെ നിലപാട് തേടിയിരുന്നു. ഇതിനിടെയാണിപ്പോൾ റായ്ബറേലിയിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന രാഹുൽ ഗാന്ധി അറിയിച്ചതായുള്ള റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്.

കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം അമേഠി-റായ്ബറേലി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് എഐസിസി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

കണ്ണൂർ: ഇപി ജയരാജനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണെന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്. ശോഭ സുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നുവെന്നും പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.

ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചാണ്. ചർച്ചക്ക് മാധ്യസ്ഥൻ ഉണ്ട്. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പാർട്ടിക്ക് അകത്തു ഇ പി അസ്വസ്ഥനാണ്. പാർട്ടി സെക്രട്ടറി ആവാത്തത്തിൽ നിരാശനായിരുന്നു. ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ പി ജയരാജന് പിണറായിയുമായി നല്ല ബന്ധമില്ല. രാജീവ് ചന്ദ്രശേഖരും ശോഭയും ആണ് ചർച്ചക്ക് മധ്യസ്ഥം വഹിച്ചതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. കഴിഞ്ഞ 40 വർഷമായി താൻ തിരുവനന്തപുരത്തുകാരനാണെന്നും ശശി തരൂരിനെ പോലെ പൊട്ടി വീണതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടയ്ക്കിടെ വന്നുപോകുന്ന അദ്ദേഹത്തെ പോലെയല്ല, ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണ് താനെന്നാണ് പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കുന്നത്.

തരൂർ ചോദിക്കുന്നത് പന്ന്യന് എന്ത് ധൈര്യമാണെന്നാണ്. തനിക്കെന്താ ധൈര്യത്തിന് കുറവ്. താൻ ഒന്നാം സ്ഥാനത്താണ്. വാനോളമാണ് പ്രതീക്ഷ. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ബിജെപി – യുഡിഎഫ് മത്സരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രൗണ്ട് റിയാലിറ്റിയാണ് താൻ പറഞ്ഞത്. അത് തന്നെയാണ് ഗോവിന്ദൻ മാഷും പറഞ്ഞതെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു. എൽഡിഎഫും ബിജെപിയും തമ്മിലാണ് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരമെന്ന് പന്ന്യൻ രവീന്ദ്രൻ കഴിഞ്ഞ ദിവസവും അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായത്തിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. പന്ന്യൻ പറഞ്ഞതിൽ തെറ്റില്ല, ഇടതിന്റെ മുഖ്യ എതിരാളി ആർഎസ്എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നായിരുന്നു ബിനോയ് വിശ്വം അറിയിച്ചത്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുസ്ലീം മതവിഭാഗത്തിനെതിരായി വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ട് വച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമനില തെറ്റിയുള്ള പ്രസംഗമാണ് മോദി നടത്തിയത്. അത് തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുൽ ഗാന്ധിയെക്കുറിച്ച് പി വി അൻവർ പറഞ്ഞത് രാഷ്ട്രീയ ഡിഎൻഎയെപ്പറ്റിയാണെന്നും ജൈവികമായ ഡിഎൻഎയെക്കുറിച്ചല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഈ തിരഞ്ഞെടുപ്പിൽ ബിജെപി പിന്നോട്ട് പോകും. 200 സീറ്റ് തികച്ച് കിട്ടില്ല. കൈ ക ശൈലജക്കെതിരെ നടന്ന അശ്ലീല പ്രചാരണത്തിന് ജനം വിധിയെഴുതും. കെ കെ ശൈലജയ്ക്കെതിരായ അശ്ലീല പ്രചാരണം യുഡിഎഫ് പ്ലാൻ ചെയ്ത് ചെയ്തതാണ്. മോർഫ് ചെയ്ത ചിത്രങ്ങളും എഡിറ്റ് ചെയ്ത വീഡിയോകളും ഉൾപ്പെടെ കുടുംബ ഗ്രൂപ്പുകളിലേക്ക് അയച്ച യുഡിഎഫിന്റെ അശ്ലീല സംഘത്തെ വാനോളം പുകഴ്ത്താനാണ് വിഡി സതീശനും വടകര സ്ഥനാർത്ഥി ഷാഫി പറമ്പിലും തയ്യാറായതെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഈ അക്രമത്തെ ജനങ്ങൾ ശക്തിയായി എതിർക്കും. അശ്ലീലംകൊണ്ട് ഏതെങ്കിലും മണ്ഡലം ജയിക്കാമെന്നുള്ള പ്രതീക്ഷ വേണ്ട. വോട്ടെടുപ്പിന് മുമ്പ് കേരളത്തിൽ ജയിക്കുന്ന ആദ്യത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങൾ കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നു എന്ന മോദിയുടെ വിവാദ പരാമർശത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായിപ്പോയി. പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രം വായിക്കണം. രാജ്യത്തെ ഒറ്റക്കെട്ടായി നിർത്താൻ പഠിക്കണം. രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്. തനിക്ക് അഞ്ച് കുട്ടികളുണ്ടെന്നും അവരെ അധ്വാനിച്ചാണ് വളർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദി ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ തരുമെന്നും വിദേശത്ത് കോൺഗ്രസ് നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. എന്നിട്ട് എവിടെ ആ പണം. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ്. എവിടെ കർഷകരുടെ ഇരട്ടിയായ വരുമാനമെന്ന് ഖാർഗെ ചോദിച്ചു.

