ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നത്; മല്ലികാർജുൻ ഖാർഗെ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജാതിയുടെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണ് മോദി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങൾ കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നു എന്ന മോദിയുടെ വിവാദ പരാമർശത്തെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായിപ്പോയി. പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രം വായിക്കണം. രാജ്യത്തെ ഒറ്റക്കെട്ടായി നിർത്താൻ പഠിക്കണം. രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കൂടുതൽ കുട്ടികൾ ഉണ്ടാകുന്നത്. തനിക്ക് അഞ്ച് കുട്ടികളുണ്ടെന്നും അവരെ അധ്വാനിച്ചാണ് വളർത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദി ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ തരുമെന്നും വിദേശത്ത് കോൺഗ്രസ് നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. എന്നിട്ട് എവിടെ ആ പണം. അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ്. എവിടെ കർഷകരുടെ ഇരട്ടിയായ വരുമാനമെന്ന് ഖാർഗെ ചോദിച്ചു.

ഇപ്പോൾ അദ്ദേഹം വീണ്ടും പറയുന്നു മോദിയുടെ ഗ്യാരണ്ടിയെന്ന്. എന്താണ് മോദിയുടെ ഗ്യാരണ്ടി. അദ്ദേഹം നടപ്പിൽവരുത്തുമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പിലാക്കാതിരിക്കുക എന്നതാണ് മോദിയുടെ ഗ്യാരണ്ടി. വോട്ടർമാരിൽ നിന്ന് കോൺഗ്രസിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇതിനെ മോദി ഭയക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം നിരന്തരം കോൺഗ്രസിനെ വിമർശിച്ചുകൊണ്ടിരിക്കുന്നത്. കോൺഗ്രസ് ഒന്നുമല്ലെങ്കിൽ പിന്നെ എന്തിനാണ് മോദി നിരന്തരം കോൺഗ്രസിനെ വിമർശിക്കുന്നത്. അഴിമതിയോട് സന്ധി ചെയ്യില്ലെന്നു പറയുകയും മറുവശത്ത് അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയും ചെയ്യുന്നു. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. അഴിമതിയോട് സന്ധി ചെയ്യില്ലെന്ന് പറയുന്നവർ മറുവശത്ത് അഴിമതിക്കാരായവരെ പാർട്ടിയിലേക്ക് ചേർക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.