കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; പി ചിദംബരം

തിരുവനന്തപുരം: പ്രകടനപത്രികയിൽ പരാമർശിച്ചിട്ടില്ലെങ്കിലും സിഎഎ റദ്ദാക്കുകയാണ് കോൺഗ്രസ് ലക്ഷ്യമെന്ന് മുതിർന്ന നേതാവ് പി ചിദംബരം. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിൽത്തന്നെ വിവാദമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി നിയമം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ പ്രകടനപത്രികയിൽ പരാമർശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ നിരന്തരം ആരോപണം ഉന്നയിക്കുന്നു. പ്രകടനപത്രിക നീണ്ടുപോയതിനാലാണ് വിഷയം ഒഴിവാക്കിയത്. കഴിഞ്ഞ പത്ത് വർഷം ബിജെപി തങ്ങളുടെ ഭൂരിപക്ഷം ദുരുപയോഗം ചെയ്തത് രാജ്യത്തിന് വലിയ നഷ്ടം വരുത്തിവച്ചെന്നും അദ്ദേഹം അറിയിച്ചു.

താൻ പ്രകടനപത്രിക കമ്മിറ്റിയുടെ ചെയർമാനാണ്. അഞ്ച് നിയമങ്ങൾ പൂർണമായും റദ്ദ് ചെയ്യപ്പെടും. പൗരത്വഭേദഗതി നിയമം ഭേദഗതിചെയ്യുന്നതിന് പകരം തീർച്ചയായും റദ്ദാക്കും. സംസ്ഥാന തിരഞ്ഞെടുപ്പെന്ന മട്ടിലാണ് പിണറായി കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ദേശീയതലത്തിൽ ബിജെപിക്കെതിരെ പോരാടാനും ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനും കോൺഗ്രസാണ് മികച്ചത്. സിപിഎം ഒരു ഒറ്റ സംസ്ഥാന പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.