ഇപ്പോൾ അദ്ദേഹം വീണ്ടും പറയുന്നു മോദിയുടെ ഗ്യാരണ്ടിയെന്ന്. എന്താണ് മോദിയുടെ ഗ്യാരണ്ടി. അദ്ദേഹം നടപ്പിൽവരുത്തുമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പിലാക്കാതിരിക്കുക എന്നതാണ് മോദിയുടെ ഗ്യാരണ്ടി. വോട്ടർമാരിൽ നിന്ന് കോൺഗ്രസിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതിനെ മോദി ഭയക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം നിരന്തരം കോൺഗ്രസിനെ വിമർശിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഒന്നുമല്ലെങ്കിൽ പിന്നെ എന്തിനാണ് മോദി നിരന്തരം കോൺഗ്രസിനെ വിമർശിക്കുന്നത്. അഴിമതിയോട് സന്ധി ചെയ്യില്ലെന്നു പറയുകയും മറുവശത്ത് അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയും ചെയ്യുന്നു. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. അഴിമതിയോട് സന്ധി ചെയ്യില്ലെന്ന് പറയുന്നവർ മറുവശത്ത് അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലം: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് കേരളത്തിൽ ചരിത്ര വിജയം നേടുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ എല്ലാ നിയന്ത്രണവും വിട്ടുകൊണ്ടുള്ള പ്രചരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിൽ നടക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ പി.വി. അൻവർ നടത്തിയ അത്യന്തംഹീനമായ പ്രസ്താവന മുഖ്യമന്ത്രി ന്യായീകരിച്ചു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് ഹീനവും ക്രൂരവും നിലവാരവും ഇല്ലാത്ത പ്രസ്താവന രാഹുൽ ഗാന്ധിക്കെതിരെ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

മര്യാദയ്ക്ക് ജീവിക്കുന്ന ആളുകളുടെ വീടിന് മുന്നിലേക്ക് കള്ള് വാങ്ങിക്കൊടുത്ത് ചട്ടമ്പികളെ അയച്ച് അസഭ്യവർഷം നടത്തുന്നതിന്റെ ആധുനിക കാലത്ത് പുനരവതരണമാണ് പി.വി അൻവറിലൂടെ പിണറായി വിജയൻ നിർവഹിച്ചിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. വാക്കത്തിയോടും കോടാലിയോടുമല്ല, അത് ഉപയോഗിച്ച് വെട്ടുന്നവരോടാണ് പോരാടോണ്ടത്. അതുകൊണ്ട് പിണറായി വിജയനോടാണ് പോരാടേണ്ടത്. ചിലർക്ക് നെഗറ്റീവ് വാർത്ത ആയാലും മാധ്യമങ്ങളിൽ നിറഞ്ഞു നിന്നാൽ മതിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിയെ മാത്രമല്ല ആ കുടുംബത്തെ ഒന്നാകെയാണ് സിപിഎം അപമാനിച്ചത്. രാജീവ് ഗാന്ധിയോടും സോണിയ ഗാന്ധിയോടുമുള്ള ക്രൂരമായ അപമാനമാണിത്. ഇതേ അൻവറിനെ ഉപയോഗിച്ച് പിണറായി വിജയൻ തനിക്കെതിരെയും 150 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതി കൊട്ടയിലിട്ടു. ആർക്കെതിരെയും എന്തും പറയിപ്പിക്കാവുന്ന ആയുധമാണ് അൻവർ. അയാളെ ഞാൻ ഒന്നും പറയുന്നില്ല. കാരണം മുഖ്യമന്ത്രിയാണ് ഇതിനൊക്കെ പിന്നിൽ പ്രവർത്തിച്ചതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം: ടി ജി നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി ലോകസ്ഭാ തെരഞ്ഞെടുപ്പിലെ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാറിന് പിന്നിൽ കോൺഗ്രസാണെന്ന് അനിൽ ആന്റണി പറഞ്ഞു. നന്ദകുമാർ ഉന്നയിച്ച ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു.

താൻ ആരുടെയും പണം വാങ്ങിയിട്ടില്ല. നന്ദകുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് സംസ്ഥാന ദേശീയ നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. നന്ദകുമാർ 2016 ൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നുവെന്നും അനിൽ ആന്റണിആരോപിച്ചു.

തെരഞ്ഞെടുപ്പിനു ശേഷം നിയമ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിനു ശേഷം ചില കാര്യങ്ങൾ വെളിപ്പെടുത്താനുണ്ട്. തന്റെ പ്രചാരണം അട്ടിമറിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. പത്തനംതിട്ടയിൽ മാധ്യമങ്ങൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നു. ബിലീവേഴ്‌സ് ചർച്ച് തനിക്ക് പിന്തുണ പ്രഖ്യാപിച്ചത് വാർത്തയായില്ല. തനിക്ക് അനുകൂലമായുള്ള വാർത്തകൾ ഒതുക്കുകയാണെന്നും അനിൽ ആന്റണി ആരോപിച്ചു.

അനിൽ ആന്റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവുകളുമായി ടിജി നന്ദകുമാർ രംഗത്തെത്തിയിരുന്നു. കാൾ ലെറ്ററിന്റ പകർപ്പും അനിൽ ആന്റണിക്ക് എതിരെ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത എഫ്‌ഐആറും തന്നെ ബന്ധപ്പെട്ട മൊബൈൽ നമ്പറുകളുമാണ് ടിജി നന്ദകുമാർ പുറത്തുവിട്ടത്. ഇതിനൊപ്പം പണം വാങ്ങാൻ വന്നപ്പോൾ ഉപയോഗിച്ച കാർ നമ്പറും ടിജി നന്ദകുമാർ പുറത്തുവിട്ടു. ഇതി്‌ന് പിന്നാലെയാണ് അനിൽ ആന്റണിയുടെ പ്രതികരണം.

തിരുവനന്തപുരം: കാപട്യം തൊട്ടുതീണ്ടാത്ത മനുഷ്യനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുൻമന്ത്രി കെ ടി ജലീൽ. യുഡിഎഫ് നേതാക്കളെപ്പോലെ ഒന്ന് പറയുകയും അതിന് നേർവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്വഭാവം പിണറായിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അഭിനയം ഒട്ടുമേ അറിയാത്ത നേതാവാണ് പിണറായി. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാൻ കഴിയുന്ന ഭരണകർത്താവ് പിണറായിയെപ്പോലെ മറ്റൊരാളില്ല. പിണറായി വിജയനെ അടുത്തറിയുന്നവരുടെ അനുഭവ സാക്ഷ്യമാണിത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് ചെയ്യുന്ന ഓരോ വോട്ടും പിണറായിയിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാനുള്ള വോട്ടാണ്. അതൊരിക്കലും പാഴാവില്ലെന്നും ജലീൽ അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ജലീലിന്റെ പരാമർശം.

സിഎഎ കേസുകൾ പിൻവലിച്ചതിന്റെ വിവരങ്ങളും ജലീൽ പങ്കുവെച്ചിട്ടുണ്ട്. സർക്കാർ പുറപ്പെടുവിച്ച പൊതു ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടി അവസാനിപ്പിച്ച കേസുകളുടെ ആകെ എണ്ണം 260 ആണെന്ന് ജലീൽ ചൂണ്ടിക്കാട്ടുന്നു. ആകെ രജിസ്റ്റർ ചെയ്തത് 835 കേസുകളാണെന്നും , ഇവയിൽ 283 കേസുകൾ കോടതി തീർപ്പാക്കിയെന്നും ജലീൽ പറഞ്ഞു.

നിലവിൽ കോടതിയുടെ പരിഗണനയിലുള്ള 205 കേസുകളിൽ 84 എണ്ണത്തിൽ സർക്കാർ നിരാക്ഷേപപത്രം നൽകിക്കഴിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

CAA കേസുകൾ പിൻവലിച്ചതിന്റെ പൂർണ്ണ വിവരം.

1) CAA ആകെ റജിസ്റ്റർ ചെയ്ത കേസുകൾ: 835
2) സർക്കാർ പുറപ്പെടുവിച്ച പൊതു ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോലീസ് തുടർനടപടി അവസാനിപ്പിച്ച കേസുകളുടെ ആകെ എണ്ണം: 260
3) കോടതി തീർപ്പാക്കിയ കേസുകളുടെ എണ്ണം: 283
4) നിരാക്ഷേപ പത്രത്തിന്റ അടിസ്ഥാനത്തിൽ പിൻവലിച്ച കേസുകളുടെ എണ്ണം: 86
5) കോടതിയുടെ പരിഗണനയിലുള്ള കേസുകൾ: 205
അന്വേഷണ ഘട്ടത്തിലുള്ളത്: 1
6) ആകെ പിൻവലിച്ച കേസുകൾ (260 + 283): 543
7) ആകെ നിരാക്ഷേപപത്രം നൽകിക്കഴിഞ്ഞ കേസുകൾ: 204

നിലവിൽ കോടതിയുടെ പരിഗണനയിലുള്ള 205 കേസുകളിൽ 84 എണ്ണത്തിൽ സർക്കാർ നിരാക്ഷേപപത്രം നൽകിക്കഴിഞ്ഞതാണ്.

ഇതാണ് സത്യമെന്നിരിക്കെ ‘ചിലർ’ നടത്തുന്ന ദുഷ്പ്രചരണം ഇലക്ഷൻസ്റ്റണ്ട് മാത്രമാണ്. പിണറായി വിജയൻ ഒരു വാക്ക് പറഞ്ഞാൽ വാക്കാണ്. ഏത് മതസമുദായങ്ങൾക്കും അദ്ദേഹത്തെ കണ്ണുമടച്ച് വിശ്വസിക്കാം. ആരുടെ മുഖത്ത് നോക്കിയും കാര്യങ്ങൾ വെട്ടിത്തുറന്ന് പറയും. ഒരാളെയും കൂസില്ല. സുഖിപ്പിക്കൽ വർത്തമാനം തീരെ അറിയില്ല. കാപട്യം തൊട്ടുതീണ്ടാത്ത മനുഷ്യൻ. യു.ഡി.എഫ് നേതാക്കളെപ്പോലെ ഒന്ന് പറയുകയും അതിന് നേർവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്വഭാവം പിണറായിക്കില്ല. അഭിനയം ഒട്ടുമേ അറിയാത്ത നേതാവാണ് പിണറായി. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാൻ കഴിയുന്ന ഭരണകർത്താവ് പിണറായിയെപ്പോലെ മറ്റൊരാളില്ല. പിണറായി വിജയനെ അടുത്തറിയുന്നവരുടെ അനുഭവ സാക്ഷ്യമാണിത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് ചെയ്യുന്ന ഓരോ വോട്ടും പിണറായിയിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാനുള്ള വോട്ടാണ്. അതൊരിക്കലും പാഴാവില്ല.

മാലെ: മാലദ്വീപിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് മൊഹമ്മദ് മുയിസുവിന്റെ പാർട്ടി പീപിൾസ് നാഷണൽ കോൺഗ്രസ് (പി.എൻ.സി) വൻ വിജയം കരസ്ഥമാക്കി. 93 അംഗ സഭയിൽ 86 സീറ്റിലേക്കുള്ള ആദ്യഘട്ട ഫലമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ടത്. പി.എൻ.സിയാണ് ഇതിൽ 70 സീറ്റും നേടിയിരിക്കുന്നത്.

15 സീറ്റുകൾ മാത്രമാണ് മുഖ്യപ്രതിപക്ഷ പാർട്ടിയും ഇന്ത്യ അനുകൂല നിലപാടുള്ളവരുമായ മാലദീവിയൻ ഡെമോക്രാറ്റിക് പാർട്ടി (എം.ഡി.പി.) ഇപ്പോൾ നേടിയിരിക്കുന്നത്.

ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നിലപാടുകളുടെ വക്താവാണ് മുയിസു. അധികാരത്തിലെത്തിയതിന് പിന്നാലെ മുയിസു ഇന്ത്യാവിരുദ്ധവും ചൈനീസ് അനുകൂലവുമായ നയങ്ങൾ സ്വീകരിക്കുകയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 1192 ദ്വീപുകളുടെ ശൃംഖലയാണ് മാലദ്വീപ്. കഴിഞ്ഞ സെപ്റ്റംബറിലാണ് പീപ്പിൾസ് നാഷണൽ കോൺഗ്രസ് (പി.എൻ.സി.) നേതാവായ മുയിസു അധികാരത്തിലെത്തിയത്.

തിരുവനന്തപുരം: പ്രകടനപത്രികയിൽ പരാമർശിച്ചിട്ടില്ലെങ്കിലും സിഎഎ റദ്ദാക്കുകയാണ് കോൺഗ്രസ് ലക്ഷ്യമെന്ന് മുതിർന്ന നേതാവ് പി ചിദംബരം. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിൽത്തന്നെ വിവാദമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി നിയമം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പരാമർശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം ആരോപണം ഉന്നയിക്കുന്നു. പ്രകടനപത്രിക നീണ്ടുപോയതിനാലാണ് വിഷയം ഒഴിവാക്കിയത്. കഴിഞ്ഞ പത്ത് വർഷം ബിജെപി തങ്ങളുടെ ഭൂരിപക്ഷം ദുരുപയോഗം ചെയ്തത് രാജ്യത്തിന് വലിയ നഷ്ടം വരുത്തിവച്ചെന്നും അദ്ദേഹം അറിയിച്ചു.

താൻ പ്രകടനപത്രിക കമ്മിറ്റിയുടെ ചെയർമാനാണ്. അഞ്ച് നിയമങ്ങൾ പൂർണമായും റദ്ദ് ചെയ്യപ്പെടും. പൗരത്വഭേദഗതി നിയമം ഭേദഗതിചെയ്യുന്നതിന് പകരം തീർച്ചയായും റദ്ദാക്കും. സംസ്ഥാന തിരഞ്ഞെടുപ്പെന്ന മട്ടിലാണ് പിണറായി കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ദേശീയതലത്തിൽ ബിജെപിക്കെതിരെ പോരാടാനും ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനും കോൺഗ്രസാണ് മികച്ചത്. സിപിഎം ഒരു ഒറ്റ സംസ്ഥാന പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.